+

മലപ്പുറത്ത് വീട്ടില്‍ പ്രസവിച്ച യുവതി മരിച്ച സംഭവം; പോസ്റ്റ്മോർട്ടം ഇന്ന്

പെരുമ്പാവൂർ സ്വദേശി അസ്മയുടെ പോസ്റ്റ്മോർട്ടം ആണ് ഇന്ന് നടക്കുക. കളമശേരി മെഡിക്കൽ കോളേജിൽ പോസ്റ്റുമോർട്ടം നടപടികൾക്ക് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുകൊടുക്കും.ഇന്നലെ പെരുമ്പാവൂർ താലൂക്ക് ആശുപത്രിയിലേക്ക് മാറ്റിയ മൃതദേഹം ഇന്നു രാവിലെ കളമശ്ശേരി മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോകും.  പ്രസവ വേദനയുണ്ടായിട്ടും ആശുപത്രിയില്‍ എത്തിക്കാതിരുന്നതിനാലാണ് പെരുമ്പാവൂര്‍ സ്വദേശി അസ്മ മരിച്ചതെന്നാണ് ബന്ധുക്കളുടെ പരാതി.

മലപ്പുറം : മലപ്പുറത്ത് വീട്ടിലെ പ്രസവത്തെ തുടർന്ന് ചികിത്സ കിട്ടാതെ മരിച്ച യുവതിയുടെ പോസ്റ്റ്മോർട്ടം ഇന്ന്. പെരുമ്പാവൂർ സ്വദേശി അസ്മയുടെ പോസ്റ്റ്മോർട്ടം ആണ് ഇന്ന് നടക്കുക. കളമശേരി മെഡിക്കൽ കോളേജിൽ പോസ്റ്റുമോർട്ടം നടപടികൾക്ക് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുകൊടുക്കും.ഇന്നലെ പെരുമ്പാവൂർ താലൂക്ക് ആശുപത്രിയിലേക്ക് മാറ്റിയ മൃതദേഹം ഇന്നു രാവിലെ കളമശ്ശേരി മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോകും.  പ്രസവ വേദനയുണ്ടായിട്ടും ആശുപത്രിയില്‍ എത്തിക്കാതിരുന്നതിനാലാണ് പെരുമ്പാവൂര്‍ സ്വദേശി അസ്മ മരിച്ചതെന്നാണ് ബന്ധുക്കളുടെ പരാതി. ഭര്‍ത്താവ് സിറാജുദ്ദീനെതിരായ പരാതിയില്‍ പെരുമ്പാവൂര്‍ പോലീസ് മൊഴിരേഖപ്പെടുത്തിയ ശേഷം കേസെടുത്തു.

യുവതിയുടെ അഞ്ചാമത്തെ പ്രസവമാണിതെന്ന് പോലീസ് പറഞ്ഞു. മൂന്ന് പ്രസവം ആശുപത്രിയില്‍വെച്ചും നാലാമത്തെ പ്രസവം വീട്ടില്‍ വെച്ചുമായിരുന്നുവെന്നും ബന്ധുക്കള്‍ പോലീസിനോട് പറഞ്ഞു. സിറാജുദ്ദീനെതിരായ പരാതിയില്‍ പെരുമ്പാവൂര്‍ പോലീസ് യുവതിയുടെ മാതൃസഹോദരന്റെ മൊഴിയെടുത്തു. കേസ് മലപ്പുറത്തെ പോലീസിനു കൈമാറുമെന്ന് പെരുമ്പാവൂര്‍ പോലീസ് അറിയിച്ചു. നവജാത ശിശു മെഡിക്കൽ കോളേജ് ആശുപത്രിയിലെ തീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സയിൽ ആണ്. 

മലപ്പുറം ചട്ടിപ്പറമ്പിലെ വാടക വീട്ടില്‍ ശനിയാഴ്ച്ചയാണ് പെരുമ്പാവൂര്‍ സ്വദേശിനി 35 കാരിയായ അസ്മ പ്രസവിച്ചത്. തുടര്‍ന്ന് അബോധാവസ്ഥയിലായ അസ്മയെ ഭര്‍ത്താവ് സിറാജുദ്ദീന്‍ ആശുപത്രിയിലെത്തിച്ചില്ലെന്നാണ് യുവതിയുടെ ബന്ധുക്കള്‍ നല്‍കിയ പരാതിയില്‍ പറയുന്നത്. യുവതി മരിച്ചുവെന്ന് മനസിലായതിനെത്തുടര്‍ന്ന് ആംബുലന്‍സ് വിളിച്ച് ഇയാള്‍ മൃതദേഹവും നവജാത ശിശുവിനെയും ഉള്‍പ്പടെ പെരുമ്പാവൂരില്‍ അസ്മയുടെ വീട്ടിലെത്തിക്കുകയായിരുന്നുവെന്നാണ് പോലീസ് പറയുന്നത്. ഭാര്യയ്ക്ക് ശ്വാസംമുട്ടല്‍ ഉണ്ടെന്ന് പറഞ്ഞാണ് സിറാജുദ്ദീന്‍ ആംബുലന്‍സ് വിളിച്ചതെന്ന് നാട്ടുകാര്‍ പറഞ്ഞു.

പ്രസവ വേദന വന്നിട്ടും യുവതിയെ ആശുപത്രിയില്‍ എത്തിക്കാതിരുന്നതിനെത്തുടര്‍ന്ന് അമിത രക്തസ്രാവം ഉണ്ടായെന്നും അതാണ് യുവതിയുടെ മരണത്തിന് കാരണമായതെന്നും പോലീസിന് വിവരം ലഭിച്ചു. ബന്ധുക്കളുടെ പരാതിയെത്തുടര്‍ന്ന് അസ്മയുടെ വീട്ടിലെത്തിയ പോലീസ് മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി പെരുമ്പാവൂര്‍ താലൂക്കാശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. കുഞ്ഞിനെ പെരുമ്പാവൂരിലെ സ്വകാര്യ ആശുപത്രിയിലേക്കും മാറ്റിയിരുന്നു.

facebook twitter