41 ദിനങ്ങൾ നീണ്ടുനിന്ന വ്രതാനുഷ്ഠാനങ്ങൾക്ക് സമാപനം കുറിച്ച് ശബരിമലയിൽ 26ന് മണ്ഡല പൂജ

04:10 PM Dec 22, 2024 | Litty Peter

പി വി സതീഷ് കുമാർ

ശബരിമല : 41 ദിനങ്ങൾ നീണ്ടുനിന്ന വ്രതാനുഷ്ഠാനങ്ങൾക്ക് സമാപനം കുറിച്ച് ശബരിമലയിൽ 26ന് മണ്ഡല പൂജ നടക്കും. 26ന് ഉച്ചയ്ക്ക് 12 മണിക്ക് തന്ത്രി കണ്ഠരര് രാജീവരുടെ മുഖ്യ കാർമികത്വത്തിലാണ് മണ്ഡലപൂജ നടക്കുക. മണ്ഡലപൂജയുടെ ഭാഗമായി ആറന്മുള പാർത്ഥസാരഥി ക്ഷേത്രത്തിൽ നിന്നും നിന്നും ഞായറാഴ്ച പുറപ്പെട്ട തങ്കയങ്കി ഘോഷയാത്ര 25ന് ഉച്ചയ്ക്ക് ഒരു മണിക്ക് പമ്പയിയിൽ എത്തും. 

തുടർന്ന് പമ്പ ദേവസ്വം അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ വി ഷിബു, സ്പെഷ്യൽ ഓഫീസർ രാജീവ് എന്നിവരുടെ നേതൃത്വത്തിൽ ഘോഷയാത്രയെ ഗണപതി ക്ഷേത്രത്തിലേക്ക് ആനയിക്കും. ഉച്ചയ്ക്ക് മൂന്ന് മണിവരെ ഗണപതി ക്ഷേത്രത്തിൽ തങ്കയങ്കി ദർശന സൗകര്യം ഉണ്ടാവും. തുടർന്ന് 3.15 ഓടെ പമ്പയിൽ നിന്നും പമ്പയിൽ നിന്നും പുറപ്പെടുന്ന ഘോഷയാത്ര അഞ്ചരയോടെ ശരംകുത്തിയിൽ എത്തും. 

ഇവിടെ നിന്നും ദേവസ്വം എക്സിക്യൂട്ടീവ് ഓഫീസർ കെ. മുരാരി ബാബു, അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ ബിജു വി നാഥ് എന്നിവർ ചേർന്ന സന്നിധാനത്തേക്ക് ആനയിക്കും. ആറേകാലോടെ പതിനെട്ടാം പടികയിൽ കൊടിമരിച്ചവട്ടിൽ എത്തുന്ന തങ്ക അങ്കി പേടകത്തെ തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡണ്ട് അഡ്വ. പി.എസ് പ്രശാന്ത്, അംഗങ്ങളായ അഡ്വ. എ. അജികുമാർ, സുന്ദരേശൻ, ശബരിമല സ്പെഷ്യൽ കമ്മീഷണർ കെ. ജയകൃഷ്ണൻ, ദേവസ്വം കമ്മീഷണർ സി.വി പ്രകാശ് എന്നിവർ ചേർന്ന് സോപാനത്തേക്ക് ആനയിക്കും. 

തുടർന്ന് തന്ത്രി കണ്ഠരര് രാജീവര് , മേൽശാന്തി അരുൺ കുമാർ നമ്പൂതിരി എന്നിവർ ചേർന്ന് ഏറ്റുവാങ്ങുന്ന തങ്കയങ്കി ശ്രീകോവിന് ഉള്ളിലേക്ക് കൊണ്ടു പോകും. തുടർന്ന് ആറരയ്ക്ക് തങ്കയങ്കി ചാർത്തിയുള്ള ദീപാരാധന നടക്കും. 26ന് മണ്ഡല പൂജയ്ക്കുശേഷം രാത്രി പത്തിന് ഹരിവരാസനം പാടി നടക്കുന്നതോടെ മണ്ഡലകാല ഉത്സവത്തിന് പരിസമാപ്തി കുറിക്കും.