തിരുവനന്തപുരം: മലമ്പുഴയില്‍ നടന്ന പരിപാടിക്കിടെ റാപ്പര്‍ വേടന്റെ കൈ തട്ടിമാറ്റിയെന്ന വ്യാജ പ്രചരണം ചിത്രം സഹിതം പൊളിച്ചടുക്കി മന്ത്രി എംബി രാജേഷ്. വേടന്‍ മുഖ്യമന്ത്രിക്ക് കൈ കൊടുക്കുമ്പോള്‍ മന്ത്രി തട്ടിമാറ്റിയെന്നായിരുന്നു പ്രചരണം. എന്നാല്‍, കൊടും നുണയാണ് പ്രചരിപ്പിക്കുന്നതെന്നും താനും മുഖ്യമന്ത്രിയും വേടന് കൈകൊടുത്തെന്നും മന്ത്രി വ്യക്തമാക്കി.
എംബി രാജേഷന്റെ ഫേസ്ബുക്ക് പോസ്റ്റ്,
ഈ രണ്ട് ചിത്രങ്ങളും നോക്കൂ. ഇന്നലെ മലമ്പുഴയില്‍ നടന്ന പരിപാടിക്കിടെ റാപ്പര്‍ വേടനെ കണ്ടമാത്രയില്‍ ഞാന്‍ ഹസ്തദാനം ചെയ്യുന്നത് ഇന്നത്തെ കേരള കൗമുദി പ്രസിദ്ധീകരിച്ചതാണ് ഒന്ന്. വേടനെ ഞാന്‍ മുഖ്യമന്ത്രിക്ക് പരിചയപ്പെടുത്തുന്നതും ശേഷം മുഖ്യമന്ത്രി അദ്ദേഹത്തെ ഹസ്തദാനം ചെയ്യുന്നതുമാണ് രണ്ടാമത്തേത്.
മുഖ്യമന്ത്രിയോടൊപ്പം ഞങ്ങള്‍ വേദിയിലേക്ക് നീങ്ങുമ്പോഴാണ് സദസ്സിന്റെ മുന്‍നിരയില്‍ വേടനെ കണ്ടത്. ഞങ്ങള്‍ പരസ്പരം കൈ കൊടുക്കുകയും ബഹു. മുഖ്യമന്ത്രിക്ക് വേടനെ പരിചയപ്പെടുത്തുകയും മുഖ്യമന്ത്രിക്ക് വേടന്‍ കൈകൊടുക്കുകയും ചെയ്തു. ശേഷം ഞാന്‍ വേടന്റെ തോളില്‍ തട്ടി മുന്നോട്ട് നീങ്ങുകയും ചെയ്തു. ഇതാണ് ഏതാനും സെക്കന്റുകള്‍ക്കിടയില്‍ അവിടെ സംഭവിച്ചത്. എന്നാല്‍ അവ്യക്തമായ ഒരു വീഡിയോ ദൃശ്യം ഉപയോഗിച്ച് അതിനെ വളച്ചൊടിച്ചു ഒരു യു ട്യൂബ് വീഡിയോയിലെ നുണപ്രചരണമോ?? മുഖ്യമന്ത്രിക്ക് കൈ കൊടുക്കാന്‍ വന്ന വേടന്റെ കൈ ഞാന്‍ തട്ടിമാറ്റിയെന്നും. എന്തൊരു കാലം??
ഇതിന് പുറമേ വൈകീട്ട് കോട്ടമൈതാനത്ത് ആയിരങ്ങള്‍ പങ്കെടുത്ത വേടന്റെ പരിപാടിയില്‍ മുന്‍നിരയില്‍ ഞാന്‍ കുടുംബത്തോടൊപ്പം പങ്കെടുക്കുകയും ചെയ്തിരുന്നു. ബഹു. മന്ത്രി കേളുവും എന്നോടൊപ്പമുണ്ടായിരുന്നു.അതെല്ലാം കഴിഞ്ഞ് രാവിലെ എഴുന്നേറ്റപ്പോഴാണ് കൊടും നുണ സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കപ്പെടുന്നതറിയുന്നത്.
നുണകള്‍ പലതും പടച്ചു വിടാം. പക്ഷെ ഇതുപോലെ നിമിഷങ്ങളുടെ ആയുസ്സേ അതിനെല്ലാമുണ്ടാവൂ എന്ന് ഇതുപോലെ നുണകള്‍ പടച്ചു വിടുന്ന കുടില ബുദ്ധികള്‍ മനസിലാക്കിയാല്‍ നല്ലത്.