പൈവളിഗയില്‍ പതിനഞ്ചുകാരിയേയും അയല്‍വാസിയേയും മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ഞെട്ടല്‍ മാറാതെ പ്രദേശവാസികള്‍. ഫെബ്രുവരി 12ന് കാണാതായ പെണ്‍കുട്ടിക്കായി 26ഓളം ദിവസം കുടുംബവും പ്രദേശവാസികളും തിരച്ചില്‍ ഊര്‍ജിതമാക്കിയിരുന്നു. ഇതിനിടെയാണ് വീട്ടില്‍ നിന്ന് 200 മീറ്റര്‍ അകലെ കുട്ടിയേയും അയല്‍വാസിയായ പ്രദീപിനേയും മരിച്ചനിലയില്‍ കണ്ടെത്തുന്നത്.
പ്രദീപ് പെണ്‍കുട്ടിയുടെ പിതാവിന്റെ സുഹൃത്തായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. പിതാവിന്റെ ചികിത്സാ ആവശ്യങ്ങള്‍ക്കുള്‍പ്പെടെ ഓട്ടോ ഡ്രൈവറായ പ്രദീപാണ് എത്തിയിരുന്നത്. വീട്ടിലേക്ക് മറ്റ് ആവശ്യങ്ങള്‍ക്കും പ്രദീപ് എത്തിയിരുന്നതായി പ്രദേശവാസികള്‍ പറഞ്ഞു.
അനുജത്തിക്കൊപ്പം രാത്രി ഉറങ്ങാന്‍ പോയ മകളെ പുലര്‍ച്ചെയോടെയാണ് കാണാനില്ലെന്ന് കുടുംബം മനസിലാക്കിയത്. അന്വേഷണത്തില്‍ വീടിന്റെ പിന്‍വാതില്‍ തുറന്നാണ് കുട്ടി പുറത്തേക്ക് പോയതെന്ന് കണ്ടെത്തി. ഇതോടെ പിതാവ് ആദ്യം വിളിച്ചത് സുഹൃത്തും അയല്‍വാസിയുമായ പ്രദീപിനെയായിരുന്നു. എന്നാല്‍ പ്രദീപിനെ ഫോണില്‍ ബന്ധപ്പെടാനായില്ല. ഇതോടെ കുടുംബം കുട്ടിയ്ക്കായുള്ള അന്വേഷണം ആരംഭിച്ചു. കുട്ടിയുടെ ഫോണ്‍ ആദ്യം വിളിച്ചപ്പോള്‍ റിംഗ് ചെയ്തിരുന്നുവെങ്കിലും പിന്നീട് സ്വിച്ച് ഓഫ് ആകുകയായിരുന്നു. പ്രദീപിന്റെ ഫോണിും സമാനരീതിയില്‍ സ്വിച്ച് ഓഫ് ആയി. ഇതോടെയാണ് പ്രദീപ് ആയിരിക്കാം കുട്ടിയെ തട്ടിക്കൊണ്ടുപോയതെന്ന സംശയം ഉയര്‍ന്നത്.
ടവര്‍ ലൊക്കേഷന്‍ കണ്ടെത്തിയത് വീടിന് സമീപമുള്ള കാട്ടിലായിരുന്നു. ഇതോടെ ഈ പ്രദേശം കേന്ദ്രീകരിച്ച് നാട്ടുകാര്‍ തിരച്ചില്‍ ഊര്‍ജിതമാക്കിയിരുന്നു. 90 ഏക്കര്‍ വിസ്തൃതിയുള്ള കാട്ടില്‍ പ്രദേശവാസികള്‍ നടത്തിയ തിരച്ചിലിലാണ് ഇരുവരുടേയും മൃതദേഹം കണ്ടെത്തിയത്.
മൃതദേഹങ്ങള്‍ക്ക് ഒന്നരയാഴ്ചത്തെ പഴക്കമുണ്ടെന്നാണ് പൊലീസ് വ്യക്തമാക്കിയത്. അഴുകിയ നിലയിലായിരുന്നു രണ്ട് മൃതദേഹങ്ങളും കണ്ടെത്തിയത്. മൃതദേഹത്തിന് സമീപം ഇരുവരുടെയും മൊബൈല്‍ ഫോണുകളും ഒരു കത്തിയും കിറ്റ്കാറ്റ് കവറും കണ്ടെത്തിയിട്ടുണ്ട്. വിഷയത്തില്‍ പൊലീസ് അന്വേഷണം പുരോഗമിക്കുകയാണ്.