ബെംഗളൂരുവില്‍ കാറിടിച്ച് മരിച്ച ഭക്ഷണ വിതരണ ജീവനക്കാരനായ ദര്‍ശന്റെ മരണം അപകടമല്ല, ആസൂത്രിത കൊലപാതകമാണെന്ന് സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തില്‍ തെളിഞ്ഞു. സംഭവത്തില്‍ മലയാളിയായ കളരിപ്പയറ്റ് പരിശീലകന്‍ മനോജ് കുമാര്‍ (32), ഭാര്യ ആരതി ശര്‍മ (30) എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു. ഒക്ടോബര്‍ 25-ന് പുട്ടണ ഹള്ളി ശ്രീരാമ ലേഔട്ടിലാണ് സംഭവം നടന്നത്. ദര്‍ശന്റെ ബൈക്ക് കാറിന്റെ കണ്ണാടിയില്‍ തട്ടിയതുമായി ബന്ധപ്പെട്ട തര്‍ക്കമാണ് ഈ ക്രൂരമായ കൊലപാതകത്തില്‍ കലാശിച്ചത്.
തര്‍ക്കത്തിന് ശേഷം ദര്‍ശന്‍ ക്ഷമാപണം നടത്തുകയും ഭക്ഷണ വിതരണത്തിനായി പോവുകയും ചെയ്തിരുന്നു. എന്നാല്‍ പ്രകോപിതനായ മനോജ് കുമാര്‍ കാറില്‍ ബൈക്കിനെ പിന്തുടരുകയും അമിത വേഗത്തില്‍ പിന്നില്‍ ഇടിക്കുകയുമായിരുന്നു. നാട്ടുകാര്‍ ഉടന്‍ തന്നെ ദര്‍ശനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ദര്‍ശന്റെ സഹോദരി നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ ജെപി നഗര്‍ ട്രാഫിക് പോലീസ് നടത്തിയ സിസിടിവി പരിശോധനയിലാണ് ഇത് അപകടമല്ലെന്ന് വ്യക്തമായത്. അപകടത്തിന് തൊട്ടുമുമ്പ് ദമ്പതികള്‍ ദര്‍ശനുമായി സംസാരിക്കുന്നതും, ബൈക്കില്‍ ഇടിച്ചപ്പോള്‍ ഇളകി വീണ കാറിന്റെ ഭാഗങ്ങള്‍ എടുക്കാനായി ദമ്പതികള്‍ തിരികെ സംഭവസ്ഥലത്ത് എത്തുന്നതും ദൃശ്യങ്ങളില്‍ പതിഞ്ഞു.
സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തില്‍ ദമ്പതികളെ അറസ്റ്റ് ചെയ്യുകയായിരുന്നു. താന്‍ ഒറ്റയ്ക്കാണ് കാറില്‍ സഞ്ചരിച്ചതെന്നും കാറിന്റെ ഭാഗങ്ങള്‍ എടുക്കാനാണ് ഭാര്യ ആരതി സ്ഥലത്തേക്ക് വന്നതെന്നുമാണ് മനോജ് പോലീസിന് നല്‍കിയ മൊഴി. പോലീസ് ഇക്കാര്യം വിശദമായി പരിശോധിച്ചു വരികയാണ്. നിലവില്‍ അറസ്റ്റിലായ ഇരുവരെയും റിമാന്‍ഡ് ചെയ്തു.