പത്ത് വയസുകാരനായ മകനെ മറയാക്കി എംഡിഎംഎ വിൽപ്പന; തിരുവല്ലയിൽ പിതാവിനെതിരെ ബാലനീതി നിയമപ്രകാരം കേസ്

07:33 PM Mar 09, 2025 | Kavya Ramachandran

തിരുവല്ല:തിരുവല്ലയിൽ പത്ത് വയസുകാരനായ മകനെ മറയാക്കി എംഡിഎംഎ വിൽപ്പന നടത്തിയ സംഭവത്തില്‍ റിമാൻഡിൽ ആയ മുഹമ്മദ് ഷെമീറിനെതിരെ ബാലനീതി നിയമപ്രകാരം കേസ് എടുത്തു. കുട്ടിയുടെ അമ്മയുടെ പരാതിയിലാണ് നടപടി. പത്തു വയസ്സുകാരനെ ഉപയോഗിച്ച് കുറ്റകൃത്യം നടത്തിയെന്ന കുട്ടിയുടെ അമ്മയുടെ പരാതിയിലാണ്  തിരുവല്ല പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്. 

പ്രതിയും കുട്ടിയുടെ അമ്മയും ദീര്‍ഘകാലമായി അകന്നുകഴിയുകയാണ്. പ്രതിയുടെ കസ്റ്റഡി അപേക്ഷ സമര്‍പ്പിക്കാന്‍ രണ്ട് ദിവസം വൈകുമെന്ന് പോലീസ് വൃത്തങ്ങള്‍ അറിയിച്ചു. പ്രഥമികമായ തെളിവുശേഖരണത്തിന് വേണ്ടി കൂടുതല്‍ അന്വേഷണങ്ങള്‍ക്ക് വേണ്ടിയാണ് നടപടി. എറണാകുളത്തുനിന്ന് എത്തിക്കുന്ന എംഡിഎംഎ രണ്ടോ മൂന്നോ ഗ്രാം അടങ്ങുന്ന പക്കറ്റിലാക്കി തിരുവല്ലയിലും പരിസരങ്ങളിലുമുള്ള സ്‌കൂള്‍, കോളേജ്, മെഡിക്കൽ കോളേജ് എന്നിവിടങ്ങളിൽ കേന്ദ്രീകരിച്ചാണ് ഇയാള്‍ വില്‍പ്പനനടത്തിയിരുന്നതെന്ന് ഡി.വൈഎസ്.പി. എസ്.അഷാദ് പറഞ്ഞു. 

കഴിഞ്ഞ ആറു മാസമായി മുഹമ്മദ് ഷെമീര്‍ ജില്ലാ ഡാന്‍സാഫ് ടീമിന്റെയും തിരുവല്ല പോലീസിന്റെയും നിരീക്ഷണത്തിലായിരുന്നു. തിരുവല്ലയിലെ പ്രഫഷണല്‍ കോളേജ് വിദ്യാര്‍ത്ഥികള്‍ക്ക് അരികിലേക്ക് മയക്കുമരുന്ന് പ്ലാസ്റ്റിക് കവറിലാക്കി മകന്റെ ശരീരത്തില്‍ സെല്ലോടേപ്പുവെച്ച് ഒട്ടിച്ച് എത്തിച്ച് വില്‍ക്കുകയായിരുന്നു ഇയാളുടെ രീതി. കുട്ടിയുമായി കാറിലോ ബൈക്കിലോ വില്‍പ്പനയ്ക്കുപോവുകയായിരുന്നു പ്രതിയുടെ പതിവ്. . ലഹരിവില്‍പ്പനയ്ക്കിടെ പോലീസ് പരിശോധനയില്‍നിന്ന് രക്ഷപ്പെടാനാണ് മകനെ മറയാക്കിയിരുന്നതെന്ന് ചോദ്യം ചെയ്യലിൽ പ്രതി മൊഴി നൽകിയിരുന്നു.