കാനഡയുടെ ഇരുപത്തിനാലാം പ്രധാനമന്ത്രിയായി അധികാരമേറ്റ് മാര്‍ക്ക് കാര്‍ണി. ജസ്റ്റിന്‍ ട്രൂഡോ ഔദ്യോഗികമായി രാജി സമര്‍പ്പിച്ചതിന് പിന്നാലെയാണ് മാര്‍ക്ക് കാര്‍ണി അധികാരമേറ്റത്. ഒട്ടാവയിലെ പാര്‍ലമെന്റ് സമുച്ചയത്തില്‍ നടന്ന സ്ഥാനാരോഹണ ചടങ്ങില്‍ ഗവര്‍ണര്‍ ജനറല്‍ മേരി സൈമണ്‍ അധ്യക്ഷത വഹിച്ചു. മുന്‍ പ്രധാനമന്ത്രിമാര്‍, ഗവര്‍ണര്‍ ജനറല്‍മാര്‍ തുടങ്ങി രാജ്യത്തെ പ്രമുഖ രാഷ്ട്രീയ നേതാക്കളും ചടങ്ങില്‍ പങ്കെടുത്തു. എന്നാല്‍ രാജിവച്ച ജസ്റ്റിന്‍ ട്രൂഡോ ചടങ്ങിന് എത്തിയിരുന്നില്ല.
കാര്‍ണി മന്ത്രിസഭയില്‍ 24 അംഗങ്ങളാണുള്ളത്. ട്രൂഡോ സര്‍ക്കാരിലെ 17 മന്ത്രിമാരെ ഒഴിവാക്കിയിട്ടുണ്ട്. രണ്ട് ഇന്ത്യന്‍ വംശജരും മന്ത്രിസഭയിലുണ്ട്. അനിത ആനന്ദ് മിനിസ്ട്രി ഓഫ് ഇന്നോവേഷന്‍ ശാസ്ത്ര - വ്യവസായ മന്ത്രിയാകും. കമല്‍ ഖേരക്ക് ആരോഗ്യ മന്ത്രിയാകും. മെലണി ജോണി വിദേശകാര്യ മന്ത്രിയാകും. ട്രൂഡോ സര്‍ക്കാരിലെ ധനമന്ത്രി ഡൊമിനിക് ലെ ബ്ലാങ്ക് പുതിയ അന്താരാഷ്ട്ര വ്യാപാര മന്ത്രിയാകും. ഫ്രാന്‍സ്വാ ഫിലിപ്പെയാകും പുതിയ ധനമന്ത്രി. അതേ സമയം അടുത്ത ആഴ്ച്ച യൂറോപ്പ് സന്ദര്‍ശിക്കാനൊരുങ്ങുകയാണ് കാര്‍ണി. ബ്രിട്ടന്‍, ഫ്രാന്‍സ് എന്നീ രാജ്യങ്ങളിലെത്തുന്ന കാര്‍ണി, യു കെ പ്രധാനമന്ത്രി, ഫ്രഞ്ച് പ്രസിഡന്റ് എന്നിവരുമായും ചര്‍ച്ചകള്‍ നടത്തും. അമ്പത്തിയൊമ്പതുകാരനായ കാര്‍ണി സാമ്പത്തിക ശാസ്ത്രജ്ഞന്‍ കൂടിയാണ്.