മുംബൈ: മാലേഗാവ് സ്ഫോടന കേസിൽ മുൻ ഭോപാൽ ബി.ജെ.പി എം.പി സന്യാസിനി പ്രജ്ഞ സിങ് ഠാക്കൂർ അടക്കം പ്രതികളെ വെറുതെവിട്ട പ്രത്യേക എൻ.ഐ.എ കോടതി വിധിക്കെതിരെ അപ്പീൽ നൽകുമെന്ന് ഇരയുടെ അഭിഭാഷകൻ ഷാഹിദ് നദീം. വിചാരണ കോടതി വിധിക്കെതിരെ ഹൈകോടതിയിൽ അപ്പീൽ നൽകുമെന്ന് അഭിഭാഷകൻ വ്യക്തമാക്കി. സ്ഫോടനം നടന്നുവെന്നത് കോടതിയിൽ തെളിഞ്ഞ കാര്യമാണ്. വിധിക്കെതിരെ വ്യക്തിഗതമായാണ് അപ്പീൽ നൽകുകയെന്നും ഷാഹിദ് നദീം അറിയിച്ചു.
കോളിളക്കം സൃഷ്ടിച്ച 2008ലെ മാലേഗാവ് സ്ഫോടന കേസിൽ മുൻ ഭോപാൽ ബി.ജെ.പി എം.പി സന്യാസിനി പ്രജ്ഞാ സിങ് ഠാക്കൂർ, ലഫ്. കേണൽ പ്രസാദ് പുരോഹിത് അടക്കം ഏഴ് പ്രതികളെയും പ്രത്യേക എൻ.ഐ.എ കോടതി വെറുതെ വിട്ടത്. പ്രജ്ഞ സിങ് ഠാക്കൂർ, സൈനിക ഇന്റലിജൻസ് ഉദ്യോഗസ്ഥനായിരുന്ന ലഫ്. കേണൽ പ്രസാദ് പുരോഹിത്, റിട്ട. മേജർ രമേശ് ഉപാധ്യായ്, അജയ് രാഹികർ, സുധാകർ ദ്വിവേദി, സുധാകർ ചതുർവേദി, സമീർ കുൽകർണി എന്നിവരെയാണ് തെളിവില്ലെന്ന് ചൂണ്ടിക്കാട്ടി വെറുതെ വിട്ടത്. കേസിൽ രാമചന്ദ്ര കൽസങ്കര അടക്കം രണ്ടുപേർ പിടികിട്ടാപ്പുള്ളികളാണ്.