കൊല്ലം മരുതിമലയിൽ നിന്നും താഴേക്ക് ചാടി ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന 14കാരിയും മരിച്ചു

10:05 AM Oct 21, 2025 |


കൊല്ലം : മുട്ടറ മരുതിമലയിൽ നിന്നും താഴേക്ക് ചാടി ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന പെൺകുട്ടിയും മരിച്ചു. അടൂർ മുണ്ടപ്പള്ളി പെരിങ്ങനാട് സുവർണഭവനിൽ സുകുവിന്റെ മകൾ 14കാരി ശിവർണയാണ് മരിച്ചത്. ശിവർണ ചികിത്സയിലിരിക്കെയാണ് മരണപ്പെട്ടത്.ഇതോടെ സംഭവത്തിൽ മരണപ്പെട്ട കുട്ടികളുടെ എണ്ണം രണ്ടായി.

ശിവർണയോടൊപ്പം ചാടിയ മറ്റൊരു 14 കാരിയായ മീനു സംഭവ ദിവസം തന്നെ മരിച്ചിരുന്നു. കഴിഞ്ഞ ഒക്ടോബർ 17ന് വൈകിട്ടാണ് ഇരുവരും മുട്ടറ മരുതിമലയുടെ മുകളിൽ നിന്ന് താഴേക്ക് ചാടിയത്. വെള്ളിയാഴ്ച രാവിലെ മുതൽ ഇരുവരെയും കാണാതായിരുന്നു. ഇവരുടെ സ്‌കൂൾ ബാഗുകൾ പെരിങ്ങനാട് സ്‌കൂളിന് സമീപത്തെ കടയിൽനിന്ന് വെള്ളിയാഴ്ച കണ്ടെത്തിയിരുന്നു.പോലീസ് അന്വേഷണം നടത്തി വരുന്നതിനിടെയാണ് ഇരുവരും മുട്ടറ മരുതിമലയിൽ ഇരിക്കുന്നതായി നാട്ടുകാരുടെ ശ്രദ്ധയിൽപ്പെട്ടത്.

ഉടൻതന്നെ നാട്ടുകാർ പൂയപ്പള്ളി പൊലീസിൽ വിവരമറിയിച്ചു. പൊലീസ് സ്ഥലത്തെത്തുമ്പോഴേക്കും ഇരുവരും താഴേക്ക് ചാടിയിരുന്നു. മീനുവിനെ മീയണ്ണൂരിലെ സ്വകാര്യ മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ശിവർണയെ പിന്നീട് തിരുവനന്തപുരം മെഡിക്കൽ കോളേജിലേക്ക് മാറ്റിയെങ്കിലും മരണത്തിന് കീഴടങ്ങുകയായിരുന്നു.