കലാമാമാങ്കത്തിന് കൊടിയിറങ്ങി: സീസോണ് കലോത്സവത്തിന് സമാപനം

10:55 PM Jan 24, 2025 | Litty Peter

കൊണ്ടോട്ടി: അഞ്ചുദിവസം നീണ്ടുനിന്ന കലാമാമാങ്കത്തിന് ഇ.എം.ഇ.എ കോളേജിലെ മഹാഗണി പാർക്കിലെ സി എച്ച് മുഹമ്മദ് കോയ വേദിയിൽ തിരശ്ശീല വീണു. കലയെ കൈവിടാതെ, ജീവിത കാലം മുഴുവൻ കലയാൽ ലോകം മുഴുവൻ അറിയപ്പെടാൻ കഴിയട്ടെ എന്ന് സമാപന സംഗമം ഉദ്ഘാടനം ചെയ്തു ഇ. എം.ഇ.എ കോളേജ് പ്രിൻസിപ്പൽ റിയാദ്  ആശംസിച്ചു. വിജയികൾക്കുള്ള കെ.മുഹമ്മദുണ്ണി ഹാജി മെമ്മോറിയൽ ട്രോഫിയും കൈമാറി.

മനുഷ്യനെ തമ്മിൽ അടുപ്പിക്കുന്ന സർഗാത്മകമായ കഴിവുകളും സഹൃദയത്വവും കൈവിടാതെ കലാകാരന്മാരും കലാകാരികളുമായി തുടരാൻ കഴിയട്ടെയെന്നു സമാപന സംഗമത്തിലെ മുഖ്യാതിഥിയായി സംസാരിച്ച ഹരി പ്രിയ ആശംസിച്ചു. കലോത്സവം കഴിഞ്ഞു മടങ്ങിയ മത്സരാർഥികളും രക്ഷിതാക്കളും കാണികളും ഒരുപോലെ സമ്മതിച്ചത് ഒരേയൊരു കാര്യ.. സംഘാടനം കലക്കി. ഇ. എം.ഇ. എ കോളേജിൽ  നടന്ന സീസണ് കലോത്സവത്തിന്റെ പൊലിമ കൂട്ടുന്നതായിരുന്നു സംഘാടനത്തിലെ മികവ്.

5 ദിവസം 100ഓളം ഇനങ്ങളിൽ നാലായിരത്തോളം വിദ്യാർഥികളാണ് മത്സരിച്ചത്. 96 വിഭാഗത്തിൽ മത്സരം പൂർത്തിയാകുമ്പോൾ 247
പോയിന്റുമായി മമ്പാട് എം.ഇ. എസ്  കോളേജ് ഒന്നാം സ്ഥാനത്തും ,190 പോയിന്റുമായി കാലിക്കറ്റ് യൂണിവേഴ്‌സിറ്റി ക്യാമ്പ്സ് രണ്ടാം സ്ഥാനത്തും,
 ,178 പോയിന്റുമായി പി.എസ്.എം.ഒ കോളേജ് മൂന്നാം സ്ഥാനവും, 99 പോയിന്റുമായി ആതിഥേയരായ ഇ. എം.ഇ. എ കോളേജ് നാലാം സ്ഥാനം നിലനിർത്തി.

പരാതികൾ ഇല്ലാതെ ഭംഗിയായി കലോത്സവം സംഘടിപ്പിച്ചതിനു യൂണിവേഴ്‌സിറ്റി വൈസ് ചാൻസലർ ഉൾപ്പെടെ സംഘാടകരെ  അഭിനന്ദിച്ചു. കലോത്സവത്തിന്റെ സുഗമമായ നടത്തിപ്പില്‍ പ്രധാന പങ്ക് വഹിച്ച വിവിധ കമ്മിറ്റി അംഗങ്ങൾ, ഹരിത കര്‍മ്മസേന, പന്തല്‍, ലൈറ്റ് ആന്‍ഡ് സൗണ്ട്‌സ്,കോളേജ് മാനേജ്‌മെന്റ്, അദ്ധ്യാപകർ, നാട്ടുകാർ,പത്രപ്രവർത്തകർ,വിവിധ ക്ലബുകൾ ,നിയമപാലകർ, തുടങ്ങിയവരെയും ചടങ്ങില്‍ ജനറൽ കൺവീനർ പി. കെ.മുബശ്ശിർ അഭിനന്ദിച്ചു.

മത്സരാർഥികൾക്ക് വേദികൾ അന്വേഷിച്ച് ഓടേണ്ടി വന്നില്ല. മത്സരങ്ങൾ കൃത്യസമയത്ത് നടത്താനും കഴിഞ്ഞു. നാലിടത്തായി വിപുലമായ പാർക്കിങ് സൗകര്യവും ഒരുക്കിയിരുന്നു. ദൂരെ ജില്ലകളിൽ നിന്ന് എത്തിയവർക്ക് താമസസൗകര്യം ഉൾപ്പെടെ ലഭ്യമാക്കി. നൂറോളം വിധികർത്താക്കളാണ് മത്സരത്തിനു എത്തിയത്.

5 ഡോക്ടറും 2 നഴ്സുമാരും അടങ്ങിയ ഡോ. അനസിന്റെ നേതൃത്വത്തിൽ എം.എസ്.എഫ് മെഡി ടീം മുഴുവൻ സമയവും പ്രവർത്തിച്ചു. 2 ആംബുലൻസ് ഉൾപ്പെടെ പ്രവർത്തന സജ്ജമായിരുന്നു. ആരോഗ്യകരമായ മത്സരങ്ങളാണ് കലോത്സവത്തില്‍ അരങ്ങേറിയത് തെറ്റായ ഒരു പ്രവണതയും പ്രോത്സാഹിപ്പിക്കാതെ വിദ്യാര്‍ഥികളും അധ്യാപകരും രക്ഷിതാക്കളും കലോത്സവത്തിന്റെ അന്തസ്സ് ഉള്‍ക്കൊണ്ട് ഏറ്റെടുത്ത മഹോത്സവമായിരുന്നു സമാപിച്ചത്.

കലോത്സവം അക്ഷരാർഥത്തിൽ വിദ്യാർഥികളുടെ ഉത്സവമാക്കി മാറ്റാൻ കഴിഞ്ഞെന്നും അടുത്ത വർഷം കൂടുതൽ വിപുലമാക്കാനാണ് ലക്ഷ്യമിടുന്നത് എന്നും കലോത്സവ കമ്മിറ്റി പ്രോഗ്രാം കൺവീനർ കബീർ മുതുപറബ് പറഞ്ഞു.