മഞ്ചേരിയിൽ ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട കൃഷ്ണപ്രിയയുടെ പിതാവ് ശങ്കരനാരായണൻ അന്തരിച്ചു

03:26 PM Apr 08, 2025 | AJANYA THACHAN

മലപ്പുറം : മഞ്ചേരിയിൽ ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട കൃഷ്ണപ്രിയയുടെ പിതാവ് ശങ്കരനാരായണൻ (75) അന്തരിച്ചു.  വാർദ്ധക്യ സഹജമായ അസൂഖത്തെ തുടർന്നായിരുന്നു മരണം. പതിമൂന്ന് വയസുകാരിയായിരുന്ന കൃഷ്ണപ്രിയയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ പ്രതിയുടെ കൊലപാതക കേസിൽ ശങ്കരനാരായണനെ കുറ്റവിമുക്തനായിരുന്നു.

തൻ്റെ ഏക മകളായ കൃഷ്ണപ്രിയയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ പ്രതിയെ ശങ്കരനാരായണൻ വെടിവെച്ചു കൊലപ്പെടുത്തി എന്നായിരുന്നു കേസ്. 2001 ഫെബ്രുവരി ഒന്‍പതിനാണ് കൃഷ്ണപ്രിയ കൊല്ലപ്പെട്ടത്. അയല്‍വാസിയായ എളങ്കൂര്‍ ചാരങ്കാവ് കുന്നുമ്മല്‍ മുഹമ്മദ് കോയ ആയിരുന്നു പ്രതി. 

ജാമ്യത്തിലിറങ്ങിയ പ്രതിയെ 2002 ജൂലായ് 27ന് ആണ് ശങ്കരനാരായണൻ കൊലപ്പെടുത്തിയെന്ന് ചൂണ്ടികാട്ടിയായിരുന്നു കേസെടുത്തത്. സെഷൻസ് കോടതി ജീവപര്യന്തം ശിക്ഷ വിധിച്ചെങ്കിലും കേസ് ഹൈക്കോടതിയിൽ എത്തിയപ്പോൾ തെളിവുകളുടെ അഭാവത്തിൽ ശങ്കരനാരായണനെ വെറുതെവിടുകയായിരുന്നു.