
തിരുവനന്തപുരം: അതിദാരിദ്ര്യമുക്ത പ്രഖ്യാപനത്തിൽ വിശദീകരണവുമായി മന്ത്രി എംബി രാജേഷ്. നേട്ടത്തിന് വലിയ സ്വീകാര്യതയാണ് ലഭിച്ചതെന്നും ദേശീയ, അന്തർദേശീയ മാധ്യമങ്ങൾ വിഷയം ചർച്ച ചെയ്തുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. തദ്ദേശ സ്ഥാപനങ്ങൾക്ക് അഭിമാന നിമിഷമാണിതെന്നും അദ്ദേഹം പറഞ്ഞു.
ക്രെഡിറ്റ് മോദി സർക്കാരിനാണെന്ന ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറിന്റെ വാദത്തെ മന്ത്രി പരിഹസിച്ചു. ക്രെഡിറ്റ് അവകാശപ്പെടുന്നവർ രാജ്യത്ത് മറ്റ് സംസ്ഥാനങ്ങളിലും ഈ നേട്ടം കൈവരിക്കാൻ ശ്രമിക്കണം. നേട്ടം മോദി സർക്കാരിനാണ് എന്ന് പറയുന്നവരുണ്ട്. അവരോട് ഒരു കാര്യം മാത്രമേ പറയാനുള്ളൂവെന്ന് പറഞ്ഞ മന്ത്രി രാജ്യത്തെ മുഴുവൻ അതിദാരിദ്ര്യ മുക്തമാക്കി ചെയ്ത് കാണിക്കണമെന്നും ആവശ്യപ്പെട്ടു.
വിദഗ്ധർ എന്ന് പറയുന്നവർ ഒരു സുപ്രഭാതത്തിൽ എഴുന്നേറ്റ് ചോദ്യങ്ങൾ ഉന്നയിക്കുകയാണ്. ഇതിന്റെ സാങ്കേതികത്വം മനസിലാകുന്നില്ല. ഉറക്കത്തിൽ ഞെട്ടി എഴുന്നേറ്റ് പ്രഖ്യാപിച്ച കാര്യമല്ലിത്. ആരോപണത്തിന് പിന്നിൽ രാഷ്ട്രീയമുണ്ട്. അതിദാരിദ്ര്യ നിർമാർജന രേഖ പൊതു സമൂഹത്തിന് മുന്നിലുണ്ട്. ഭക്ഷണം, ആരോഗ്യം, വസ്ത്രം, സുരക്ഷിത വാസസ്ഥലം എന്നിവ ഇല്ലാത്തവരാണ് അതിതീവ്ര ദരിദ്രർ. ഏറ്റവും നിസഹായരായ മനുഷ്യരാണ് ഈ പദ്ധതിയിലുള്ളതെന്നും മന്ത്രി പറഞ്ഞു.
 
  
  
 