കോട്ടയം: രോഗികൾ പതിവായി ഉപയോഗിക്കുന്ന മരുന്നുകളുടെ കുറിപ്പടിയിൽ ‘റിപ്പീറ്റ് ഓൾ’ എന്ന് ചില ഡോക്ടർമാർ എഴുതുന്നതിൽ നിലപാട് അറിയിക്കാൻ ഡിഎംഒമാരോട് ആവശ്യപ്പെട്ട് ആരോഗ്യവകുപ്പ് . അലോപ്പതി മരുന്നുകൾ ലഹരിക്കായി ദുരുപയോഗം ചെയ്യുന്നത് കണ്ടെത്തിയ സാഹചര്യത്തിൽ വകുപ്പ് നടപടിയിലേക്ക് കടക്കുന്നതിന് പകരം റിപ്പോർട്ട് ആവശ്യപ്പെട്ടത് ആരോഗ്യപ്രവർത്തകർക്കിടയിൽ ചർച്ചയായി.
കുറിപ്പടിയിൽ ‘റിപ്പീറ്റ് ഓൾ’ എന്ന് ചില ഡോക്ടർമാർ എഴുതിവിടുന്നതിൽ അപകടസാധ്യതയുണ്ടെന്ന് ഫാർമസിസ്റ്റുമാരാണ് വകുപ്പിന്റെ ശ്രദ്ധയിൽകൊണ്ടുവന്നത്. മരുന്നുകളുടെ പേരെഴുതാൻ മിനക്കെടാതെ ഇങ്ങനെ 'റിപ്പീറ്റ്' അടിക്കുന്ന ഡോക്ടർമാർക്ക് നല്ലവഴി കാട്ടിക്കൊടുക്കണമെന്നാവശ്യപ്പെട്ട് കേരള ഗവൺമെന്റ് ഫാർമസിസ്റ്റ് അസോസിയേഷൻ ആരോഗ്യവകുപ്പ് ഡയറക്ടർക്ക് കത്തുനല്കിയിരുന്നു.
സാന്ത്വനപരിചരണം ആവശ്യമുള്ളവർക്കും ജീവിതശൈലി രോഗികൾക്കും കമ്യൂണിറ്റി മെന്റൽ ഹെൽത്ത് പ്രോഗ്രാമിലുള്ളവർക്കും പതിവായി ഒരേമരുന്നാണ് കൊടുക്കുന്നത്. അതും ഒരുമാസത്തേത് ഒന്നിച്ച്. രോഗികൾക്ക് മരുന്നുകുറിക്കാനുള്ള ബുക്കും നല്കും. ഓരോ മാസവും നിശ്ചിതദിവസം ഡോക്ടറെ കാണാനെത്തുമ്പോൾ രോഗവിവരം ചോദിക്കും. രോഗിക്ക് എന്തെങ്കിലും മാറ്റമുണ്ടോ എന്ന ചോദ്യത്തിന് ‘ഇല്ല’ എന്നാണ് മറുപടിയെങ്കിൽ ആദ്യം കഴിച്ചമരുന്നുകൾ ‘റിപ്പീറ്റ് ഓൾ’ എഴുതി വിടും. ഏതൊക്കെ മരുന്നാണ് നല്കേണ്ടത് എന്നകാര്യം പേജ് മറിച്ചുനോക്കി ഫാർമസിസ്റ്റുമാർ കണ്ടെത്തണം. അഞ്ചുവർഷം മുമ്പെഴുതിയ മരുന്നുവരെ ഇങ്ങനെ ആവർത്തിക്കുന്നതായി അസോസിയേഷൻ പറയുന്നു. മരുന്ന് എടുത്തുകൊടുക്കാൻ താമസം വരുന്നതിനാലും മാറിനല്കാൻ സാധ്യതയുള്ളതിനാലും ‘റിപ്പീറ്റ് ഓൾ’ ഒഴിവാക്കാൻ ഡിഎംഒ അധ്യക്ഷനായ പത്തനംതിട്ട ജില്ലാ പ്രിസ്‌ക്രിപ്ഷൻ ഓഡിറ്റ് കമ്മിറ്റി കഴിഞ്ഞമാസം ഡോക്ടർമാർക്ക് നിർദേശം നല്കിയിരുന്നു.
കോവിഡ് കാലത്ത് പലരോഗികളും ഡോക്ടറെ നേരിൽകണ്ട് കുറിപ്പടി എഴുതിക്കാതെ ഫാർമസിയിൽനിന്ന് മരുന്നുകൾ വാങ്ങിയിരുന്നു. പതിവായി കഴിക്കുന്നതായതുകൊണ്ട് അന്നതൊക്കെ നല്കി. കോവിഡിന്റെ പ്രശ്നങ്ങൾ തീർന്നിട്ടും പല ആശുപത്രികളിലും ഇതേരീതി തുടരുന്നതായും അസോസിയേഷൻ ആരോപിക്കുന്നു.
മരുന്ന് കൃത്യമായി ഓരോ തവണയും എഴുതുന്നതാണ് ശരിയായ രീതിയെന്ന് കോട്ടയം മെഡിക്കൽ കോളേജ് റിട്ട. ആർഎംഒ ഡോ. എം.സി. ടോമിച്ചൻ പറയുന്നു. ആവർത്തനത്തിന് എഴുതിയ കുറിപ്പടി ദുരുപയോഗം ചെയ്യുന്നു എന്ന തോന്നലുണ്ട്. റിപ്പീറ്റ് ഓൾ കുറിപ്പുകളിൽ ഫാർമസിസ്റ്റുകളും ജാഗ്രത പുലർത്തണം.
മരുന്നിന്റെ പേര് കുറിപ്പടിയിൽ പൂർണമായും എഴുതുന്നതാണ് ശരിയായ രീതിയെന്ന് ഐഎംഎ സംസ്ഥാന പ്രസിഡന്റ് ഡോ. കെ.എ. ശ്രീവിവാസൻ പറയുന്നു. ഫാർമസിസ്റ്റുകൾക്ക് മരുന്ന് മാറിപ്പോകാതിരിക്കാനിത് സഹായിക്കും. തിരക്കുകൊണ്ടാകും ചിലർ റിപ്പീറ്റ് ഓൾ എന്നെഴുതുന്നത്. എല്ലാവരും അങ്ങനെ ചെയ്യുമെന്ന് കരുതുന്നില്ല.