പാലക്കാട്: ഉപജില്ലാ കലോത്സവത്തില്‍ പങ്കെടുക്കുന്ന കുട്ടികള്‍ക്ക് പരിശീലനം നല്‍കാന്‍ വന്ന നൃത്താധ്യാപകനെ മര്‍ദിച്ച് കവര്‍ച്ച നടത്തിയ സംഭവത്തില്‍ മൂന്നുപേര്‍ പിടിയില്‍. മേപ്പറമ്പ് സ്വദേശി റമീസ് (29), കല്‍മണ്ഡപം മുനിസിപ്പല്‍ ലൈന്‍ നവീന്‍കുമാര്‍ (25), കണ്ണനൂര്‍ പെരച്ചിരംകാട് അബ്ദുള്‍ നിയാസ് (34) എന്നിവരെയാണ് പരാതി ലഭിച്ചതിനു പിറകേ നടത്തിയ തെരച്ചിലില്‍ പാലക്കാട് ടൗണ്‍ സൗത്ത് പോലീസ് പിടികൂടിയത്. ചൊവ്വാഴ്ച രാത്രി പതിനൊന്നരയോടെയാണ് സംഭവം.
കൊല്ലം കിളിക്കൊല്ലൂര്‍ സ്വദേശിയായ നൃത്ത അധ്യാപകന്‍ യോഗീശ്വരനെയാണ് സംഘം ആക്രമിച്ചത്. കെ.എസ്.ആര്‍.ടി.സി സ്റ്റാന്‍ഡില്‍ വന്നിറങ്ങിയ അധ്യാപകന്‍ സമീപത്തെ ലോഡ്ജിലേക്ക് പോകുന്നതിനിടെയാണ് ആക്രമിക്കപ്പെട്ടത്. മുഖത്തിടിച്ച് ഓട്ടോറിക്ഷയില്‍ കയറ്റിയശേഷം നഗരത്തിലൂടെ കറങ്ങി കാടാങ്കോട് ബ്രിട്ടീഷ് പാലത്തില്‍ എത്തിച്ച് രണ്ടര പവന്‍ സ്വര്‍ണമാലയും നാലായിരം രൂപയും കവരുകയായിരുന്നു.
മര്‍ദിച്ച് അവശനാക്കിയശേഷം അധ്യാപകന്റെ ഫോണില്‍ നിന്നും ഗൂഗിള്‍ പേ വഴി മറ്റ് ചില നമ്പറുകളിലേക്ക് പണം അയപ്പിച്ചു. പരാതി വന്നാലും അന്വേഷണം പണം അയച്ച നമ്പറുകള്‍ കേന്ദ്രീകരിച്ചാവുമെന്ന് കരുതിയാണ് അങ്ങനെ ചെയ്തത്. അവശനിലയില്‍ കെ.എസ്.ആര്‍.ടി.സി സ്റ്റാന്‍ഡിന് കുറച്ചുമാറി ഇറക്കിവിട്ട് മൂവരും രക്ഷപ്പെട്ടു. രാത്രി തന്നെ പരാതിയുമായി അധ്യാപകന്‍ സ്റ്റേഷനിലെത്തി. തുടര്‍ന്ന്് പോലീസ് നടത്തിയ തെരച്ചിലിലാണ് പ്രതികളെ പിടികൂടിയത്.
അറസ്റ്റിലായ റമീസ് അടിപടി, ലഹരി തുടങ്ങിയ അഞ്ച് കേസുകളില്‍ പ്രതിയാണെന്ന് പോലീസ് പറഞ്ഞു. നവീന്‍കുമാര്‍ അടിപിടി കേസിലെ പ്രതിയാണ്. പ്രതികളുടെ ആക്രമണത്തില്‍ താടിയെല്ലിന് പരുക്കേറ്റ് ചികിത്സയിലാണ് പരാതിക്കാരന്‍.
ടൗണ്‍ സൗത്ത് എസ്.ഐമാരായ എം. സുനില്‍, വി. ഹേമലത, എ.എസ്.ഐ നവോജ് ഷാ, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍മാരായ ശശികുമാര്‍, ആര്‍. രാജീദ്, മന്‍സൂര്‍, കെ.എസ്. ഷാലു, പ്രസന്നന്‍ എന്നിവരാണ് പ്രതികളെ പിടികൂടിയത്. പ്രതികളെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.