2025-26 സാമ്പത്തിക വർഷത്തിൻറെ ആദ്യപകുതിയിൽ പാൽസംഭരണത്തിലും വിൽപ്പനയിലും മുന്നേറ്റം നടത്തി മിൽമ

08:16 PM Oct 27, 2025 |


തിരുവനന്തപുരം: 2025-26 സാമ്പത്തിക വർഷത്തിലെ ആദ്യ ആറു മാസത്തിനിടെ പാൽ സംഭരണത്തിലും വിൽപ്പനയിലും മികച്ച നേട്ടം കൈവരിച്ച് മിൽമ. ഏപ്രിൽ ഒന്ന് മുതൽ സെപ്റ്റംബർ 30 വരെയുള്ള കാലയളവിലാണ് മിൽമയുടെ മൂന്ന് യൂണിയനുകളും നേട്ടമുണ്ടാക്കിയത്. കർഷക കേന്ദ്രീകൃത ക്ഷേമ പദ്ധതികളിലൂടെയും ഉൽപാദനവും ഗുണനിലവാരവും മെച്ചപ്പെടുത്താനുള്ള പരിപാടികളിലൂടെയുമാണ് മിൽമയ്ക്ക് ഈ നേട്ടം കൈവരിക്കാനായത്.

ഈ സാമ്പത്തിക വർഷത്തിലെ ആറു മാസക്കാലയളവിൽ മിൽമയുടെ ആകെ പാൽ സംഭരണം പ്രതിദിനം 12,15,289 ലിറ്ററാണ്. കഴിഞ്ഞ വർഷം ഇതേ കാലയളവിൽ ആകെ സംഭരണം പ്രതിദിനം 10,66,340 ലിറ്റർ ആയിരുന്നു. 1,48,949 ലിറ്ററിൻറെ വർധനവാണുള്ളത്. 13.97 ശതമാനമാണ് വർധനവ്. മൂന്ന് യൂണിയനുകളിലും മുൻവർഷത്തേക്കാൾ വർധനവ് രേഖപ്പെടുത്തി.

മലബാർ മേഖല യൂണിയനാണ് കൂടുതൽ പാൽ സംഭരിച്ചത്. ഏപ്രിൽ ഒന്ന് മുതൽ സെപ്റ്റംബർ 30 വരെ പ്രതിദിനം 6,69,126 ലിറ്റർ പാലാണ് മലബാർ മേഖല സംഭരിച്ചത്. എറണാകുളം മേഖല യൂണിയൻ 2,83,114 ലിറ്ററും തിരുവനന്തപുരം മേഖല യൂണിയൻ 2,63,049 ലിറ്ററും പാൽ സംഭരിച്ചു.

പാൽ വിൽപ്പനയിലും ഈ നേട്ടം കൈവരിക്കാൻ മിൽമയ്ക്കായി. മൂന്ന് യൂണിയനുകളും ചേർന്ന് പ്രതിദിനം 16,83,781 ലിറ്റർ പാലാണ് ആറു മാസക്കാലയളവിൽ വിറ്റത്. കഴിഞ്ഞ വർഷം ഇത് 16,50,296 ലിറ്റർ ആയിരുന്നു. 33,485 ലിറ്ററിൻറെ വർധനവാണ് രേഖപ്പെടുത്തിയത്. 2.03 ശതമാനമാണ് വർധന.

മലബാർ മേഖല 6,69,669 ലിറ്റർ പാൽ വിൽപ്പന നടത്തിയപ്പോൾ തിരുവനന്തപുരം മേഖല 5,66,422 ലിറ്ററും എറണാകുളം മേഖല 4,47,690 ലിറ്ററും വിൽപ്പന നേട്ടം കൈവരിച്ചു. മൂന്ന് മേഖലകൾക്കും കഴിഞ്ഞ വർഷം ഈ കാലയളവിനേക്കാൾ വിൽപ്പനയിൽ വർധനവ് നേടാനായി.

അടുത്തിടെ നടത്തിയ സർവേയിൽ കാലികളുടെ എണ്ണത്തിൽ വലിയ കുറവുണ്ടായി എന്ന് രേഖപ്പെടുത്തുമ്പോഴും കഴിഞ്ഞ ആറു മാസത്തിൽ പാൽസംഭരണത്തിൽ 14 ശതമാനത്തോളം വർധനവുണ്ടായി എന്നത് ശ്രദ്ധേയമാണ്.

2025-26 ലെ ആദ്യ ആറ് മാസത്തെ പ്രകടനം കണക്കിലെടുക്കുമ്പോൾ മികച്ച നേട്ടമാണ് മിൽമ കൈവരിച്ചതെന്ന് മിൽമ ചെയർമാൻ കെ.എസ് മണി പറഞ്ഞു. ക്ഷീരമേഖലയിലെ ഉയർന്ന ഉത്പാദന ചെലവും രാജ്യത്തിനകത്തു നിന്നും പുറത്തുനിന്നുമുള്ള കടുത്ത മത്സരവും ഉൾപ്പെടെയുള്ള വെല്ലുവിളികൾ നേരിട്ടിട്ടും ഈ നേട്ടം കൈവരിക്കാനായത് ശ്രദ്ധേയമാണ്. ഇതിനു പിന്നിലെ പ്രധാന കരുത്ത് ക്ഷീരകർഷരാണ്. മിൽമയുടെ ക്ഷേമ പദ്ധതികൾ പാൽ സംഭരണത്തിലെയും വിൽപ്പനയിലെയും മികവ് നിലനിർത്തുന്നതിൽ ഗണ്യമായ സംഭാവന നൽകിയിട്ടുണ്ട്. ഈ ആറ് മാസക്കാലയളവിൽ മൂന്ന് മേഖലാ യൂണിയനുകളും ക്ഷീരകർഷകർക്കായി കൂടുതൽ ക്ഷേമ-പിന്തുണ പദ്ധതികൾ നടപ്പിലാക്കി. വരുമാനത്തിൻറെ ഭൂരിഭാഗവും ക്ഷീരകർഷകർക്ക് തിരികെ നൽകി, ഇന്ത്യയിലെ പ്രധാന ആനന്ദ്-മാതൃകാ ക്ഷീര സഹകരണ ശൃംഖലയായ മിൽമ എല്ലാവരെയും ഉൾക്കൊള്ളുന്നതും സുസ്ഥിരവുമായ അതിൻറെ പ്രവർത്തനം നിലനിർത്തുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

മിൽമ നടപ്പിലാക്കിയ ക്ഷേമ പിന്തുണാ പദ്ധതികളിൽ അധിക സംഭരണ വിലയും കന്നുകാലി തീറ്റ, പച്ചപ്പുല്ല്, സൈലേജ്, ചോളം, ബീജസങ്കലന സബ്സിഡി എന്നിവയിൽ നിരവധി സബ്സിഡികൾ ഉൾപ്പെടുന്നു. ഇത് ഉൽപാദനച്ചെലവിലെ വർധനവിൻറെയും മറ്റ് മേഖലയിലെ വെല്ലുവിളികളുടെയും ആഘാതം നേരിടാൻ കർഷകരെ സഹായിച്ചു.

കർഷകർക്ക് അധിക പാൽ വിലയായി 4,00,17,449 രൂപയും കന്നുകാലി സബ്സിഡിയായി 5,47,91,850 രൂപയും മലബാർ മേഖല നൽകി. എറണാകുളം യൂണിയൻ കർഷകർക്ക് അധിക പാൽവില നൽകുന്നതിനായി 11,23,61,130 രൂപയും തിരുവനന്തപുരം യൂണിയൻ അധിക പാൽവിലയായി 10,73,61,164.19 രൂപയും അനുവദിച്ചു.

മിൽമയും മേഖലാ യൂണിയനുകളും ചേർന്ന് കന്നുകാലി ഇൻഷുറൻസ്, പശുക്കളെ വാങ്ങുന്നതിനുള്ള കുറഞ്ഞ പലിശ വായ്പകൾക്കുള്ള സൗകര്യം, കർഷകർക്കും കുടുംബങ്ങൾക്കും വേണ്ടിയുള്ള കാരുണ്യ ഫണ്ടുകൾ, ബ്രീഡ് ഇംപ്രൂവ്മെൻറ് പദ്ധതികൾ എന്നിവയുൾപ്പെടെ നിരവധി ക്രെഡിറ്റ് സപ്പോർട്ട് പദ്ധതികൾ ആരംഭിച്ചു. വികേന്ദ്രീകൃത വെറ്ററിനറി യൂണിറ്റ് പിന്തുണ പോലുള്ള മെച്ചപ്പെട്ട ബ്രീഡ് ഇംപ്രൂവ്മെൻറ്, വെറ്ററിനറി ഹെൽത്ത് കെയർ പദ്ധതികൾ, ക്ഷീര സമാശ്വാസം, ക്ഷീര സദനം, ക്ഷീര സാന്ത്വനം ഇൻഷുറൻസ് തുടങ്ങിയ പദ്ധതികളും  ഈ കാലയളവിൽ നടപ്പിലാക്കി.

കാലിത്തീറ്റ ചാക്കിന് മിൽമ  നൽകിവരുന്ന 100 രൂപ സബ്സിഡി ഈ വർഷം ഡിസംബർ വരെ  തുടരും. തിരുവനന്തപുരം, മലബാർ മേഖലാ യൂണിയനുകൾ സമാന രീതിയിൽ അധിക സബ്സിഡി കാലിത്തീറ്റയ്ക്ക് നൽകിവരുന്നുണ്ട്. എറണാകുളം മേഖലാ യൂണിയൻ കാലിത്തീറ്റ സബ്സിഡി അനുവദിക്കുന്ന കാര്യം സജീവ പരിഗണനയിലാണ്.