കോയമ്പത്തൂരിൽ മലയാളികളായ ബേക്കറി ഉടമകളെ മരിച്ച നിലയിൽ കണ്ടെത്തി

12:30 PM Apr 09, 2025 | Neha Nair

കോയമ്പത്തൂർ: കോയമ്പത്തൂരിൽ മലയാളികളായ ബേക്കറി ഉടമകളെ മരിച്ച നിലയിൽ കണ്ടെത്തി. കോഴിക്കോട് സ്വദേശികളായ ജയരാജ് (51), മഹേഷ് (48) എന്നിവരെയാണ് കോയമ്പത്തൂർ വിശ്വനാഥപുരത്തെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. മഹേഷിനെ കഴുത്തറുത്ത നിലയിലും ജയരാജിനെ തൂങ്ങിമരിച്ച നിലയിലുമാണ് കണ്ടെത്തിയത്.

കോയമ്പത്തൂർ റെയിൽവേ സ്റ്റേഷൻ റോഡിന് സമീപം തുടിയല്ലൂരിലാണ് ഇരുവരും ബേക്കറി നടത്തിയിരുന്നത്. കഴിഞ്ഞ ദിവസം ബേക്കറി തുറക്കാതെ വന്നതോടെ പ്രദേശവാസികൾ ഉച്ചയോടെ വിശ്വനാഥപുരത്തെ വീട്ടിൽ അന്വേഷിച്ചെത്തിയിരുന്നു. അപ്പോഴാണ് ഇരുവരെയും മരിച്ച നിലയിൽ കണ്ടെത്തിയത്. സംഭവത്തിൽ തുടിയല്ലൂർ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ഇരുവരും അവിവാഹിതരാണ്. മൃതദേഹങ്ങൾ കോയമ്പത്തൂർ മെഡിക്കൽ കോളജ് മോർച്ചറിയിൽ.