പാലക്കാട് : ഭൂഭരണ രംഗത്ത് കേരളം രാജ്യത്തിന് മാതൃകയാണെന്ന് റവന്യൂ- ഭവന നിര്‍മ്മാണ വകുപ്പ് മന്ത്രി കെ. രാജന്‍. കഴിഞ്ഞ നാല് വര്‍ഷത്തിനിടെ സംസ്ഥാനത്ത് പട്ടയമിഷന്‍ വഴി 2,23,000-ലധികം പട്ടയങ്ങള്‍ വിതരണം ചെയ്യാന്‍ സാധിച്ചതായും മന്ത്രി പറഞ്ഞു. സ്മാര്‍ട്ടാക്കി മാറ്റിയ അലനല്ലൂര്‍ 2 വില്ലേജ് ഓഫീസ് കെട്ടിടത്തിന്റെ ഉദ്ഘാടനം ഓണ്‍ലൈനായി നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഓരോ മണ്ഡലങ്ങളിലും പട്ടയം ലഭിക്കുന്നതിന് തടസ്സങ്ങള്‍ നേരിടുന്നവരെ എം.എല്‍.എമാരുടെ നേതൃത്വത്തില്‍ കണ്ടെത്തുകയും അവരുടെ പ്രശ്നങ്ങള്‍ പരിഹരിച്ച് പട്ടയം ലഭ്യമാക്കുകയും ചെയ്തു. കേരളത്തിലെ 1666 വില്ലേജ് ഓഫീസുകള്‍, 78 താലൂക്ക് ഓഫീസുകള്‍, 27 സബ് കളക്ടര്‍ ഓഫീസുകള്‍, 14 കളക്ടറേറ്റുകള്‍ എന്നിവ ഉള്‍പ്പെടെ സമസ്ത മേഖലയിലും ഡിജിറ്റല്‍ സര്‍വെയിലൂടെയുള്ള ഭൂഭരണ മോഡല്‍ നടപ്പിലാക്കാന്‍ സാധിച്ചതായും മന്ത്രി അറിയിച്ചു. റവന്യൂ വകുപ്പ് നടത്തിയിട്ടുള്ള വിവിധ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ വ്യാപകമാകുന്ന ഒരു ഘട്ടമാണിതെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
എന്‍ ഷംസുദ്ദീന്‍ എംഎല്‍എ അധ്യക്ഷത വഹിച്ച പരിപാടിയില്‍ അലനല്ലൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സജ്‌ന സത്താര്‍, ജില്ലാ പഞ്ചായത്ത് മെമ്പര്‍ മെഹര്‍ബാന്‍ ടീച്ചര്‍, ഗ്രാമപഞ്ചായത്ത് മെമ്പര്‍ അനിത വിത്തനോട്ടില്‍ തുടങ്ങിയവര്‍ സംസാരിച്ചു. ഗ്രാമപഞ്ചായത്ത് മെമ്പര്‍മാര്‍ വിവിധ രാഷ്ട്രീയകക്ഷി പ്രതിനിധികള്‍, താലൂക്ക് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.