'പ്രിയപ്പെട്ട ഷാജി സാറിന് ആദരാഞ്ജലികൾ';ഷാജി എൻ കരുണിന്റെ വിയോ​ഗത്തിൽ അനുശോചിച്ച് നടൻ മമ്മൂട്ടി

07:50 PM Apr 28, 2025 | Kavya Ramachandran


സംവിധായകൻ ഷാജി എൻ കരുണിന്റെ വിയോ​ഗത്തിൽ അനുശോചിച്ച്  നടൻ മമ്മൂട്ടി. ‘പ്രിയപ്പെട്ട ഷാജി സാറിന് ആദരാഞ്ജലികൾ’ എന്ന അടിക്കുറിപ്പോട് കൂടി ഫേസ്ബുക്കിൽ ഷാജി എൻ കരുണിന്റെ ഒരു ചിത്രം താരം പങ്കുവച്ചിട്ടുണ്ട്. വെെകുന്നേരം അഞ്ച് മണിയോടെയായിരുന്നു ഷാജി എൻ കരുണിന്റെ മരണം.

അദ്ദേഹത്തിന്റെ ആദ്യചിത്രമായ പിറവിക്ക് കാൻ ഫിലിം ഉത്സവത്തിൽ ഗോൾഡെൻ ക്യാമറ പ്രത്യേക പരാമർശം ലഭിച്ചു. രണ്ടാമത്തെ ചിത്രമായ സ്വം കാൻ ഫിലിം ഫെസ്റ്റിവലിലെ മത്സരവിഭാഗത്തിലേക്ക് തെരഞ്ഞെടുക്കപ്പെട്ട ഏക മലയാള ചലച്ചിത്രമാണ്. കേരളസംസ്ഥാന ചലച്ചിത്ര അക്കാദമിയുടെ അദ്ധ്യക്ഷസ്ഥാനവും, ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ ഓഫ് കേരളയുടെ അദ്ധ്യക്ഷസ്ഥാനവും (1998-2001) വഹിച്ചിട്ടുണ്ട്. 2011 ലെ പത്മശ്രീ അവാർഡിനർഹനായി.


കൊല്ലം ജില്ലയിലെ കണ്ടച്ചിറയിൽ എൻ കരുണാകരന്റെയും ചന്ദ്രമതിയുടെയും മൂത്തമകനായാണ് ഷാ‍ജി എൻ കരുൺ ജനിച്ചത്. പള്ളിക്കര സ്കൂൾ, യൂണിവേഴ്സിറ്റി കോളേജ് തിരുവനന്തപുരം എന്നിവിടങ്ങളിലായിരുന്നു വിദ്യാഭ്യാസം. 1971 ൽ ഫിലിം ആൻഡ് ടെലിവിഷൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയിൽ ചേർന്ന് ഛായാഗ്രഹണത്തിൽ ഡിപ്ലോമ നേടി. സംസ്ഥാനചലച്ചിത്ര അക്കാദമി രൂപപ്പെട്ടപ്പോൾ അദ്ദേഹം അവിടെ നിയമിതനായി. പ്രശസ്ത സം‌വിധായകനായ ജി അരവിന്ദന്റെ കീഴിൽ ഛായാഗ്രാഹകനായി നിരവധി സിനിമകൾ ചെയ്തു. കൂടാതെ പ്രശസ്ത സംവിധായകരായ കെ ജി ജോർജ്, എം ടി വാസുദേവൻ നായർ എന്നിവർക്കൊപ്പവും ഷാജി എൻ കരുൺ പ്രവർത്തിച്ചു.

ഷാജി എൻ കരുണിന്റെ സംസ്കാരം നാളെ വൈകിട്ട് നാലുമണിക്ക് നടത്തും. നാളെ രാവിലെ 10.30 മുതൽ 12.30 വരെ കലാഭവൻ തീയറ്ററിൽ പൊതുദർശനം. തുടർന്ന് മൃതദേഹം വീണ്ടും വീട്ടിലെത്തിക്കും. വീട്ടിൽ നിന്നും വൈകുന്നേരം 3.30ന് തൈക്കാട് ശാന്തി കവാടത്തിലേക്ക് കൊണ്ടുപോകും.