മകള്‍ മീനാക്ഷി ഡോക്ടറായി സേവനം അനുഷ്ടിച്ച് തുടങ്ങിയെന്ന് നടന്‍ ദിലീപ്. പുതിയ സിനിമയായ 'പ്രിന്‍സ് ആന്‍ഡ് ഫാമിലി'യുടെ പ്രമോഷന്‍ പരിപാടിക്കിടെയാണ് മീനാക്ഷിയ്ക്ക് ജോലി കിട്ടിയതിനെ കുറിച്ച് ദിലീപ് സംസാരിച്ചത്. മെഡിസിന്‍ പഠനം പൂര്‍ത്തിയാക്കിയ മീനാക്ഷി ഇപ്പോള്‍ എന്ത് ചെയ്യുന്നുവെന്ന അവകതാരക ചോദ്യത്തോടാണ് നടന്‍ പ്രതികരിച്ചത്.
മീനാക്ഷി ആസ്റ്റര്‍ ഹോസ്പിറ്റലില്‍ ജോലി ചെയ്യുകയാണെന്നും വീട്ടിലൊരു ഡോക്ടര്‍ ഉള്ളതിനാല്‍ ഇടയ്ക്കിടയ്ക്ക് ആശുപത്രിയില്‍ പോകാമെന്നും ദിലീപ് പറഞ്ഞു. അഭിമാനമുള്ള കാര്യം എന്താണെന്ന് വച്ചാല്‍ ഞങ്ങളുടെ വീട്ടില്‍ മാസവരുമാനമുള്ളത് അവള്‍ക്ക് മാത്രമാണ്. അതായത് സ്ഥിരവരുമാനം. അത് വലിയ സന്തോഷമുള്ളൊരു കാര്യമാണ്.
പിന്നെ അവള്‍ പഠനവും ജോലിയുമെല്ലാം ഒരുമിച്ച് കൊണ്ടുപോവുകയാണ് എന്നാണ് ദിലീപ് പറയുന്നത്. ഡെര്‍മറ്റോളജിയിലാണ് മീനാക്ഷി സ്പെഷ്യലൈസ് ചെയ്തിരിക്കുന്നത്. ചെന്നൈ ശ്രീരാമചന്ദ്ര മെഡിക്കല്‍ കോളജില്‍ നിന്നാണ് മീനാക്ഷി എംബിബിഎസ് പൂര്‍ത്തിയാക്കിയത്. ബിരുദാദാന ചടങ്ങിന്റെ ചിത്രങ്ങളെല്ലാം വൈറലായിരുന്നു.
ദിലീപും കാവ്യ മാധവനും എല്ലാം ചടങ്ങില്‍ പങ്കെടുത്തിരുന്നു. അതേസമയം, സിനിമയിലേക്ക് അരങ്ങേറിയിട്ടില്ലെങ്കിലും മോഡലിങ്ങില്‍ സജീവമാണ് മീനാക്ഷി.