+

സംസ്ഥാനത്തിന്റെ തനത് നികുതി വരുമാനം ലക്ഷം കോടി രൂപയായി ഉയർത്താനാകും : മന്ത്രി കെ എൻ ബാലഗോപാൽ

തനത് നികുതി വരുമാനം 50,000 കോടിയിൽനിന്ന് ലക്ഷം കോടി രൂപയായി ഉയർത്താൻ കേരളത്തിന് സാധിക്കുമെന്ന് ധനകാര്യ വകുപ്പ് മന്ത്രി കെ എൻ ബാലഗോപാൽ.

കോഴിക്കോട് : തനത് നികുതി വരുമാനം 50,000 കോടിയിൽനിന്ന് ലക്ഷം കോടി രൂപയായി ഉയർത്താൻ കേരളത്തിന് സാധിക്കുമെന്ന് ധനകാര്യ വകുപ്പ് മന്ത്രി കെ എൻ ബാലഗോപാൽ. കൊയിലാണ്ടി സബ് ട്രഷറി കെട്ടിട ശിലാസ്ഥാപനം നിർവഹിക്കുകയായിരുന്നു മന്ത്രി. 2021ൽ കേരളത്തിന്റെ തനത് നികുതി വരുമാനം 47,000 കോടി രൂപയായിരുന്നു. ഈ വർഷം ഇത് 95,000 കോടി രൂപയായി ഉയർന്നു. അടുത്ത വർഷം ലക്ഷം കോടി രൂപയിലെത്തിക്കാനാകുമെന്നും മന്ത്രി പറഞ്ഞു.

ഏറ്റവും സുരക്ഷിത സ്ഥാപനങ്ങളിൽ ഒന്നാണ് ട്രഷറി. പുതിയ ഘട്ടത്തിൽ 22 ട്രഷറികളാണ് സർക്കാർ പുതുക്കി നിർമിക്കുന്നത്. ട്രഷറിയിൽ വരുന്നവർക്ക് അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കാനാണ് പുതിയ കെട്ടിടങ്ങളിലൂടെ സർക്കാർ ശ്രമിക്കുന്നത്. 10 മാസത്തിനകം സബ് ട്രഷറി നിർമ്മാണം പൂർത്തീകരിക്കുമെന്നും മന്ത്രി പറഞ്ഞു. ട്രഷറി അടിസ്ഥാന സൗകര്യ വികസന പദ്ധതിയിൽ ഉൾപ്പെടുത്തി രണ്ട് കോടി രൂപ ചെലവഴിച്ചാണ് പുതിയ കെട്ടിടം നിർമിക്കുന്നത്. കൊയിലാണ്ടി കോടതിവളപ്പിൽ പഴയ ട്രഷറി കെട്ടിടത്തിന്റെ സ്ഥാനത്താണ് പുതിയ കെട്ടിടവും നിർമിക്കുക.

കൈരളി ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ നഗരസഭ ചെയർപേഴ്‌സൺ സുധ കിഴക്കേപ്പാട്ട് അധ്യക്ഷത വഹിച്ചു. ഡെപ്യൂട്ടി ഡയറക്ടർ കെ ജി രമാദേവി റിപ്പോർട്ട് അവതരിപ്പിച്ചു. നഗരസഭ വൈസ് ചെയർമാൻ അഡ്വ. കെ സത്യൻ, ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ സി കെ ശ്രീകുമാർ, സതി കിഴക്കയിൽ, ചെങ്ങോട്ട്കാവ് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് പി വേണു, വാർഡ് കൗൺസിലർ എ അസീസ്, മുൻ എംഎൽഎമാരായ കെ ദാസൻ, പി വിശ്വൻ, ട്രഷറി വകുപ്പ് ഡയറക്ടർ വി സാജൻ, ജില്ലാ ട്രഷറി ഓഫീസർ എം ഷാജി, ഉദ്യോഗസ്ഥർ, രാഷ്ട്രീയപാർട്ടി, സംഘടന പ്രതിനിധികൾ എന്നിവർ സംസാരിച്ചു.

facebook twitter