ആ അച്ചാര്‍ കുപ്പി തുറന്നുനോക്കിയില്ലെങ്കിലോ, സൗദി ജയിലില്‍ നിന്നും പുറംലോകം കാണില്ല, വധശിക്ഷവരെ ലഭിക്കാം, പ്രവാസികളെ എത്ര അടുപ്പമുള്ളവര്‍ തന്നാലും പാര്‍സലുകള്‍ നിര്‍ബന്ധമായും പരിശോധിക്കുക

01:24 PM Aug 01, 2025 | Raj C

കണ്ണൂര്‍: ഗള്‍ഫിലേയ്ക്ക് കൊണ്ടുപോകാന്‍ അയല്‍വാസിയായ യുവാവ് കൊടുത്ത അച്ചാര്‍ കുപ്പിയില്‍ മയക്കുമരുന്ന് കണ്ടെത്തിയ സംഭവം എല്ലാ പ്രവാസികള്‍ക്കും പാഠമാണ്. കണ്ണൂര്‍ ചക്കരക്കല്‍ ഇരിവേരി കണയന്നൂര്‍ സ്വദേശി മിഥിലാജിന് കൊണ്ടുപോകാനായി എത്തിച്ച അച്ചാറിലാണ് എംഡിഎംഎയും ഹാഷിഷ് ഓയിലും കണ്ടെത്തിയത്. സംഭവത്തില്‍ അച്ചാര്‍ മിഥിലാജിന്റെ വീട്ടിലെത്തിച്ച അയല്‍വാസിയായ ജിസിന്‍, ശ്രീലാല്‍, അര്‍ഷാദ് എന്നിവരെ പോലീസ് കസ്റ്റഡിയിലെടുത്തു.

മിഥിലാജിന്റെ കൂടെ ജോലി ചെയ്യുന്ന വഹീന്‍ എന്നയാള്‍ക്ക് കൊടുക്കണമെന്ന് പറഞ്ഞാണ് അച്ചാര്‍ എത്തിച്ചിരുന്നത്. അച്ചാര്‍ കുപ്പിയുടെ സീല്‍ പൊട്ടിച്ചതുകണ്ട് സംശയം തോന്നിയതിനെ തുടര്‍ന്ന് തുറന്നുനോക്കിയപ്പോള്‍ മയക്കുമരുന്ന് കണ്ടെടുക്കുകയായിരുന്നു. ഉടന്‍ പോലീസിനെ വിവരമറിയിക്കുകയും ചെയ്തു. 0.260 ഗ്രാം എംഡിഎംഎയും 3.40 ഗ്രാം തൂക്കം വരുന്ന ഹാഷിഷ് ഓയിലുമാണ് കണ്ടെടുത്തത്.

സൗദി അറേബ്യയിലെ വിമാനത്താവളത്തില്‍ വെച്ച് മിഥിലാജിന്റെ കൈയ്യില്‍ നിന്നും ഇവ പിടികൂടിയിരുന്നെങ്കില്‍ പുറംലോകം കാണാതെ വര്‍ഷങ്ങളോളം ജയിലില്‍ കിടക്കേണ്ടിവന്നേന. സൗദിയില്‍ വധശിക്ഷപോലും ലഭിക്കുന്ന കുറ്റമാണ് മയക്കുമരുന്ന് കടത്ത്.

മയക്കുമരുന്ന് കടത്തുകാര്‍, വിതരണക്കാര്‍, ഉപയോക്താക്കള്‍ എന്നിവരെ വ്യത്യസ്തമായി കണക്കാക്കിയാണ് സൗദിയില്‍ ശിക്ഷ വിധിക്കുക. എംഡിഎംഎ പോലുള്ള നിയന്ത്രിത വസ്തുക്കള്‍ കൈവശം വയ്ക്കുന്നത് ഗുരുതരമായ കുറ്റമായി കണക്കാക്കപ്പെടുന്നു.

മയക്കുമരുന്ന് രാജ്യത്തേക്ക് കടത്തുന്നവര്‍ക്ക് ഏറ്റവും കഠിനമായ വധശിക്ഷ വരെ ലഭിക്കാം. ചെറിയ അളവില്‍ കൈവശം വച്ചാല്‍ പോലും 5 വര്‍ഷം വരെ തടവും 30,000 സൗദി റിയാല്‍ വരെ പിഴയും ലഭിക്കാം.

സൗദി അറേബ്യയിലേക്ക് എത്തുന്ന എല്ലാ പാര്‍സലുകളും കര്‍ശനമായ പരിശോധനയ്ക്ക് വിധേയമാക്കാറുണ്ട്. ഇതിനായി, വിമാനത്താവളങ്ങളിലും തുറമുഖങ്ങളിലും അത്യാധുനിക സ്‌കാനിംഗ് ഉപകരണങ്ങളും മയക്കുമരുന്ന് കണ്ടെത്താന്‍ പരിശീലനം ലഭിച്ച നായകളേയും ഉപയോഗിക്കുന്നു. അച്ചാറിനുള്ളില്‍ എംഡിഎംഎ പോലുള്ള വസ്തുക്കള്‍ മറച്ചുവച്ച് അയച്ചാല്‍, ഇത്തരം പരിശോധനകളില്‍ കണ്ടെത്താനുള്ള സാധ്യത വളരെ കൂടുതലാണ്. കസ്റ്റംസ് ഉദ്യോഗസ്ഥര്‍ സംശയം തോന്നുന്ന പാര്‍സലുകള്‍ തുറന്ന് പരിശോധിക്കാന്‍ അധികാരമുണ്ട്.

സൗദി വിമാനത്താവളത്തില്‍ എംഡിഎംഎ അടങ്ങിയ പാര്‍സല്‍ കണ്ടെത്തിയാല്‍, ഉടനടി കസ്റ്റഡിയിലെടുക്കപ്പെടും. മയക്കുമരുന്ന് കടത്തലിന്റെ ഗൗരവം കണക്കിലെടുത്ത്, പ്രതിയെ വിചാരണയ്ക്ക് മുമ്പ് ദീര്‍ഘനാളത്തേക്ക് തടവില്‍ വയ്ക്കാം. വിചാരണ വരെ മാസങ്ങളോ വര്‍ഷങ്ങളോ കാത്തിരിക്കേണ്ടി വന്നേക്കാം.

വിദേശത്തേക്ക് മറ്റുള്ളവര്‍ തന്നുവിടുന്ന പാര്‍സലുകള്‍ നിര്‍ബന്ധമായും പരിശോധിക്കണം. നേരത്തെ, മലയാളികള്‍ തന്നെ ഈ രീതിയില്‍ ഗള്‍ഫിലെ ജയിലില്‍ അകപ്പെട്ട സംഭവങ്ങളുണ്ട്. എത്ര അടുപ്പമുള്ളവര്‍ ആയാലും പാര്‍സലുകള്‍ അഴിച്ച് പരിശോധിച്ചശേഷം മാത്രം കൊണ്ടുപോവുക. മരുന്നുകള്‍ ആണെങ്കില്‍, ഡോക്ടറുടെ കുറിപ്പടിയും ബില്ലും ഉള്‍പ്പെടുത്തുക.