സംസ്ഥാനത്തെ കർഷകർക്ക് നടപ്പ് സീസണിലെ നെല്ലിന്റെ സംഭരണവില ഉടൻ വിതരണം ചെയ്യുമെന്നും അതിനായി സംസ്ഥാന സർക്കാർ 100 കോടി രൂപ കൂടി അനുവദിച്ചതായും ഭക്ഷ്യ-പൊതുവിതരണ വകുപ്പു മന്ത്രി ജി.ആർ. അനിൽ അറിയിച്ചു. 2024-25 സീസണിലെ ഒന്നാംവിളയിൽ കർഷകരിൽ നിന്നും സംഭരിച്ച 145619.915 മെട്രിക് ടൺ നെല്ലിന്റെ സംഭരണവില പൂർണ്ണമായും കർഷകരുടെ അക്കൗണ്ടിലേക്ക് ലഭ്യമാക്കിയിട്ടുണ്ട്.
രണ്ടാംവിളയിൽ ഇതിനകം 142217 കർഷകരിൽ നിന്നായി 366610.498 മെട്രിക് ടൺ നെല്ല് സംഭരിച്ചിട്ടുണ്ട്. സംഭരണവിലയായി 212.86 കോടി രൂപ ഇതുവരെ കർഷകർക്ക് ലഭ്യമാക്കി. ഇപ്പോൾ അനുവദിച്ച 100 കോടി രൂപയുടെ വിതരണം പൂർത്തിയാകുന്ന മുറയ്ക്ക് 152 കോടി രൂപ കൂടി ലഭ്യമാകും. ഇതോടെ കർഷകരിൽ നിന്നും സംഭരിച്ച നെല്ലിന്റെ വില പൂർണമായും കൊടുത്തുതീർക്കാൻ കഴിയുമെന്ന് കരുതുന്നതായി മന്ത്രി പറഞ്ഞു.
സംഭരണ നടപടികൾ വേഗത്തിലാക്കുന്നതിന്റെ ഭാഗമായി ആവശ്യമുള്ള പ്രദേശങ്ങളിൽ കൂടുതൽ ഉദ്യോഗസ്ഥരെ വിന്യസിക്കാൻ നടപടി സ്വീകരിച്ചിട്ടുണ്ട്. നെല്ല് സംഭരണവുമായി ബന്ധപ്പെട്ട് കേന്ദ്രസർക്കാരിൽ നിന്നും 1,108 കോടി രൂപ സംസ്ഥാനത്തിന് ലഭിക്കാനുണ്ടെന്നും മന്ത്രി അറിയിച്ചു.