ഹമീദ്പുര്‍: കല്ല്യാണ സദ്യയ്ക്ക് പനീര്‍ കിട്ടാത്തതിന്റെ ദേഷ്യത്തില്‍ വിവാഹത്തിന് എത്തിയ ആളുകള്‍ക്കിടയിലേക്ക് മിനിബസ് ഓടിച്ചുകയറ്റി യുവാവ്. ശനിയാഴ്ച ഉത്തര്‍പ്രദേശിലെ ഹമീദ്പുരില്‍ നടന്ന വിവാഹത്തിനിടെയായിരുന്നു വിചിത്ര സംഭവം.
സംഭവത്തില്‍ ആറ് പേര്‍ക്ക് പരിക്കേല്‍ക്കുകയും മൂന്ന് ലക്ഷത്തോളം രൂപയുടെ വസ്തുവകകള്‍ക്ക് നാശനഷ്ടമുണ്ടാകുകയും ചെയ്തു. രാജ്നാഥ് യാദവ് എന്ന വ്യക്തിയുടെ മകളുടെ വിവാഹത്തിനിടെയാണ് സംഭവം.
ശനിയാഴ്ച വൈകിട്ട് വിവാഹഘോഷയാത്ര വിവാഹപ്പന്തലിലെത്തിയ ശേഷം ധര്‍മേന്ദ്ര യാദവ് എന്ന യുവാവ് ഭക്ഷണം നല്‍കുന്നിടത്തേക്ക് പോയി. അവിടെ ഭക്ഷണം കഴിക്കാന്‍ ഇരുന്നിട്ടും ധര്‍മേന്ദ്ര യാദവിന് ആരും പനീര്‍ വിളമ്പി നല്‍കിയില്ല.
ധര്‍മേന്ദ്ര യാദവ്ഭക്ഷണം കഴിച്ചുകൊണ്ടിരുന്ന മറ്റുളളവരുടെ പാത്രത്തില്‍ പനീര്‍ കണ്ടതോടെ പനീറിന്റെ കാര്യം ചോദിച്ച് ബഹളമുണ്ടാക്കാന്‍ തുടങ്ങി. തുടര്‍ന്ന് ദേഷ്യത്തില്‍ പുറത്തിറങ്ങിപ്പോയ അയാള്‍ ബസ്സോടിച്ച് വിവാഹ വേദിയിലേക്ക് എത്തുകയായിരുന്നു.
അവിടെ വിഹാഹത്തിന് പങ്കെടുക്കാന്‍ എത്തിയ അതിഥികള്‍ക്കിടയിലേക്ക് ബസ് കയറ്റുകയായിരുന്നു. ആക്രമണത്തില്‍ വരന്റെ അച്ഛനും വധുവിന്റെ അമ്മാവനും ഉള്‍പ്പെടെ പരുക്കറ്റു. പരിക്കേറ്റവര്‍ വാരാണസിയിലെ ആശുപത്രിയില്‍ ചികിത്സയിലാണ്.
യുവാവിനെതിരെ കേസ് രജിസ്റ്റര്‍ ചെയ്യാതെ വിവാഹച്ചടങ്ങുകളുമായി സഹകരിക്കാന്‍ സാധിക്കില്ലെന്ന് വരന്റെ വീട്ടുകാര്‍ അറിയിച്ചതോടെ വധുവിന്റെ കുടുംബം ധര്‍മേന്ദ്രയ്ക്കെതിരെ പോലീസില്‍ പരാതി നല്‍കി. സംഭവത്തിന് പിന്നാലെ ധര്‍മേന്ദ്ര സ്ഥലത്ത് നിന്നും കടന്നുകളഞ്ഞിരുന്നു.