വാഴക്കാട്( മലപ്പുറം): വാഴക്കാട് ഗ്രാമ പഞ്ചായത്തിലെ മഹാത്മാഗാന്ധി ദേശീയ തൊഴിലുറപ്പ് പദ്ധതി നടത്തിപ്പിലെ ക്രമക്കേടുമായി ബന്ധപ്പെട്ട് ഓംബുഡ്സ്മാൻ നടത്തിയ അന്വേഷണത്തിൽ കുറ്റക്കാരെന്നു കണ്ടെത്തിയ 5 ഉദ്യോഗസ്ഥർക്കെതിരെ നടപടി എടുക്കാത്തതിൽ പ്രതിഷേധിച്ചു സിപിഐഎം നേതൃത്വത്തിൽ വാഴക്കാട് പഞ്ചായത്ത് ഓഫീസിലേക്ക് മാർച്ച് നടത്തി. പഞ്ചായത്തിലെ വാലില്ലാപ്പുഴ കണ്ണതുംപാറ റോഡിൽ കാളികുളങ്ങര ഭാഗത്തു ഡ്രൈനെജ് നിർമ്മിച്ചതിലാണ് ക്രമക്കേട് നടന്നതായി ഓംബുഡ്സ്മാൻ അന്വേഷണത്തിൽ കണ്ടെത്തിയത്.
ഡ്രൈനെജ് നിർമ്മാണം പൂർത്തിയായി ദിവസങ്ങൾക്കകം തകർന്നതിനെതുടർന്ന് നാട്ടുകാർ നൽകിയ പരാതിയിൽ നടത്തിയ അന്വേഷണത്തിൽ ആണ് അഴിമതി നടന്നതായി തെളിഞ്ഞത്.വാഴക്കാട് ഗ്രാമ പഞ്ചായത്ത് തൊഴിലുറപ്പ് പദ്ധതി എഞ്ചിനീയർ, ഓവർസിയർ, ബ്ലോക്ക് ഓവർസിയർ, ബ്ലോക്ക് ജോയിന്റ് ഓവർസിയർ, ബ്ലോക്ക് ജോയിന്റ് ബി ഡി ഓ, വാഴക്കാട് പഞ്ചായത്ത് അസിസ്റ്റന്റ് സെക്രട്ടറി എന്നിവർക്കെതിരെയാണ് വകുപ്പ് തല നടപടിക്ക് ഓം ബുഡ്സ് മാൻ ശുപാർശ ചെയ്തത്.
ഗ്രാമപഞ്ചായത്തിന്റെ കീഴിൽ നടക്കുന്ന വികസന പ്രവർത്തനങ്ങളിൽ വൻ അഴിമതി നടക്കുന്നുണ്ട് എന്ന് സിപിഐഎം എടവണ്ണപ്പാറ ലോക്കൽ സെക്രട്ടറി വി .രാജഗോപാലൻ മാസ്റ്റർ ആരോപിച്ചു. പഞ്ചായത്തിന്റെ കീഴിൽ നടക്കുന്ന എല്ലാ പ്രവർത്തനങ്ങളും അന്വേഷണ വിധേയമാക്കണമെന്ന് മാർച്ച് ഉദ്ഘാടനം ചെയ്ത് സംസാരിച്ച സിപിഐഎം കൊണ്ടോട്ടി ഏരിയ സെക്രട്ടറി പി കെ മോഹൻദാസ് ആവശ്യപ്പെട്ടു.
സിപിഐഎം വാഴക്കാട് ലോക്കൽ സെക്രട്ടറി പി കെ ഫൈസൽ അധ്യക്ഷത വഹിച്ചു. പരിപാടിയിൽ ഏരിയ കമ്മിറ്റി അംഗം എ പി മോഹൻദാസ്, എടവണ്ണപ്പാറ ലോക്കൽ കമ്മിറ്റി അംഗം ഭാസ്കരൻ മാസ്റ്റർ എന്നിവർ സംസാരിച്ചു. വാഴക്കാട് ലോക്കൽ കമ്മിറ്റി അംഗം ഡോക്ടർ എ പി ഫയാസ് നന്ദി പറഞ്ഞു