+

മലപ്പുറത്ത് അകാലത്തിൽ വിട പറഞ്ഞ പ്രിയപ്പെട്ട കൂട്ടുകാരന്റെ വീട്ടിൽ ഒത്തുചേർന്ന് സഹപാഠികൾ

വാഴക്കാട് ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂൾ 9 ജെ ക്ലാസിലെ വിദ്യാർഥികളും അധ്യാപകരും  അവരുടെ ഏറ്റവും പ്രിയപ്പെട്ട കൂട്ടുകാരനായിരുന്ന ഷാദാബിന്റെ വീട്ടിലെത്തി. സ്കൂളിലും പുറത്തും നിറഞ്ഞുനിന്നിരുന്ന പ്രതിഭ ഒരുനാൾ പെട്ടെന്ന് മാഞ്ഞുപോയതിന്റെ ആഘാതത്തിലാണ് അവരിപ്പോഴും

എടവണ്ണപ്പാറ : വാഴക്കാട് ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂൾ 9 ജെ ക്ലാസിലെ വിദ്യാർഥികളും അധ്യാപകരും  അവരുടെ ഏറ്റവും പ്രിയപ്പെട്ട കൂട്ടുകാരനായിരുന്ന ഷാദാബിന്റെ വീട്ടിലെത്തി. സ്കൂളിലും പുറത്തും നിറഞ്ഞുനിന്നിരുന്ന പ്രതിഭ ഒരുനാൾ പെട്ടെന്ന് മാഞ്ഞുപോയതിന്റെ ആഘാതത്തിലാണ് അവരിപ്പോഴും.ഒന്പതാം ക്ലാസ് കഴിഞ്ഞ് SSLC യ്ക്ക് തയ്യാറെടുക്കുന്ന കൂട്ടുകാർക്ക് അവരുടെ കൂടെയുണ്ടായിരുന്ന മിടുക്കനായ ഷാദാബിനെ മറക്കാനാവില്ല.വാർഷിക പരീക്ഷ യും അവധിയും വരാനിരിക്കെ അവരൊരിക്കൽ കൂടി ഷാദാബിന്റെ വീട്ടിൽ ഒത്തു ചേർന്നു.
 
   വാഴക്കാട് ഗവ ഹയർസെക്കൻഡറി സ്കൂളിലെ 9 ജെ ക്ലാസിലെ വിദ്യാർഥികളും അധ്യാപകരുമാണ് ക്ലാസധ്യാപകൻ ഷമീറിന്റെ നേതൃത്വത്തിൽ മൂന്ന് മാസത്തിന് ശേഷം ആ പതിനാലുകാരന്റെ  ഒർമ്മകളുമായി ഒത്തുചേർന്നത്.ചിരിയും ചിന്തയുമായി അവർക്കിടയിൽ അവൻ  എന്നും നിലനിൽക്കുമെന്ന് ഓർമിപ്പിക്കാൻ ചിരിച്ചുനിൽക്കുന്നൊരു ചിത്രവും അവർ കുടുംബത്തിന് സമ്മാനിച്ചു.


നാടകത്തിലും  മിമിക്രിയിലും ശാസ്ത്രമേളകളിലുമെല്ലാം ഷാദാബ് നേടിയ അവസാന സർട്ടിഫിക്കറ്റുകളും അധ്യാപകരിൽ നിന്ന് വീട്ടുകാർ ഏറ്റുവാങ്ങി.കൂട്ടുകാരിൽ ചിലരുടെ രക്ഷിതാക്കളും ഓർമ്മകൾ പങ്കുവെക്കാനെത്തിയിരുന്നു.ഷാദാബുമൊന്നിച്ചുള്ള നല്ല നിമിഷങ്ങൾ  പങ്കുവെക്കുന്നതിനിടയിലും  അവന്റെ ഓർമകളിൽ അവർ വിതുമ്പി . മാധ്യമപ്രവർത്തകൻ മുജീബ്റഹ്മാന്റെയും ഫാത്തിമാ ബിഷാറയുടെയും മകനായ ഷാദാബ് കഴിഞ്ഞ ഡിസംബറിലാണ് ഹൃദയസംബന്ധമായ അസുഖത്തെ തുടർന്ന് മരിച്ചത്.

facebook twitter