കൈപുസ്തകത്തില്‍ പിശക് വരുത്തിയ രചന സമിതി അംഗങ്ങളെ ഡീ ബാര്‍ ചെയ്യും;കടുത്ത നടപടിയുമായി വിദ്യാഭ്യാസ വകുപ്പ്

02:33 PM Aug 18, 2025 | Renjini kannur

നാലാം ക്ലാസിലെ പരിഷ്‌കരിച്ച പരിസര പഠനം ടീച്ചേഴ്സ് ടെക്സ്റ്റിന്റെ കരടില്‍ പിഴവ് വരുത്തിയതില്‍ കടുത്ത നടപടിയിലേക്ക് വിദ്യാഭ്യാസ വകുപ്പ്.പിശക് വരുത്തിയ രചന സമിതി അംഗങ്ങളെ ഡീ ബാർ ചെയ്യാൻ നിർദ്ദേശം നല്‍കിയതായി വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടി അറിയിച്ചു. ചരിത്രവസ്തുതകള്‍ വളച്ചൊടിക്കുന്ന കേന്ദ്ര നയമല്ല കേരളത്തിന്റേത്.വസ്തുതകളെ യാഥാർത്ഥ്യബോധത്തോടെ കുട്ടികളിലെത്തിക്കുകയെന്ന നയമാണ് പാഠ്യ പദ്ധതി പരിഷ്‌കരണത്തില്‍ കേരളം സ്വീകരിച്ചതെന്നും മന്ത്രി വ്യക്തമാക്കി.

വിഷയം ശ്രദ്ധയില്‍ പെട്ടപ്പോള്‍ തന്നെതിരുത്തലുകള്‍ വരുത്തണമെന്ന് ആവശ്യപ്പെട്ടു. ചരിത്രപരമായ വസ്തുകള്‍ ചേർത്ത് മാത്രമേ പുസ്തകം പ്രിന്റ് ചെയ്യാൻ പാടുള്ളുവെന്ന് നിർദ്ദേശം എസ്.സിഇആർ.ടി.ക്ക് നല്‍കി. തിരുത്തലുകള്‍ വരുത്തിയ പാഠഭാഗം ഇപ്പോള്‍ എസ്.സി.ഇ.ആർ.ടി. വെബ്‌സൈറ്റില്‍ ലഭ്യമാണെന്നും മന്ത്രി വ്യക്തമാക്കി.

മന്ത്രിയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം

പാഠ്യപദ്ധതി പരിഷ്‌കരണവുമായി ബന്ധപ്പെട്ട് നാലാം ക്ലാസിലെ പരിഷ്‌കരിച്ച പരിസര പഠനം ടീച്ചർ ടെക്സ്റ്റിന്റെ കരടില്‍ നേതാജി സുഭാഷ് ചന്ദ്ര ബോസിന്റെ വിവരണത്തില്‍ ചരിത്രപരമായ ചില പിശകുകള്‍ സംഭവിച്ചതായി അറിയാൻ കഴിഞ്ഞു.

ഈ വിഷയം ശ്രദ്ധയില്‍ പെട്ടപ്പോള്‍ തന്നെ അതില്‍ തിരുത്തലുകള്‍ വരുത്താനും ചരിത്രപരമായ വസ്തുകള്‍ ചേർത്തു മാത്രമെ പുസ്തകം പ്രിന്റ് ചെയ്യാവൂ എന്ന നിർദ്ദേശം എസ്.സി.ഇ.ആർ.ടി.ക്ക് നല്‍കിയിട്ടുണ്ട്.

തിരുത്തലുകള്‍ വരുത്തിയ പാഠഭാഗം ഇപ്പോള്‍ എസ്.സി.ഇ.ആർ.ടി. വെബ്‌സൈറ്റില്‍ ലഭ്യമാണ്. ചരിത്ര വസ്തുതകളെ രാഷ്ട്രീയ ലക്ഷ്യത്തിന് വേണ്ടി വളച്ചൊടിക്കുന്ന കേന്ദ്രസർക്കാറിന്റെ നിലപാടല്ല ഈ കാര്യത്തില്‍ സംസ്ഥാന സർക്കാറിനുള്ളത്. ഭരണഘടനാ ലക്ഷ്യങ്ങള്‍ ഉയർത്തിപ്പിടിക്കുന്ന ചരിത്ര വസ്തുതകളെ യാഥാർത്ഥ്യബോധത്തോടെ കുട്ടികളിലെത്തിക്കുക എന്ന നയമാണ് ഈ പാഠ്യ പദ്ധതി പരിഷ്‌കരണ വേളയിലെല്ലാം തന്നെ നാം സ്വീകരിച്ചിരിക്കുന്നത്. അത് തുടരുക തന്നെ ചെയ്യും. ഇത്തരം പിശകുകള്‍ വരുത്തിയ പാഠപുസ്തക രചനാസമിതി അംഗങ്ങളെ തുടർന്നുള്ള അക്കാദമിക പ്രവർത്തനങ്ങളില്‍ നിന്നും ഡീബാർ ചെയ്യാൻ എസ്.സി.ഇ.ആർ.ടി. യ്ക്ക് നിർദ്ദേശം നല്‍കിയിട്ടുണ്ട്.