+

ക്ഷേത്രകലകള്‍ പ്രൗഢിയൊരുക്കി; ക്ഷേത്രകലാ ശ്രീ പുരസ്‌കാരം ശ്രീകുമാരന്‍ തമ്പി മന്ത്രി വി.എൻ വാസവനിൽ നിന്നും ഏറ്റുവാങ്ങി

ക്ഷേത്രകലാ അക്കാദമിയുടെ 2023-24 വര്‍ഷത്തെ ക്ഷേത്രകലാ ശ്രീ പുരസ്‌കാരം പ്രശസ്ത ഗാനരചയിതാവും ചലച്ചിത്രകാരനുമായ ശ്രീകുമാരന്‍ തമ്പിക്ക് സഹകരണ,  ദേവസ്വം, തുറമുഖം വകുപ്പ് മന്ത്രി വി എൻ വാസവൻ

കണ്ണൂർ /പഴയങ്ങാടി :ക്ഷേത്രകലാ അക്കാദമിയുടെ 2023-24 വര്‍ഷത്തെ ക്ഷേത്രകലാ ശ്രീ പുരസ്‌കാരം പ്രശസ്ത ഗാനരചയിതാവും ചലച്ചിത്രകാരനുമായ ശ്രീകുമാരന്‍ തമ്പിക്ക് സഹകരണ,  ദേവസ്വം, തുറമുഖം വകുപ്പ് മന്ത്രി വി എൻ വാസവൻ സമ്മാനിച്ചു. ശ്രീകുമാരന്‍ തമ്പി കലാകേരളത്തിന് നല്‍കിയ സംഭാവനകള്‍ വിലമതിക്കാനാവാത്തതാണെന്നും തന്റെ കലാസൃഷ്ടികളിലൂടെ പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട ആളുകളോടൊപ്പം നിന്ന അദ്ദേഹം കേരള ജനതയുടെ മനസില്‍ എക്കാലവും മായാതെ നില്‍ക്കുമെന്നും മന്ത്രി പറഞ്ഞു.

ക്ഷേത്ര കലകള്‍ തന്റെ കലാസൃഷ്ടികളില്‍ വലിയ സ്വാധീനം ചെലുത്തിയിട്ടുണ്ടെന്ന് ശ്രീകുമാരൻ തമ്പി പറഞ്ഞു. നമ്മുടെ സംസ്‌കാരവുമായി ഇഴചേര്‍ന്ന് കിടക്കുന്ന ക്ഷേത്രകലകള്‍ പുതുതലമുറയ്ക്ക് അന്യമാകുന്ന സാഹചര്യമാണുള്ളത്. കേരളത്തിന്റെ തനത് കലകള്‍ സംരക്ഷിക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുന്ന ക്ഷേത്രകലാ അക്കാദമിയുടെ പ്രവര്‍ത്തനങ്ങള്‍ അഭിനന്ദനാര്‍ഹമാണെന്നും അദ്ദേഹം പറഞ്ഞു. 

പ്രശസ്ത നങ്ങ്യാര്‍കൂത്ത് കലാകാരി ഉഷ നങ്ങ്യാർ മന്ത്രിയിൽ നിന്ന് ക്ഷേത്രകലാ പുരസ്കാരം ഏറ്റുവാങ്ങി. ക്ഷേത്രകലാ രംഗത്തുള്ളവര്‍ക്കായി നല്‍കുന്ന രണ്ട് ക്ഷേത്രകലാ ഫെലോഷിപ്പ്, 27 ക്ഷേത്രകലാ അവാര്‍ഡ്, 12 ഗുരുപൂജാ പുരസ്‌കാരം, ആറ് ക്ഷേത്ര കലാമൃതം പുരസ്‌കാരം, നാല് യുവപ്രതിഭാ പുരസ്‌കാരം എന്നിവ ചടങ്ങില്‍ വിതരണം ചെയ്തു.
മാടായി ബാങ്ക് ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടിയില്‍ എം വിജിന്‍ എം എല്‍ എ അധ്യക്ഷനായി. മലബാര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് ഒ.കെ വാസു മുഖ്യാതിഥിയായി.

kshethrakala-puraskaram-Sreekumaran-Thampi-receives-the-Temple-Arts-Award-from-Minister-VN-Vasavan.jpg

ക്ഷേത്രകലാ അക്കാദമി സെക്രട്ടറി കൃഷ്ണന്‍ നടുവിലത്ത് പ്രതിഭാ പരിചയം നടത്തി. ക്ഷേത്രകലാ അക്കാദമി ചെയര്‍മാന്‍ കാഞ്ഞങ്ങാട് രാമചന്ദ്രന്‍, കല്ല്യാശ്ശേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.പി ഷാജിര്‍, അക്കാദമി സ്ഥിരം സമിതി അധ്യക്ഷരായ കെ ജനാര്‍ദ്ദനന്‍, പി.കെ മധുസൂദനന്‍, മലബാര്‍ ദേവസ്വം ബോര്‍ഡ് കമ്മീഷണര്‍ ടി.സി ബിജു, പഞ്ചായത്ത് പ്രസിഡന്റുമാരായ പി ഗോവിന്ദന്‍, എം ശ്രീധരന്‍, സഹീദ് കായിക്കാരന്‍, മുന്‍ എം എല്‍ എ ടി.വി രാജേഷ്,   അക്കാദമി സ്പെഷ്യല്‍ ഓഫീസര്‍ എന്‍ കെ ബൈജു, ചിറക്കല്‍ കോവിലകം എക്സിക്യൂട്ടീവ് ഓഫീസര്‍ കെ വേണു, സംഘാടക സമിതി അധ്യക്ഷരായ കെ പത്മനാഭന്‍, വി വിനോദ്,  അക്കാദമി ഭരണസമിതി അംഗങ്ങളായ പി.പി ദാമോദരന്‍, ടി.കെ സുധി, ഡോ. എന്‍ സുമിത നായര്‍, ഗോവിന്ദന്‍ കണ്ണപുരം, കലാമണ്ഡലം മഹേന്ദ്രന്‍, ജനപ്രതിനിധികള്‍, വിവിധ സാമുദായിക, രാഷ്ട്രീയ സംഘടനാ പ്രതിനിധികള്‍, ക്ഷേത്രകല മുന്‍ ഭാരവാഹികള്‍ എന്നിവര്‍ പങ്കെടുത്തു. പരിപാടിക്ക് മുന്നോടിയായി 25 ഓളം വിദ്യാർത്ഥികൾ അണിനിരന്ന സ്വാഗത ഗാനാലാപനം അരങ്ങേറി.

ക്ഷേത്ര കലാശ്രീ പുരസ്‌കാര സമര്‍പ്പണ ചടങ്ങിനോടനുബന്ധിച്ച് നടത്തിയ വിവിധ ക്ഷേത്ര കലകളുടെ പ്രൗഢമായ പ്രദര്‍ശനവും അവതരണവും ശ്രദ്ധേയമായി. അക്കാദമിയില്‍ നിന്നും പരിശീലനം പൂര്‍ത്തീകരിച്ച വിദ്യാര്‍ഥികളുടെ ചുമര്‍ചിത്ര പ്രദര്‍ശനത്തോടെയാണ് പരിപാടി ആരംഭിച്ചത്. ഉന്‍മീലനം 25 എന്ന പേരില്‍ നടത്തിയ ചുമര്‍ചിത്ര പ്രദര്‍ശനം ഗോവിന്ദന്‍ കണ്ണപുരം ഉദ്ഘാടനം ചെയ്തു.

തുടര്‍ന്ന് മിഴാവില്‍ ഇരട്ട തായമ്പക (കലാമണ്ഡലം വിജയ്, കലാമണ്ഡലം രാഹുല്‍), ഡോ. എന്‍ സുമിത നായരുടെ മോഹിനിയാട്ടം, വിജിന്‍കാന്ത് വയലപ്രയുടെ നേതൃത്വത്തില്‍ 'കേളി', കലാമണ്ഡലം ശ്രീനാഥും സംഘവും അവതരിപ്പിച്ച സുഭദ്രാ ധനഞ്ജയം കൂടിയാട്ടം, നീലേശ്വരം ശ്രീ ചിന്‍മയ യക്ഷഗാന കലാനിലയം അവതരിപ്പിച്ച മഹിഷാസുര വധം യക്ഷഗാനം, കീഴില്ലം ഉണ്ണിക്കൃഷ്ണനും സംഘവും അവതരിപ്പിച്ച മുടിയേറ്റ് എന്നീ കലാരൂപങ്ങളും അരങ്ങേറി.

facebook twitter