+

അഷ്ടമുടിക്ക് 59 കോടി രൂപയുടെ വിനോദസഞ്ചാര പദ്ധതി : മന്ത്രി കെ എൻ ബാലഗോപാൽ

ഇടതടവില്ലാത്ത വികസന പ്രവർത്തനങ്ങൾ യാഥാർത്ഥ്യമാക്കുന്നതിന്റെ ഭാഗമായി ജില്ലയിൽ അഷ്ടമുടി കേന്ദ്രീകരിച്ച് 59 കോടി രൂപയുടെ വിനോദസഞ്ചാര വികസന പദ്ധതി കൂടി  നടപ്പിലാക്കുമെന്ന് ധനകാര്യ വകുപ്പ് മന്ത്രി കെ എൻ ബാലഗോപാൽ.


കൊല്ലം :  ഇടതടവില്ലാത്ത വികസന പ്രവർത്തനങ്ങൾ യാഥാർത്ഥ്യമാക്കുന്നതിന്റെ ഭാഗമായി ജില്ലയിൽ അഷ്ടമുടി കേന്ദ്രീകരിച്ച് 59 കോടി രൂപയുടെ വിനോദസഞ്ചാര വികസന പദ്ധതി കൂടി  നടപ്പിലാക്കുമെന്ന് ധനകാര്യ വകുപ്പ് മന്ത്രി കെ എൻ ബാലഗോപാൽ. സി കേശവൻ സ്മാരക ടൗൺഹാളിൽ സംസ്ഥാന മന്ത്രിസഭ വാർഷികത്തോടനുബന്ധിച്ച സംഘാടക സമിതി യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഒരു ലക്ഷത്തോളം പഠിതാക്കളെ ലക്ഷ്യമിട്ട് വികസിപ്പിക്കുകയാണ് ശ്രീനാരായണ ഓപൺ യൂണിവെഴ്സിറ്റി. ആസ്ഥാന മന്ദിര നിർമാണത്തിന് സ്ഥലം സ്വന്തമാക്കി. പടിഞ്ഞാറേ കല്ലടയിൽ സോളാർ പദ്ധതി യാഥാർഥ്യമാകുന്നു. കോടതി സമുച്ചയം, വല നിർമാണ ഫാക്ടറി, ഓഷ്യനേറിയം, ഐ ടി പാർക്ക്, തുറമുഖ വികസനം തുടങ്ങി കേരളത്തിന്റെ മുന്നേറ്റത്തിൽ കുതിച്ചുചാട്ടത്തിന് സഹായകമാകുന്ന പദ്ധതികളാണ് ജില്ലയിൽ സാക്ഷാത്കരിക്കുന്നത്.കേരളത്തിന്റെ ഭാവിസ്വപ്നങ്ങൾ സാക്ഷാത്കരിക്കാൻ സഹായകമാകുംവിധമാണ് എന്റെ കേരളം പ്രദർശനവിപണന മേള ഒരുക്കുക.

പൊതുജനാഭിപ്രായ സ്വരൂപീകരണത്തിലൂടെ ഒട്ടേറെ വികസന പ്രവർത്തനം സംസ്ഥാനത്ത് നടപ്പിലാക്കി വരികയാണ്. ഇത് ക്രിയാത്മകമായി താഴെത്തട്ടിൽ എത്തിക്കുന്നതിൽ തദ്ദേശസ്വയംഭരണ സ്ഥാപനതലത്തിൽ പരിപാടികൾ സംഘടിപ്പിക്കും. ഗ്രാമാന്തരങ്ങളിലുള്ളവർക്ക് അനുഭവവേദ്യമാകും വിധം പരിപാടികൾ നടത്തണം.ജില്ലയിൽ സമസ്ത മേഖലകളിലും നടപ്പാക്കിയ പ്രവർത്തനങ്ങൾ മേളയിൽ പ്രതിഫലിക്കണം.  തദ്ദേശസ്ഥാപനങ്ങൾ പൂർണമായ ധനവിനിയോഗമാണ് നടത്തിയത്. ഇതുവഴി സാധ്യമായ പ്രവർത്തനങ്ങൾ ജനസമക്ഷമെത്തിക്കാനാകണം.  നിയോജക മണ്ഡലം അടിസ്ഥാനത്തിലും, ഗ്രാമ- ബ്ലോക്ക് - വാർഡ് തലത്തിലും പ്രചാരണം ശക്തിപ്പെടുത്തണം. ഏപ്രിൽ 30 നകം നിയോജകമണ്ഡല തലത്തിലും മെയ് അഞ്ചിനകം പഞ്ചായത്ത് തലത്തിലും മെയ് 10നകം വാർഡ് തലത്തിലും യോഗങ്ങൾ നടത്താനും തീരുമാനിച്ചതായി മന്ത്രി വ്യക്തമാക്കി.

സർക്കാർ താഴെത്തട്ട് വരെ നടത്തിയ പ്രവർത്തനങ്ങളാണ് മേളയിലൂടെ സാക്ഷ്യപ്പെടുത്തുകയെന്ന് അധ്യക്ഷയായ മന്ത്രി ജെ. ചിഞ്ചുറാണി പറഞ്ഞു. സാധാരണക്കാർ സർക്കാരിനെ അടുത്തറിയാൻ ഇക്കുറി വ്യത്യസ്ത അവതരണത്തിലൂടെ അവസരമൊരുക്കും. സർക്കാർ ജനങ്ങൾക്കായി സമ്മാനിച്ച നേട്ടങ്ങൾ വരച്ചിടാൻ ഈ അവസരം പ്രയോജനപ്പെടുത്തണമെന്നും മന്ത്രി ഓർമിപ്പിച്ചു.എം.എൽ.എമാരായ എം. നൗഷാദ്, ജി.എസ് ജയലാൽ, മേയർ ഹണി, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡോ. പി.കെ ഗോപൻ, ജില്ലാ കലക്ടർ എൻ ദേവിദാസ്, ഡെപ്യൂട്ടി മേയർ എസ്.ജയൻ,  സിറ്റി പൊലീസ് കമ്മീഷണർ കിരൺ നാരായണൻ, റൂറൽ എസ്.പി സാബു മാത്യൂ,എ.ഡി.എം ജി.നിർമൽകുമാർ, ഗ്രാമപഞ്ചായത്ത് അസോസിയേഷൻ സെക്രട്ടറി ഡോ. സി ഉണ്ണികൃഷ്ണൻ, ജില്ലാ സ്പോർട്സ് കൗൺസിൽ പ്രസിഡന്റ് എക്സ് ഏണസ്റ്റ്, സംസ്ഥാന കശുവണ്ടി വികസന കോർപറേഷൻ ചെയർമാൻ എസ്. ജയമോഹൻ, കെ എസ് എഫ് ഇ ചെയർമാൻ കെ വരദരാജൻ, ഷോപ്‌സ് ആൻഡ് എസ്റ്റാബ്ലിഷ്‌മെന്റ്‌സ് ബോർഡ് ചെയർമാൻ കെ രാജഗോപാൽ,    വിവിധ കോർപ്പറേഷനുകളുടെയും ബോർഡുകളുടെയും അധ്യക്ഷർ,  ശ്രീനാരായണ ഓപ്പൺ യൂണിവേഴ്‌സിറ്റി വൈസ് ചാൻസലർ ജഗതി രാജ്, കോർപ്പറേഷൻ സെക്രട്ടറി ഡി സാജു, തദ്ദേശ സ്വയംഭരണ വകുപ്പ് ജോയിന്റ് ഡയറക്ടർ സുബോധ്, എൻ എസ് സഹകരണ ആശുപത്രി സെക്രട്ടറി പി ഷിബു,  ഗ്രാമ- ബ്ലോക്ക് പഞ്ചായത്ത് അധ്യക്ഷർ, നഗരസഭാ അധ്യക്ഷർ, സ്ഥിരംസമിതി അധ്യക്ഷർ, ജില്ലാ- ബ്ലോക്ക്- ഗ്രാമപഞ്ചായത്ത് അംഗങ്ങൾ, രാഷ്ട്രീയപാർട്ടി പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.

facebook twitter