+

റഷ്യന്‍ കൂലി പട്ടാളത്തിലെ മലയാളി കൊല്ലപ്പെട്ടത് ഡ്രോണ്‍ ആക്രമണത്തില്‍

തന്നെ യുദ്ധമുഖത്തേക്ക് കൊണ്ടുപോകുന്ന വഴിക്ക് ബിനില്‍ മരിച്ച് മരവിച്ചു കിടക്കുന്നുണ്ടായിരുന്നു.

തൊഴില്‍ തട്ടിപ്പിനിരയായി റഷ്യന്‍ കൂലിപ്പട്ടാളത്തില്‍ ചേര്‍ന്ന തൃശൂര്‍ സ്വദേശി ബിനില്‍ കൊല്ലപ്പെട്ടത്ത് ഡ്രോണ്‍ ആക്രമണത്തിലെന്ന് ചികിത്സയിലുള്ള ജെയിന്‍. സുഹൃത്തിന് അയച്ച സന്ദേശത്തിലാണ് ജെയിന്‍ ഇക്കാര്യം അറിയിച്ചത്. ഡ്രോണ്‍ ആക്രമണത്തില്‍ പരുക്കേറ്റ് മോസ്‌കോയിലെ ആശുപത്രിയില്‍ ചികിത്സയിലാണ് ജെയിന്‍.

തന്നെ യുദ്ധമുഖത്തേക്ക് കൊണ്ടുപോകുന്ന വഴിക്ക് ബിനില്‍ മരിച്ച് മരവിച്ചു കിടക്കുന്നുണ്ടായിരുന്നു. ദേഹത്ത് മുഴുവന്‍ രക്തം കട്ടപിടിച്ച നിലയിലായിരുന്നു മൃതദേഹം. ഉടന്‍തന്നെ ഒപ്പമുണ്ടായിരുന്ന പട്ടാളക്കാര്‍ തന്നെ അവിടെ നിന്നും നീക്കാന്‍ ശ്രമിച്ചു. ഇതിനിടയില്‍ മൃതദേഹം നേരെയാക്കി നോക്കിയപ്പോള്‍ ശരീരം മരവിച്ച നിലയിലായിരുന്നു. ഡ്രോണ്‍ അറ്റാക്കിലൂടെയാണ് കൊല്ലപ്പെട്ടതെന്ന് മനസ്സിലായി. തിരിച്ചുപോകും വഴി തന്റെ നേര്‍ക്കും ഡ്രോണ്‍ ആക്രമണം ഉണ്ടായെന്ന് ജെയിന്‍ പറഞ്ഞു. പിന്നീട് തന്നെ മോസ്‌കോയിലെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നുവെന്നും സന്ദേശത്തില്‍ ജെയിന്‍ വ്യക്തമാക്കുന്നു.

ആഴ്ചകള്‍ക്ക് മുന്‍പാണ് ബിനിലിനെയും ജെയ്നിനെയും റഷ്യ മുന്‍നിര പോരാളിയായി നിയമിച്ചത്. ഇതില്‍ കുടുംബം ആശങ്കയറിയിക്കുകയും ഇവരെ ഇന്ത്യയിലേക്ക് തിരികെ കൊണ്ടുവരണമെന്നും കുടുംബം ആവശ്യപ്പെട്ടിരുന്നു. ഇതിനിടെയാണ് ബിനില്‍ യുദ്ധമുഖത്തുവെച്ച് മരിച്ചതായി എംബസി അറിയിച്ചിരിക്കുന്നത്. മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടികള്‍ ആരംഭിക്കുമെന്ന് ഇന്ത്യന്‍ എംബസി അറിയിച്ചു.

facebook twitter