ചെന്നൈ: പൊള്ളാച്ചി ആനമലൈ കടുവ സങ്കേതത്തിന്റെ പരധിയിലുള്ള ടോപ്സ്ലിപ്പിൽ ട്രക്കിങ് നടത്തിയ രണ്ടംഗ സംഘത്തിലെ മലയാളി യുവ ഡോക്ടർ കുഴഞ്ഞുവീണ് മരിച്ചു. തിരുവനന്തപുരം കല്ലമ്പലം അജ്സൽ ഷൈൻ(26) ആണ് മരിച്ചത്. ഞായറാഴ്ച വൈകീട്ടാണ് സംഭവം. ട്രക്കിങ്ങിനിടെ ശ്വാസതടസ്സത്തെ തുടർന്ന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയായിരുന്നു. തമിഴ്നാട് വനം വകുപ്പിന്റെ അനുമതിയോടെയാണ് സുഹൃത്ത് ഫാഹിൽ അയൂബിനൊപ്പം(27) ട്രക്കിങ് നടത്തിയത്.
ടോപ്സ്ലിപ്പിൽനിന്ന് എട്ടു കിലോമീറ്റർ അകലെ പണ്ടാരപാറ വരെയാണ് ഇവർ മലകയറിയത്. ട്രക്കിങ്ങിനിടെ ഫാഹിലിനും ചെറിയതോതിൽ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടിരുന്നു. തിരിച്ചിറങ്ങവെയാണ് ഇവർക്ക് ശ്വാസംമുട്ടലും മറ്റും അനുഭവപ്പെട്ടത്. ഫോറസ്റ്റ് ഗൈഡുമാരായ സന്താന പ്രകാശ്, അജിത്കുമാർ എന്നിവരും കൂടെ ഉണ്ടായിരുന്നു. ഇരുവരെയും ഉടനടി വനംവകുപ്പിന്റെ ആംബുലൻസിൽ വേട്ടക്കാരൻപുതൂർ പ്രാഥമികാരോഗ്യ കേന്ദ്രത്തിലെത്തിച്ചെങ്കിലും അജ്സലിനെ രക്ഷിക്കാനായില്ല.