പാലക്കാട്:മണ്ണാര്‍ക്കാട് കരിമ്പുഴ തോട്ടര ഈങ്ങാക്കോടന്‍ മമ്മിയുടെ ഭാര്യ നബീസയെ (71) വിഷംനല്‍കി കൊലപ്പെടുത്തിയ കേസില്‍ പ്രതികള്‍ക്ക് ജീവപര്യന്തം തടവുശിക്ഷവിധിച്ച് കോടതി. നബീസയുടെ മകളുടെ മകന്‍ തോട്ടര പടിഞ്ഞാറേതില്‍ ബഷീര്‍ (45), ഭാര്യ ഫസീല (36) എന്നിവര്‍ക്കാണ് ശിക്ഷ ലഭിച്ചത്. പ്രതികള്‍ക്ക് രണ്ടുലക്ഷം രൂപ പിഴയും കോടതി വിധിച്ചു. മണ്ണാര്‍ക്കാട് പട്ടികജാതി-പട്ടികവര്‍ഗ പ്രത്യേക കോടതി ജഡ്ജി ജോമോന്‍ ജോണ്‍ ആണ് വിധി പ്രസ്താവിച്ചത്.
2016 ജൂണ്‍ 23-നാണു നബീസ കൊല്ലപ്പെട്ടത്. മണ്ണാര്‍ക്കാട് നൊട്ടമലയിലെ ബന്ധുവീട്ടിലെത്തിയ നബീസയെ ബഷീറും ഫസീലയും ചേര്‍ന്ന്, ഇവര്‍ വാടകയ്ക്കു താമസിക്കുന്ന മണ്ണാര്‍ക്കാട് നമ്പിയാംകുന്നിലെ വീട്ടിലേക്കു കൊണ്ടുപോയി ഭക്ഷണത്തില്‍ വിഷം കലര്‍ത്തിയും പിന്നീട് ബലമായി വായില്‍ വിഷം ഒഴിച്ചുനല്‍കിയും കൊലപ്പെടുത്തിയെന്നാണു കേസ്.
പിറ്റേദിവസം പുലര്‍ച്ചെ മൃതദേഹം കാറില്‍ കൊണ്ടുപോയി ആര്യമ്പാവ് റോഡിലെ ചെട്ടിക്കാട് ഭാഗത്ത് ഉപേക്ഷിക്കുകയായിരുന്നുവെന്നും പറയുന്നു. അസ്വഭാവികമരണത്തിനു നാട്ടുകല്‍ പോലീസാണു കേസ് രജിസ്റ്റര്‍ചെയ്തത്. മൃതദേഹത്തിനുസമീപമുള്ള ബാഗില്‍നിന്ന് ആത്മഹത്യാക്കുറിപ്പും നബീസയുടെ ഫോണും കണ്ടെടുത്തിരുന്നു. ഇതിലെ ആത്മഹത്യാക്കുറിപ്പാണു കൊലപാതകത്തിന്റെ ചുരുളഴിച്ചത്.
നബീസയ്ക്ക് എഴുതാന്‍ അറിയില്ലെന്നു ബന്ധുക്കളും നാട്ടുകാരും പോലീസിനെ അറിയിക്കുകയായിരുന്നു. വീട്ടില്‍നിന്നു സ്വര്‍ണാഭരണങ്ങള്‍ നഷ്ടപ്പെട്ടതുമായി ബന്ധപ്പെട്ട തര്‍ക്കത്തെത്തുടര്‍ന്നു ബഷീറിനെയും ഭാര്യയെയും വീട്ടില്‍നിന്നു മുന്‍പ് പുറത്താക്കിയിരുന്നു. സ്വര്‍ണം മോഷ്ടിച്ചതു നബീസ ബന്ധുക്കളോടും മറ്റും പറഞ്ഞതിലുള്ള വൈരാഗ്യംകൊണ്ടും ബഷീറിന്റെ മാതാവിന്റെ സ്വര്‍ണം കാണാതായതുസംബന്ധിച്ചുള്ള സംശയങ്ങള്‍ പുറത്തുവരാതിരിക്കാനുമാണു പ്രതികള്‍ കൊലപാതകം ആസൂത്രണംചെയ്തതെന്നു കുറ്റപത്രത്തില്‍ പറയുന്നു.