കൊച്ചി: റിലയന്‍സിനും ജിയോയ്ക്കും വേണ്ടി നരേന്ദ്ര മോദി സര്‍ക്കാര്‍ പല കാര്യങ്ങളിലും വിട്ടുവീഴ്ച ചെയ്യുന്നെന്നും ഇത് സര്‍ക്കാരിന് കോടികളുടെ നഷ്ടമുണ്ടാക്കുന്നുണ്ടെന്നും കാലങ്ങളായുള്ള പ്രതിപക്ഷത്തിന്റെ ആരോപണങ്ങളാണ്. ഇക്കാര്യം ശരിവെക്കുകയാണ് സിഎജിയുടെ കണക്കുകള്‍.
നിഷ്‌ക്രിയ അടിസ്ഥാന സൗകര്യം പങ്കിടല്‍ കരാര്‍ പ്രകാരം 2014 മെയ് മുതല്‍ 10 വര്‍ഷത്തേക്ക് ബിഎസ്എന്‍എല്‍ റിലയന്‍സ് ജിയോയ്ക്ക് ബില്‍ നല്‍കാത്തതിനാല്‍ 1,757.56 കോടിയുടെ നഷ്ടം സംഭവിച്ചതായി കംപ്‌ട്രോളര്‍ ആന്‍ഡ് ഓഡിറ്റര്‍ ജനറല്‍ അറിയിച്ചു.
ടെലികോം സേവന ദാതാക്കള്‍ക്ക് നല്‍കിയ വരുമാന വിഹിതത്തില്‍നിന്ന് ലൈസന്‍സ് ഫീസിന്റെ വിഹിതം കുറയ്ക്കുന്നതിലും ബിഎസ്എന്‍എല്‍ വീഴ്ച വരുത്തി. ഇതിലൂടെ 38 കോടി 36 ലക്ഷം രൂപയുടെ നഷ്ടമുണ്ടായി. കരാറിലെ നിബന്ധനകളും വ്യവസ്ഥകളും പാലിക്കാത്തതിനാല്‍ ജിഎസ്ടി ഉള്‍പ്പെടെ 29 കോടി രൂപയുടെ വരുമാന നഷ്ടമുണ്ടായെന്നും സിഎജിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു.
ബിഎസ്എന്‍എല്ലിന്റെ സാമ്പത്തിക മാനേജ്മെന്റിലും കരാര്‍ നിര്‍വ്വഹണത്തിലുമുണ്ടായ വീഴ്ചകള്‍ സിഎജി റിപ്പോര്‍ട്ടില്‍ വ്യക്തമാകുന്നുണ്ട്. ഇത് പൊതുമേഖലാ ടെലികോം മേഖലയിലെ വരുമാന ചോര്‍ച്ചയെക്കുറിച്ചുള്ള ആശങ്കകള്‍ ഉയര്‍ത്തുന്നു. സിഎജിയുടെ നിരീക്ഷണങ്ങളോട് സര്‍ക്കാര്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല.
ദീര്‍ഘകാല സാമ്പത്തിക ദുരുപയോഗം റിപ്പോര്‍ട്ട് എടുത്തുകാണിക്കുന്നതിനാല്‍, കൂടുതല്‍ നഷ്ടങ്ങള്‍ തടയുന്നതിന് ബിഎസ്എന്‍എല്ലിന്റെ കരാറുകളിലും പ്രവര്‍ത്തന നയങ്ങളിലും കര്‍ശനമായ മേല്‍നോട്ടത്തിലേക്ക് നയിച്ചേക്കാമെന്ന് വ്യവസായ വിദഗ്ധര്‍ ചൂണ്ടിക്കാട്ടി.
ജിയോയ്ക്ക് ബില്‍ നല്‍കാത്ത് ബിഎസ്എന്‍എല്ലിന്റെ ഒത്തുകളിയാണെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഉറ്റ സുഹൃത്തായ മുകേഷ് അംബാനിക്കുവേണ്ടി സര്‍ക്കാര്‍ ഖജനാവ് തുറന്നുവെക്കുകയാണെന്നും സോഷ്യല്‍ മീഡിയ കുറ്റപ്പെടുത്തുന്നു.