മഞ്ചേരിയില്‍ എസ്.ഡി.പി.ഐ പ്രവര്‍ത്തകരുടെ വീട്ടില്‍ എൻഐഎയുടെ മിന്നല്‍ റെയ്ഡ്: നാല് പേരെ കസ്റ്റഡിയിലെടുത്തു

10:36 AM Apr 04, 2025 | AJANYA THACHAN

മലപ്പുറം : മഞ്ചേരിയില്‍ എസ്.ഡി.പി.ഐ പ്രവര്‍ത്തകരുടെ വീട്ടില്‍ മിന്നല്‍ റെയ്ഡ്. കൊച്ചി എൻഐഎ സംഘമാണ് റെയ്ഡ് നടത്തിയത്.വെള്ളിയാഴ്ച പുലർച്ചെ മൂന്ന് മണിയോടെയാണ് റെയ്ഡ് ആരംഭിച്ചത്. ഒരു മണിക്കൂറിനുള്ളില്‍ റെയ്ഡ് പൂര്‍ത്തിയായി.

റെയ്ഡിന് പിന്നാലെ നാല് പേരെ കൊച്ചി എൻഐഎ കസ്റ്റഡിയിലെടുത്തു.  ശിഹാബ്, സൈദലവി, ഖാലിദ്, ഇര്‍ഷാദ് എന്നിവരെയാണ് കസ്റ്റഡിയിലെടുത്തത്.  ഇവരെ ചോദ്യം ചെയ്തുവരികയാണ്. ഒരാള്‍ കൂടി പിടിയിലാകാനുണ്ടെന്നാണ് വിവരം.

കസ്റ്റഡിയിലുള്ളവരില്‍ ഒരാള്‍ എസ്.ഡി.പി.ഐ ബ്രാഞ്ച് സെക്രട്ടറിയും രണ്ട് പേര്‍ സ്വര്‍ണപ്പണിക്കാരുമാണ്. അഞ്ച് വീടുകളിലാണ് പരിശോധന നടന്നത്. പാലക്കാട് ശ്രീനിവാസന്‍ കൊലപാതകവുമായി ബന്ധപ്പെട്ടാണ് റെയ്ഡ് എന്നാണ് വിവരം. 

കഴിഞ്ഞ ദിവസം കൊച്ചിയില്‍ നടന്ന റെയ്ഡിനെ തുടര്‍ന്ന് രണ്ട് എസ്.ഡി.പി.ഐ പ്രവര്‍ത്തകര്‍ കസ്റ്റഡിയിലായിരുന്നു. മഞ്ചേരി സ്വദേശികളായ സലീം, അഖില്‍ എന്നിവരെയാണ് എന്‍.ഐ.എ കസ്റ്റഡിയിലെടുത്തത്.