യന്ത്രതകരാര്‍ ; യാത്രക്കാരെ മണിക്കൂറുകള്‍ക്ക് ശേഷം മറ്റൊരു വിമാനത്തില്‍ ദില്ലിയിലെത്തിച്ചു

06:40 AM Aug 18, 2025 | Suchithra Sivadas

കൊച്ചി -ദില്ലി എയര്‍ഇന്ത്യ വിമാനം ദില്ലിയില്‍ എത്തി. യന്ത്ര തകരാറിനെ തുടര്‍ന്ന് കൊച്ചിയില്‍ നിന്ന് ടേക്ക് ഓഫ് നടത്താതെ പിന്‍വാങ്ങിയ എയര്‍ ഇന്ത്യ വിമാനത്തിലെ യാത്രക്കാരെ മണിക്കൂറുകള്‍ക്കുശേഷമാണ് മറ്റൊരു വിമാനത്തില്‍ ദില്ലിയിലെത്തിച്ചത്. പുലര്‍ച്ചെ 2.44നാണ് പകരം വിമാനം കൊച്ചിയില്‍ നിന്ന് ദില്ലിയിലേക്ക് പുറപ്പെട്ടത്. അല്‍പ്പസമയം മുമ്പ് പുലര്‍ച്ചെ 5.33നാണ് വിമാനം ദില്ലിയില്‍ ലാന്‍ഡ് ചെയ്തത്. കൊച്ചിയില്‍ നിന്ന് ദില്ലിയിലേക്കുള്ള എയര്‍ ഇന്ത്യ വിമാനം 504 റണ്‍വേയില്‍ നിന്ന് തെന്നി മാറിയതായി സംശയിക്കുന്നുവെന്ന് ഹൈബി ഈഡന്‍ എംപി ഫെയ്‌സ്ബുക്കില്‍ കുറിച്ചതോടെയാണ് ആശങ്ക പുറത്തറിഞ്ഞത്.


 ഇന്നലെ രാത്രി 10.34 ന് പുറപ്പെടേണ്ട വിമാനത്തിന്റെ ടേക്ക് ഓഫ് വൈകുകയാണെന്നും വിമാനത്തിന് എന്തോ അസ്വഭാവികമായി തോന്നിയെന്നുമാണ് ഹൈബി ഈഡന്‍ എംപി ഫെയ്‌സ്ബുക്കിലൂടെ പങ്ക് വെച്ചത്. പിന്നാലെയാണ് എഞ്ചിന്‍ തകരാറെന്ന് ക്രൂ വിശദീകരിച്ചത്. എഞ്ചിന്‍ തകരാര്‍ സ്ഥിരീകരിച്ചെങ്കിലും വിമാനം റണ്‍വേയില്‍ നിന്ന് തെന്നിമാറിയിട്ടില്ലെന്ന് കൊച്ചി വിമാനത്താവള കമ്പനിയായ സിയാല്‍ വ്യക്തമാക്കി.