ഏഴു വര്‍ഷം നീണ്ട പ്രണയം, വീഡിയോ കോളില്‍ പോലും കണ്ടുമുട്ടിയില്ല, 67കാരിയായ സ്ത്രീയില്‍ നിന്നും തട്ടിയെടുത്തത് 4 കോടി രൂപ

11:44 AM Dec 19, 2024 | Raj C

ന്യൂഡല്‍ഹി: ഓണ്‍ലൈന്‍ വഴിയുള്ള പ്രണയത്തട്ടിപ്പുകളില്‍ കുടുങ്ങുകയും അതിലൂടെ പണം നഷ്ടമാവുകയും ചെയ്യുന്ന സംഭവങ്ങള്‍ ഇക്കാലത്ത് പുതുമയുള്ളതല്ല. എന്നാല്‍, ഒരിക്കല്‍പ്പോലും കാണാതെ ഏഴുവര്‍ഷത്തോളം പ്രണയിക്കുകയും ഒടുവില്‍ പണം നഷ്ടമാവുകയും ചെയ്ത സ്ത്രീയുടെ അനുഭവം ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ്.

2017 ഒക്ടോബറിലാണ് മലേഷ്യയിലെ 67കാരിയായ സ്ത്രീ ആദ്യമായി തട്ടിപ്പുകാരനുമായി ബന്ധപ്പെട്ടത്. സിംഗപ്പൂരില്‍ മെഡിക്കല്‍ ഉപകരണങ്ങള്‍ വാങ്ങുന്നതില്‍ ഏര്‍പ്പെട്ടിരിക്കുന്ന ഒരു അമേരിക്കന്‍ വ്യവസായിയാണെന്നാണ് ഇയാള്‍ സ്വയം പരിചയപ്പെടുത്തിയത്.

മലേഷ്യയിലേക്ക് മാറാന്‍ ആഗ്രഹിക്കുന്നുവെന്നും എന്നാല്‍ യാത്രാ ചെലവ് താങ്ങാനാകുന്നില്ലെന്നും അയാള്‍ സ്ത്രീയോട് പറഞ്ഞു. അവര്‍ സഹായിക്കാന്‍ സമ്മതിക്കുകയും ഒരു ലക്ഷത്തോളം രൂപ ആദ്യമായി ബാങ്ക് ട്രാന്‍സ്ഫര്‍ ആയി നല്‍കുകയും ചെയ്തു.

വ്യക്തിപരവും ബിസിനസ്സ് പ്രശ്‌നങ്ങളും ചൂണ്ടിക്കാട്ടി തട്ടിപ്പുകാരന്‍ പിന്നീട് ആവര്‍ത്തിച്ച് പണം ആവശ്യപ്പെട്ടു. തട്ടിപ്പുകാരന്റെ വാക്കുകളില്‍ വിശ്വസിച്ച സ്ത്രീ 50 വ്യത്യസ്ത ബാങ്ക് അക്കൗണ്ടുകളിലേക്ക് 306 തവണ ഫണ്ട് ട്രാന്‍സ്ഫര്‍ ചെയ്തു. ഏറെക്കുറെ 4 കോടിയോളം രൂപയാണ് ഇങ്ങനെ ട്രാന്‍സ്ഫര്‍ ചെയ്തത്. കുടുംബാംഗങ്ങളില്‍ നിന്നും സുഹൃത്തുക്കളില്‍ നിന്നും വായ്പ എടുത്തും പണം ട്രാന്‍സ്ഫര്‍ ചെയ്തു.

ഈ വര്‍ഷം നവംബറില്‍ ഒരു സുഹൃത്തിനോട് തന്റെ അനുഭവങ്ങള്‍ പങ്കുവെച്ചതോടെയാണ് താന്‍ തട്ടിപ്പിനിരയായതായി അവര്‍ തിരിച്ചറിഞ്ഞത്. ഓണ്‍ലൈന്‍ ബന്ധങ്ങളില്‍ ഏര്‍പ്പെടുമ്പോള്‍, പ്രത്യേകിച്ച് പണം ആവശ്യപ്പെടുമ്പോള്‍ ജാഗ്രത പാലിക്കണമെന്ന പോലീസ് നിര്‍ദ്ദേശം പാലിക്കാതിരുന്നത് സ്ത്രീക്ക് തിരിച്ചടിയായി.