കണ്ണൂർ : കഴിഞ്ഞ ഒൻപത് വർഷത്തിനിടയിൽ സംസ്ഥാനത്തെ 409,995 കുടുംബങ്ങളെ ഭൂമിക്ക് അവകാശികളാക്കാൻ സർക്കാരിനായെന്ന് റവന്യൂ ഭവനനിർമ്മാണ വകുപ്പ് മന്ത്രി കെ. രാജൻ പറഞ്ഞു. കൂത്തുപറമ്പ് നിയോജകമണ്ഡലം പട്ടയമേള ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.
കേരളത്തിലെ പട്ടയ വിതരണത്തിൽ നാളിത് വരെ കണ്ടിട്ടില്ലാത്ത തരത്തിലുള്ള മുന്നേറ്റമാണ് സർക്കാർ നടത്തിയത്. പട്ടയമിഷൻ എന്ന ചരിത്രപ്രധാനമായ തീരുമാനം എടുക്കുകയാണ് സർക്കാർ ചെയ്തത്. സംസ്ഥാനത്തെ ജനപ്രതിനിധികളെ ഉൾപ്പെടുത്തി പട്ടയ അസംബ്ലികൾ നടത്തി. പട്ടയം നൽകുന്നതുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾക്ക് പരിഹാരം കണ്ടെത്തുന്നതിന് പ്രത്യേകം റവന്യു ഉദ്യോഗസ്ഥരെ നിയോഗിച്ചു. പട്ടയ ഡാഷ് ബോർഡ് ഉണ്ടാക്കി. ഇത്തരം പ്രവർത്തനങ്ങളിലൂടെയാണ് സംസ്ഥാനത്തെ ഭൂരഹിതരെ ജനങ്ങളെ ഭൂമിക്ക് അവകാശികളാക്കിയത്.
സംസ്ഥാനത്തെ എട്ട് ലക്ഷം ഹെക്ടർ ഭൂമി ഡിജിറ്റൽ സർവ്വേ നടത്തി. ശേഷിക്കുന്ന ഭൂമി കൂടി സർവ്വേ നടത്തി സംസ്ഥാനത്തെ 28 ലക്ഷം ഹെക്ടർ റവന്യു ഭൂമിയും ഡിജിറ്റലായി രേഖപ്പെടുത്തി സംരക്ഷിക്കും.
അർഹരായ മനുഷ്യരുടെ കൈകളിൽ ഭൂമി എത്തുക എന്ന ലക്ഷ്യത്തോടെയാണ് താലൂക്ക് ലാൻഡ് ബോർഡുകൾ രൂപീകരിച്ചത്. കേരളത്തിൽ ഭൂപരിഷ്കരണ നിയമം മറികടന്ന് അനധികൃതമായ ഭൂമി കൈവശം വച്ചിരിക്കുന്നവരുടെ ഭൂമി എടുത്ത് ഭൂരഹിതർക്ക് നൽകണം എന്നതാണ് സർക്കാരിന്റെ നയം. ഇതിനാണ് സംസ്ഥാനത്തെ 78 താലൂക്കുകളിൽ ലാൻഡ് ബോർഡുകൾ രൂപീകരിച്ചത്. കെട്ടിക്കിടക്കുന്ന ഭൂമി സംബന്ധമായ കേസുകൾ കൈകാര്യം ചെയ്യാൻ നാലു സോണൽ ലാൻഡ് ബോർഡുകൾ രൂപീകരിച്ചതും വലിയ മാറ്റം കൊണ്ടുവന്നു. യുനീക്ക് തണ്ടപ്പർ നടപ്പക്കിയതും ചരിത്രപരമായ നീക്കമായിരുന്നു. ഭൂമിയുടെ ബന്ധപ്പെട്ട അറിയപ്പെടുന്ന 16 ഓളം തരത്തിലുള്ള വിവരങ്ങൾ രേഖപ്പെടുത്തിയ എന്റെ ഭൂമിയെന്ന പോർട്ടൽ, ഡിജിറ്റൽ റവന്യൂ കാർഡ് തുടങ്ങിയ സേവനങ്ങൾ റവന്യു വകുപ്പ് സാങ്കേതിക വിദ്യയുടെ ഉപയോഗത്തിലൂടെ ജനങ്ങൾക്കൊപ്പം നിൽക്കുന്നതിന്റെ ഉദാഹരണമാണ്.
കൂത്തുപറമ്പ് ലാൻഡ് ട്രിബ്യൂണൽ അനുവദിച്ച 151 പട്ടയങ്ങളും തലശ്ശേരി റവന്യൂ റിക്കവറി തഹസിൽദാർ അനുവദിച്ച രണ്ട് പട്ടയങ്ങളും ഉൾപ്പെടെ 153 പട്ടയങ്ങളാണ് പട്ടയമേളയിൽ വിതരണം ചെയ്തത്.
കെ പി മോഹനൻ എം. എൽ. എ അധ്യക്ഷത വഹിച്ചു. ജില്ലാ കലക്ടർ അരുൺ കെ. വിജയൻ, കൂത്തുപറമ്പ് മുനിസിപ്പൽ ചെയർപേഴ്സൺ വി സുജാത ടീച്ചർ, വൈസ് ചെയർമാൻ വി.രാമകൃഷ്ണൻ മാസ്റ്റർ, പാനൂർ മുനിസിപ്പൽ ചെയർമാൻ കെ പി ഹാഷിം, കൂത്തുപറമ്പ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ആർ ആർ ഷീല, കോട്ടയം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സി. രാജീവൻ, മൊകേരി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പി. വത്സൻ, പാട്യം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് എൻ. വി. ഷിനിജ, കുന്നോത്ത് പറമ്പ്, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ. ലത, തൃപ്പങ്ങോട്ടൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സക്കീന തെക്കയിൽ, കൂത്തുപറമ്പ് മുനിസിപ്പൽ കൗൺസിലർ ആർ. ഹേമലത, എൽ ആർ ഡെപ്യൂട്ടി കളക്ടർ ലത, കെ. ധനഞ്ജയൻ, എ. പ്രദീപൻ, ഹരിദാസ് മൊകേരി, മൊട്ടമ്മൽ അലി, ഷംജിത്ത് പാട്യം എൻ. ധനഞ്ജയൻ, ശ്രീനിവാസൻ മാറോളി, കെ. ടി. രാഗേഷ്, പി. കെ. രാജൻ, മുഹമ്മദ് റാഫി എന്നിവർ സംസാരിച്ചു.