കണ്ണൂർ: എഡി. എം നവീൻ ബാബുവിൻ്റെ മരണം സി.ബി.ഐ അന്വേഷിക്കണമെന്ന കുടുംബത്തിൻ്റെ വാദം ഹൈക്കോടതി വീണ്ടും തള്ളിയതോടെ കേസിൽ കുറ്റപത്രം സമർപ്പിക്കാൻ ഒരുങ്ങി പ്രത്യേക അന്വേഷണ സംഘം 'കണ്ണൂർ സിറ്റി പൊലിസ് കമ്മിഷണറുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘമാണ് കുറ്റപത്രം സമർപ്പിക്കുക. കേസിൽ സി.ബി ഐ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് നവീൻ ബാബുവിൻ്റെ ഭാര്യ ഹൈക്കോടതിയിൽ ഹരജി നൽകിയതിനാൽ കേസ് ഡയറി കോടതിയിൽ സമർപ്പിച്ചിരുന്നു. ഇതു വിട്ടു കിട്ടുന്നതിനായി പൊലിസ് അപേക്ഷ നൽകും.
അന്വേഷണ ഉദ്യോഗസ്ഥനായ കണ്ണൂർ എ.സി. പി ടി.കെ രത്നകുമാറാണ് അപേക്ഷ നൽകുക. കണ്ണൂർ എ.ഡി. എമ്മായിരുന്ന നവീൻ ബാബു ജീവനൊടുക്കിയത് കഴിഞ്ഞ ഒക്ടോബർ 14 ന് കലക്ടറേറ്റ് കോൺഫറൻസ് ഹാളിൽനടന്ന യാത്രയയപ്പ് യോഗത്തിൽ മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് പി.പി ദിവ്യ അധിക്ഷേപിച്ചതു കാരണമാണെന്നാണ് കുറ്റപത്രം നൽകുന്ന സൂചന. അതിനാൽ പി.പി ദിവ്യമാത്രമാണ് കേസിലെ പ്രതി. നവീൻ ബാബുവിനെതിരെ കൈകൂലിയാരോപണം ഉന്നയിച്ച ശ്രീകണ്ഠാപുരം ചെങ്ങളായി സ്വദേശി പ്രശാന്തനെ കേസിൽ പ്രതി ചേർത്തിട്ടില്ല. ആത്മഹത്യാ പ്രേരണയാണ് പി.പി ദിവ്യയ് ക്കെതിരെ ചുമത്തിയിട്ടുള്ള കുറ്റം.