തളിപ്പറമ്പ്: വന്‍ തീപടിത്തമുണ്ടായ തളിപ്പറമ്പില്‍ തീയണയ്ക്കാന്‍ ഫയര്‍ഫോഴ്‌സ് അംഗങ്ങള്‍ പാടുപെടുന്നതിനിടെ സെല്‍ഫിക്കും റീല്‍സിനും തിരക്കുകൂട്ടി ആള്‍ക്കൂട്ടം. തളിപ്പറമ്പ് ബസ്റ്റാന്‍ഡിന് സമീപമുണ്ടായ തീപിടിത്തത്തില്‍ 50 ഓളം കടകള്‍ കത്തിനശിച്ചിരുന്നു. പത്തിലധികം ഫയര്‍ഫോഴ്‌സ് വാഹനങ്ങള്‍ മണിക്കൂറുകളോളം പണിപ്പെട്ടാണ് തീ നിയന്ത്രണവിധേയമാക്കിയത്.
തീപിടിത്തമുണ്ടായപ്പോള്‍ ജനക്കൂട്ടത്തെ നിയന്ത്രിക്കാന്‍ പാടുപെടുകയായിരുന്നു പോലീസും ഫയര്‍ഫോഴ്‌സും. ഏതെങ്കിലും രീതിയില്‍ പൊട്ടിത്തെറിയുണ്ടായാല്‍ നൂറുകണക്കിന് ആളുകളെ ബാധിക്കും. തീപിടിത്തം കാണാന്‍ ദൂരസ്ഥലങ്ങളില്‍ നിന്നുപോലും ആളുകളെത്തി ഹൈവേയില്‍ തിരക്കുകൂട്ടി. ഉത്സവത്തിനെന്ന പോലെ വീഡിയോയും സെല്‍ഫിയുമെടുക്കാനുള്ള തിരിക്കിലായിരുന്നു കാഴ്ചക്കാര്‍.
അപകടസ്ഥലത്ത് തീ നിയന്ത്രിക്കുന്നതിനൊപ്പം ജനക്കൂട്ടത്തേയും നിയന്ത്രിക്കേണ്ടിവരുന്നത് പരിതാപകമാണ്. ഒരു കാരണവശാലും ജനങ്ങളോ ജനക്കൂട്ടമുണ്ടാക്കുന്ന രീതിയില്‍ രാഷ്ട്രീയക്കാരോ പ്രദേശത്ത് എത്തരുതെന്നാണ് ദുരന്തനിവാരണ വിദഗ്ധര്‍ നിരന്തരം മുന്നറിയിപ്പ് നല്‍കുന്നത്. ഇത് ദുരന്തനിവാരണം മന്ദഗതിയിലാക്കുകയും അപകടത്തിന്റെ വ്യാപ്തി വര്‍ദ്ധിക്കാന്‍ ഇടയാവുകയും ചെയ്യും.
പത്ത് കോടിയിലധികം രൂപയുടെ നഷ്ടം തീപിടിത്തത്തില്‍ ഉണ്ടായതായാണ് പ്രാഥമിക വിലയിരുത്തല്‍. നൂറുകണക്കിന് ആളുകളുടെ ജീവനോപാധിയും മിനിറ്റുകള്‍കൊണ്ട് ഇല്ലാതായി. തീപിടിത്തത്തിന്റെ ഇത്തരമൊരു ആശങ്കയ്ക്കിടയിലാണ് ദുരന്തസ്ഥലത്ത് ടൂറിസമെന്ന പോലെ സ്ഥലത്ത് ആളുകള്‍ ഒഴുകിയെത്തിയത് എന്നതാണ് വിരോധാഭാസം. ദുരന്തനിവാരണം തടസ്സപ്പെടുത്തുന്ന രീതിയില്‍ സ്ഥലത്ത് പോകാതിരിക്കുകയെന്ന സമാന്യമര്യദപോലും ഇല്ലാത്ത സമൂഹമായി മലയാളികള്‍ മാറിക്കഴിഞ്ഞു.