പാലക്കാട് :ഹൈടെക് മാര്‍ക്കറ്റ് കര്‍ഷകര്‍ക്ക് വലിയ സാധ്യതകള്‍ തുറക്കുമെന്ന് എക്സൈസ്, തദ്ദേശ-സ്വയംഭരണ, പാര്‍ലമെന്ററി കാര്യ വകുപ്പ് മന്ത്രി എം.ബി രാജേഷ്. പെരുമാട്ടിയില്‍ ഹൈടെക് മാര്‍ക്കറ്റ് ആന്‍ഡ് അഗ്രോ പ്രൊസസ്സിങ് യൂണിറ്റ് നിര്‍മാണോദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. കര്‍ഷകര്‍ക്ക് ന്യായവില ഉറപ്പാക്കാനും കാര്‍ഷികമേഖലക്ക് ഉണര്‍വേകാനും പദ്ധതിയിലൂടെ കഴിയും. മൊത്ത വ്യാപാര മാര്‍ക്കറ്റ്, കാര്‍ഷിക ഉല്‍പ്പന്നങ്ങളുടെ തരംതിരിക്കല്‍, പാക്കിങ്ങിനുള്ള കേന്ദ്രം, മൂല്യ വര്‍ധിത കാര്‍ഷിക ഉല്‍പന്നങ്ങള്‍ക്കുള്ള കേന്ദ്രം എന്നീ സൗകര്യങ്ങള്‍ ഹൈടെക് മാര്‍ക്കറ്റിലൂടെ സാധ്യമാക്കുമെന്നും മന്ത്രി പറഞ്ഞു.
മായം കലര്‍ത്താത്ത കൃഷിരീതി നടപ്പിലാക്കി പദ്ധതി മുന്നോട്ട് കൊണ്ട് പോകണമെന്ന് അധ്യക്ഷ പ്രസംഗത്തില്‍ വൈദ്യതി വകുപ്പ് മന്ത്രി കെ.കൃഷ്ണന്‍കുട്ടി. പ്രാദേശിക കാര്‍ഷികോല്‍പ്പന്നങ്ങള്‍ക്ക് പുതിയ വിപണി സാധ്യതകളും കര്‍ഷകര്‍ക്ക് മികച്ച വരുമാനവുമാണ് ഹൈടെക് മാര്‍ക്കറ്റ് ആന്‍ഡ് അഗ്രോ പ്രൊസസ്സിങ് യൂണിറ്റിന്റെ പ്രധാന ലക്ഷ്യമെന്നും മന്ത്രി പറഞ്ഞു. പ്രാദേശിക കര്‍ഷകരുടെ ഉന്നമനം, ഗുണമേന്മയുള്ള കാര്‍ഷിക ഉല്‍പ്പന്നങ്ങളുടെ ഉത്പാദനം, കര്‍ഷകരുടെ ജീവിതനിലവാരം മെച്ചപ്പെടുത്തല്‍, കാര്‍ഷിക വിഭവങ്ങള്‍ അന്താരാഷ്ട്ര നിലവാരത്തില്‍ കയറ്റുമതി ചെയ്യാനുള്ള സാധ്യതകളെല്ലാം ഹൈടെക് മാര്‍ക്കറ്റിലൂടെ സാധ്യമാകുമെന്നും മന്ത്രി കൂട്ടിചേര്‍ത്തു.
പരിപാടിയില്‍ കെ.ബാബു എം.എല്‍എ മുഖ്യാതിഥിയായി. തദ്ദേശ സ്വയംഭരണ വകുപ്പ് ചീഫ് എന്‍ജിനീയര്‍ കെ.ജി സന്ദീപ് റിപ്പോര്‍ട്ട് അവതരിപ്പിച്ചു. 2020-21 സാമ്പത്തിക വര്‍ഷത്തെ ബജറ്റില്‍ ഉള്‍പ്പെടുത്തി 10 കോടി രൂപ വിനിയോഗിച്ചാണ് ഹൈടെക് മാര്‍ക്കറ്റ് ആന്‍ഡ് അഗ്രോ പ്രൊസസ്സിങ് യൂണിറ്റിന്റെ ഒന്നാം ഘട്ട നിര്‍മാണ പ്രവര്‍ത്തനം നടത്തുന്നത്.
ചിറ്റൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എ.സുജാത, പെരുമാട്ടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷീബ രാധാകൃഷ്ണന്‍, പട്ടഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി എസ് ശിവദാസ്, പെരുമാട്ടി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് എ. കൃഷ്ണകുമാര്‍, പെരുമാട്ടി ഗ്രാമപഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ കെ.സുരേഷ്, വികസനകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ കെ. ഹസീന ബാനു, വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍, കുടുംബശ്രീ അംഗങ്ങള്‍, ഹരിത കര്‍മ്മ സേന അംഗങ്ങള്‍ എന്നിവര്‍ പങ്കെടുത്തു.