വെറും മൂന്ന് മണിക്കൂർ നേരം മാത്രം സൂര്യൻ ഉദിക്കുന്ന ഒരു നാട് . , നട്ടുച്ചയ്ക്ക് സൂര്യൻ ഉദിക്കുന്ന ഒരു ഒരിടമുണ്ട്.. കോടമഞ്ഞ്...അതിനൊപ്പം നേർത്ത മഴയും...വേറൊരു വൈബ് തന്നെയല്ലേ ... മലകളാൽ ചുറ്റിപ്പെട്ട ഈ ഗ്രാമത്തിന്റെ പേര് കിണ്ണക്കോരൈ എന്നാണ്.
തമിഴ്‌നാട്ടിലെ നീലഗിരി ജില്ലയിലാണ് കിണ്ണക്കോരൈ സ്ഥിതി ചെയ്യുന്നത്. ഊട്ടിയിൽ നിന്നും 60 കിലോമീറ്റർ യാത്ര ചെയ്താൽ ഈ ഗ്രാമത്തിലെത്താം. ഭക്ഷണം കഴിക്കാനായി വലിയ റെസ്റ്റൊറന്റുകളോ ഹോട്ടലുകളൊ ഒന്നും തന്നെ ഇവിടെയില്ല. ചെറിയ ചെറിയ കടകളും വീടുകളുമൊക്കെയാണ് ഇവിടെയുള്ളത്. കിണ്ണക്കോരൈ സഞ്ചാരികളെ സ്വീകരിക്കുന്നത് ഒരു ചെറിയ വെള്ളച്ചാട്ടത്തിലൂടെയാണ്. അവിടെ നിന്ന് അങ്ങോട്ട് കാടിന് നടുവിലൂടെ, തണുപ്പെല്ലാം ആസ്വദിച്ച് മുന്നോട്ടു പോകാം. ഇടയ്ക്ക് കാട്ടാനക്കൂട്ടത്തെയും കാട്ടുപോത്തിനേയും കാണാൻ സാധിക്കും.
43 വളവുകൾ കയറി ചെല്ലുമ്പോൾ മഞ്ഞ് പെയ്യുന്ന മഞ്ചൂരെത്തും. ഓരോ വളവുകളും കയറി മുകളിലേക്ക് എത്തുന്നതോടെ തണുപ്പും കൂടിക്കൂടി വരും. മഞ്ഞും തണുപ്പും ഒരുമിച്ചു ചേർന്നുള്ള യാത്രയാണ് ഇനിയങ്ങോട്ട്. മഞ്ചൂരിൽ നിന്നും യാത്ര നീളുന്നത് കിണ്ണക്കോരൈയിലേക്കാണ്. എതിർദിശയിൽ നിന്നും വരുന്ന വാഹനങ്ങൾ ഹെഡ്‍ലൈറ്റ് ഉണ്ടെങ്കിൽ മാത്രമേ കാണാൻ കഴിയുകയുള്ളൂ, അത്രയ്ക്കും മഞ്ഞാണ് ഇവിടെ.
കിണ്ണക്കോരൈയിലേക്കുള്ള വഴിയിൽ മാസങ്ങളോളം കൊഴിയാതെ നിൽക്കുന്ന ഊട്ടിപ്പൂക്കൾ കാണാൻ സാധിക്കും. കുറച്ച് ദൂരം യാത്ര ചെയ്ത് കഴിയുമ്പോൾ വഴി രണ്ടാകും, അതിലൊരു വഴി കിണ്ണക്കോരൈയിലേക്കുള്ളതും മറ്റേത് അപ്പർ ഭവാനിയേക്കുള്ളതുമാണ്. കിണ്ണക്കോരൈയിൽ നിന്നും നീണ്ടു കിടക്കുന്ന ആ പാത അവസാനിക്കുന്നത് ഹെറിയസെഗൈ എന്ന ഗ്രാമത്തിലാണ്. ഇവിടെ നിന്നും കുറച്ച് മാറിയാൽ ഒരു വ്യൂപോയിന്റുമുണ്ട്. പകൽ നേരങ്ങളിൽ സൂര്യൻ പോലും മൂന്നോ നാലോ മണിക്കൂറുകൾ മാത്രമെ ഇവിടേക്ക് എത്താറുള്ളൂ. ആനയിറങ്ങാൻ സാധ്യതയുള്ളതുകൊണ്ട് രാത്രിയിൽ യാത്രയ്ക്ക് അനുമതിയില്ല.