
വിദ്യാർത്ഥികൾക്കും അധ്യാപകർക്കുമായി ഊർജസംരക്ഷണ പാഠങ്ങൾ പകർന്നു നൽകുന്ന എനർജി മാനേജ്മെന്റ് സെന്ററിന്റെ ബോധവത്കരണ പരിപാടിയായ ഉണർവ് മൂന്നാം എഡിഷന് തുടക്കമായി. വൈദ്യതി വകുപ്പ് മന്ത്രി കെ. കൃഷ്ണൻകുട്ടി ചടങ്ങ് ഉദ്ഘാടനം ചെയ്തു. കടകംപള്ളി സുരേന്ദ്രൻ എം.എൽ.എ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ ഊർജ വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി പുനീത് കുമാർ മുഖ്യ പ്രഭാഷണം നടത്തി.
അനെർട്ട് സിഇഒ നരേന്ദ്രനാഥ് വേലൂരി ആശംസകളർപ്പിച്ചു. മണക്കാട് ഗവ. ടി ടി ഐ യിൽ നിന്നുള്ള വിദ്യാർത്ഥികളും അധ്യാപകരും പങ്കെടുത്ത പരിപാടിയിൽ, എൻജിനീയർ അനൂപ് സുരേന്ദ്രൻ വിദ്യാലയങ്ങൾക്കായി തയ്യാറാക്കിയ ഉണർവ് ബോർഡ് വിതരണം ചെയ്യ. പ്രോജക്ട് എൻജിനീയർ നീനു മറിയം സോളമൻ ഈർജസംരക്ഷണ ക്ലാസ് നയിച്ചു, പഠന സമീപനങ്ങളിലൂടെ ഊർജത്തെക്കുറിച്ചുള്ള അവബോധം വർദ്ധിപ്പിക്കുക, വിദ്യാർത്ഥികളിലൂടെയും അധ്യാപകരിലൂടെയും ഈ സന്ദേശം കുടുംബങ്ങളിലേക്കും സമൂഹത്തിലേക്കും വ്യാപിപ്പിക്കുക എന്നതാണ് ഉണർവ് പരിപാടിയുടെ ലക്ഷ്യം.
പരിപാടിയിൽ ഇലക്ടിക് സൈക്കിൾ പരിചയം, എനർജി മാനേജ്മെന്റ് സെന്റർ ലാബ് സന്ദർശനം, അവബോധ ക്ലാസ്സുകൾ തുടങ്ങിയവ ഉൾപ്പെടുത്തിയിട്ടുണ്ട്. ചടങ്ങിന് എനർജി മാനേജ്മെന്റ് സെന്റർ ഡയറക്ടർ ഡോ. ആർ. ഹരികുമാർ സ്വാഗതവും, ജോയിന്റ് ഡയറക്ടർ എ. എൻ. ദിനേശ് കുമാർ നന്ദിയും രേഖപ്പെടുത്തി.