മാവേലിക്കര:കാമുകിക്കൊപ്പം ജീവിക്കാൻ ഭാര്യയെ കൊലപ്പെടുത്തിയ കേസില്‍ ഭർത്താവും കൊലപാതകത്തിനു പ്രേരണനല്‍കിയ കാമുകിയും കുറ്റക്കാരാണെന്ന് കോടതി.നൂറനാട് മറ്റപ്പള്ളി ഉളവക്കാട്ടുമുറിയില്‍ ആദർശ് ഭവനില്‍ അമ്ബിളി (38) കൊല്ലപ്പെട്ട കേസില്‍ ഭർത്താവ് സുനില്‍കുമാർ (46), പാലമേല്‍ മറ്റപ്പള്ളി ഉളവക്കാട്ടുമുറിയില്‍ ശ്രീരാഗം വീട്ടില്‍ ശ്രീലത (53) എന്നിവർ കുറ്റക്കാരാണെന്ന് മാവേലിക്കര മാവേലിക്കര അഡീഷണല്‍ സെഷൻസ് കോടതി ഒന്ന് ജഡ്ജി വി.ജി. ശ്രീദേവിയാണ് കണ്ടെത്തിയത്.
ശിക്ഷവിധിക്കുന്നതിനായി കേസ് 12-ലേക്കു മാറ്റി.2018 മേയ് 27-നാണ് അമ്ബിളി കൊല്ലപ്പെട്ടത്. തൂങ്ങിമരിച്ചതായാണ് ആദ്യം പുറത്തറിഞ്ഞത്. എന്നാല്‍, മൃതദേഹപരിശോധനയും പോസ്റ്റ്മോർട്ടം റിപ്പോർട്ടും കൊലപാതകസാധ്യതയിലേക്കു വിരല്‍ചൂണ്ടി. സുനിലും ശ്രീലതയും തമ്മിലുള്ള ബന്ധത്തെച്ചൊല്ലിയുള്ള കലഹമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നായിരുന്നു നൂറനാട് എസ്‌ഐയായിരുന്ന വി. ബിജുവിന്റെ നേതൃത്വത്തിലുള്ള അന്വേഷണത്തില്‍ വ്യക്തമായത്.
സംഭവദിവസം ശ്രീലതയും അമ്ബിളിയുമായി വാക്കേറ്റമുണ്ടായി. ഇതറിഞ്ഞെത്തിയ സുനില്‍കുമാർ അമ്ബിളിയെ മർദിച്ചു. തലയ്ക്കു പരിക്കേറ്റ് അബോധാവസ്ഥയില്‍ വീടിനു പിന്നില്‍ കിടന്ന അമ്ബിളിയെ, സുനില്‍ വീടിനുള്ളിലെത്തിച്ച് കെട്ടിത്തൂക്കിയതായാണ് കേസ്. ശ്രീലതയുടെ പ്രേരണയിലാണ് സുനില്‍ കൊലപാതകം നടത്തിയതെന്ന് കോടതി കണ്ടെത്തി.