മകളെ കൊന്ന രണ്ടാം ഭാര്യയെ രക്ഷിക്കാന്‍ യുവാവ് എല്ലാ ശ്രമങ്ങളും നടത്തിയെങ്കിലും മൃതദേഹം സംസ്‌കരിച്ച് കഴിഞ്ഞ് അപ്രതീക്ഷിതമായി പിടിവീണു. അതിന് കാരണമായതാവട്ടെ ഗ്രാമത്തിലെ ഏതാനും കുട്ടികള്‍ അവരുടെ മൊബൈല്‍ ഫോണില്‍ ചിത്രീകരിച്ച വീഡിയോയും. 13കാരിയുടെ മരണത്തിലാണ് നാടകീയമായ സംഭവങ്ങളിലൂടെ സത്യം പുറത്തുവന്നത്.
മദ്ധ്യപ്രദേശിലെ ഉജ്ജൈനില്‍ 13കാരിയായ മധു എന്ന പെണ്‍കുട്ടി മരണപ്പെട്ട സംഭവത്തിലാണ് അപ്രതീക്ഷിത വഴിത്തിരിവുണ്ടായത്. മധുവിന്റെ അച്ഛന്‍ ബാലു പന്‍വാര്‍ എന്ന ബലറാം തന്റെ രണ്ടാം ഭാര്യയായ സംഗീതയ്‌ക്കൊപ്പമാണ് കഴിഞ്ഞിരുന്നത്. സംഗീത എപ്പോഴും മധുവിനോട് വഴക്കുണ്ടാക്കുകയും കുട്ടിയെ ശിക്ഷിക്കുകയുമൊക്കെ ചെയ്തിരുന്നു. വീട്ടുജോലികളുടെ പേരിലായിരുന്നു പ്രധാനമായും പ്രശ്‌നങ്ങള്‍. കഴിഞ്ഞ ദിവസം ചില തര്‍ക്കങ്ങളുണ്ടായപ്പോള്‍ മധുവിനെ സംഗീത ശ്വാസം മുട്ടിച്ച് കൊന്നു.
ബാലറാം വീട്ടിലെത്തിയപ്പോള്‍ മകളുടെ മൃതദേഹം കണ്ടു. എന്നാല്‍ പൊലീസിനെ വിളിക്കുന്നതിന് പകരം എങ്ങനെയും രണ്ടാം ഭാര്യയെ രക്ഷിക്കാനായി അയാളുടെ ശ്രമം. മധുവിന്റെ കഴുത്തില്‍ മുറുക്കിയ അടയാളങ്ങളുണ്ടായിരുന്നെങ്കിലും അത് നാട്ടുകാരില്‍ നിന്ന് മറച്ചുവെയ്ക്കാന്‍ ഇരുവരും ശ്രമം നടത്തി. മകളുടെ മരണത്തെക്കുറിച്ച് ഗ്രാമവാസികളില്‍ പലരോടും പല തരത്തിലാണ് വിശദീകരിച്ചത്. ചിലരോട് വൈദ്യുതാഘാതമേറ്റുമെന്നും മറ്റ് ചിലരോട് കുട്ടിയ്ക്ക് ഹൃദയാഘാതമുണ്ടായെന്നും പറഞ്ഞു. ആരെങ്കിലും തടയുന്നതിന് മുമ്പ് കുട്ടിയുടെ മൃതദേഹം തിടുക്കപ്പെട്ട് ദഹിപ്പിക്കുകയും ചെയ്തു.
എന്നാല്‍ സംസ്‌കാര ചടങ്ങുകള്‍ക്കിടെ മൃതദേഹത്തെ പുതപ്പിച്ചിരുന്ന തുണി മാറ്റിയപ്പോള്‍ കഴുത്തിലെ അടയാളങ്ങള്‍ ദൃശ്യമായിരുന്നു. ഇത് ഏതാനും കുട്ടികള്‍ വീഡിയോയില്‍ പകര്‍ത്തിവെച്ചു. രണ്ട് ദിവസം കഴിഞ്ഞാണ് ഈ വീഡിയോ പൊലീസിന് ലഭിച്ചത്. ഇതോടെ പൊലീസ് അന്വേഷണം തുടങ്ങി. വീഡിയോയില്‍ കണ്ട അടയാളങ്ങള്‍ വെച്ച് ഇരുവരെയും ചോദ്യം ചെയ്തതോടെ അവര്‍ കുറ്റം സമ്മതിക്കുകയായിരുന്നു. ഇരുവരെയും പൊലീസ് കസ്റ്റഡിയിലെടുത്തു