
പുതിയ പി 4 സീരീസ് ലോഞ്ച് ചെയ്ത് റിയല്‍മി. റിയല്‍മി പി 4 5ജി, റിയല്‍മി പി 4 പ്രോ 5 ജി എന്നീ സ്മാര്‍ട്ട് ഫോണുകളാണ് ലോഞ്ച് ചെയ്തത്. മീഡിയടെക് ഡൈമെൻസിറ്റി 7400 അൾട്രാ 5ജി ചിപ്‌സെറ്റും ഒപ്പം ഒരു പ്രത്യേക പിക്‌സൽ വർക്ക്സ് ചിപ്പും ഈ ഫോണിലുണ്ടാകും. 6.77 ഇഞ്ച് ഡിസ്‌പ്ലേ, 7,000 എം എ എച്ച് ബാറ്ററി, 80 വാള്‍ട്ട് ഫാസ്റ്റ് ചാർജിങ് എന്നിവ പി 4 ന്‍റെ പ്രത്യേകതയാണ്. റിയൽമിയുടെ നിലവിലുള്ള പി 3 5 ജിയുടെ പിൻഗാമിയായിട്ടാണ് ഈ മോഡൽ വരുന്നത്.
144 ഹെർട്ട്സ് റിഫ്രഷ് റേറ്റും 4,500 നിറ്റ്സ് പീക്ക് ബ്രൈറ്റ്നസ്സുമുള്ള 6.77 ഇഞ്ച് അമോലെഡ് ഡിസ്പ്ലേയാണ് സ്മാര്‍ട്ട് ഫോണിനുള്ളത്. 80 വാള്‍ട്ട് ഫാസ്റ്റ് ചാർജിങ് പിന്തുണയുള്ള 7,000 എം എ എച്ച് ബാറ്ററിയാണുള്ളത്. ചൂടായാൽ തണുപ്പിക്കാൻ 7,000 ചതുരശ്ര മില്ലിമീറ്റർ വിസി കൂളിങ് സിസ്റ്റവും ഫോണിനുണ്ട്. 50 മെഗാപിക്സൽ പ്രൈമറി ക്യാമറയും 8 മെഗാപിക്സൽ അൾട്രാവൈഡ് ക്യാമറയും അടങ്ങിയ ഡ്യുവൽ കാമറ സെറ്റപ്പാണ് ഫോണിനുള്ളത്. സെൽഫിക്കും വീഡിയോ കോളുകൾക്കുമായി മുൻവശത്ത് 16 മെഗാപിക്സൽ ക്യാമറയും നൽകിയിരിക്കുന്നു.
റിയൽമി പി4 പ്രോ 5 ജിയിൽ ഡ്യുവൽ റിയര്‍ ക്യാമറയാണുള്ളത്. ഇതിലെ പ്രധാന ക്യാമറ, ഒപ്റ്റിക്കൽ ഇമേജ് സ്റ്റെബിലൈസേഷൻ (ഒഐഎസ്) സൗകര്യമുള്ള 50 മെഗാപിക്സൽ സോണി ഐഎംഎക്സ് 896 സെൻസറാണ്. രണ്ടാമത്തെ ക്യാമറ 8 മെഗാപിക്സൽ അൾട്രാ വൈഡ് ലെൻസാണ്. പ്രോ മോഡലിലെ സെൽഫി ക്യാമറ 50 മെഗാപിക്സൽ സെൻസറാണ്. ഈ ക്യാമറകൾക്കെല്ലാം 60 എഫ് പി എസ് 4കെ റെക്കോർഡിംഗ് സൗകര്യമുണ്ട്. സാധാരണ പി4 മോഡലിന് പിന്നിൽ 50 മെഗാപിക്സൽ ഒ വി 5O ഡി 40 സെൻസറും 8 മെഗാപിക്സൽ അൾട്രാ വൈഡ് ലെൻസുമാണുള്ളത്.
റിയൽമി പി 4 പ്രോ 5 ജിയുടെ 8 ജി ബി/128 ജി ബി വേരിയന്റിന്റെ വില 24,999 രൂപ മുതലാണ് ആരംഭിക്കുന്നത്. 8 ജിബി റാമും 256 ജി ബി സ്റ്റോറേജുമുള്ള വേരിയന്‍റിന് 26,999 രൂപ, 12 ജിബി /256ജിബി വേരിയന്റിന് 28,999 രൂപ എന്നിങ്ങനെയാണ് വില. ഈ ഫോൺ ബിർച്ച് വുഡ്, ഡാർക്ക് ഓക്ക് വുഡ്, മിഡ്നൈറ്റ് ഐവി എന്നീ മൂന്ന് നിറങ്ങളിൽ ലഭ്യമാണ്. തെരഞ്ഞെടുത്ത ബാങ്ക് കാർഡുകൾ ഉപയോഗിച്ച് റിയൽമി പി 4 പ്രോ 5ജി വാങ്ങുമ്പോൾ 3,000 രൂപയുടെ കിഴിവ് ലഭിക്കുന്നതായിരിക്കും. 2,000 രൂപയുടെ എക്സ്ചേഞ്ച് ബോണസും നോ-കോസ്റ്റ് ഇഎംഐ ഓപ്ഷനുകളും ലഭ്യമാണ്.
പി 4 മോഡലിന്റെ 6 ജി ബി/128 ജി ബി വേരിയന്റിന് 18,499 രൂപയാണ് വില. 8 ജി ബി/128 ജി ബി, 8 ജി ബി/ 256 ജി ബി വേർഷനുകൾക്ക് യഥാക്രമം 19,499 രൂപയും 21,499 രൂപയുമാണ് വില. ഈ ഫോൺ എഞ്ചിൻ ബ്ലൂ, ഫോർജ് റെഡ്, സ്റ്റീൽ ഗ്രേ എന്നീ നിറങ്ങളിൽ ലഭ്യമാണ്.