വയനാട് : ഇന്ത്യയിൽ ഭവന നിർമാണ പ്രദ്ധതിക്ക് ഏറ്റവും കൂടുതൽ തുക വിനിയോഗിക്കുന്ന സംസ്ഥാനം കേരളമാണെന്ന് തദ്ദേശ സ്വയംഭരണ - എക്സൈസ് വകുപ്പ് മന്ത്രി എം.ബി രാജേഷ്. വെള്ളമുണ്ട ഗ്രാമ പഞ്ചായത്ത് വികസന സദസ്സ് വെള്ളമുണ്ട സിറ്റി ഓഡിറ്റോറിയത്തിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. നയങ്ങളുടെയും പദ്ധതികളുടെയും തുടർച്ചയുടെ ഉദാഹരണമാണ് ലൈഫ് ഭവന പദ്ധതി.പദ്ധതിയുടെ ഭാഗമായി ഇതുവരെ 4,64,304 വീടുകളുടെ നിര്‍മാണം പൂര്‍ത്തിയാക്കി. 1,33,595 വീടുകളുടെ നിര്‍മാണം പുരോഗമിക്കുകയാണെന്നും മന്ത്രി കൂട്ടിച്ചേർത്തു. 19000 കോടി രൂപ ഇതിനായി വിനിയോഗിച്ചിട്ടുണ്ട്. നവംബര്‍ ഒന്നിന് രാജ്യത്തിന് തന്നെ മാതൃകയായി അതിദാരിദ്ര്യ വിമുക്ത പ്രഖ്യാപനം നടത്തുന്ന ഇന്ത്യയിലെ ആദ്യ സംസ്ഥാനമായി കേരളം മാറുകയാണ്. രാജ്യത്തെ മറ്റു സ്ഥലങ്ങളില്‍ ചേരികള്‍ കാണാതിരിക്കാന്‍ കെട്ടി മറയ്ക്കുമ്പോള്‍ കേരളത്തില്‍ ചേരി നിവാസികളെ പുനരധിവസിപ്പിക്കുന്നതിനായി ഫ്‌ളാറ്റ് സമുച്ചയങ്ങള്‍ കെട്ടി ഉയര്‍ത്തുകയാണ് സർക്കാരെന്നും മന്ത്രി പറഞ്ഞു.
പഞ്ചായത്ത്, നഗരസഭ, കോർപ്പറേഷനുകളുടെ വികസന പ്രവർത്തനങ്ങൾക്കായി സംസ്ഥാന സർക്കാർ 70000 കോടി രൂപ നൽകിയിട്ടുണ്ട്. സംസ്ഥാനം ആർജ്ജിച്ച സർവതലസ്പർശിയായ നേട്ടങ്ങളും വികസന മുന്നേറ്റങ്ങളും സംബന്ധിച്ച് പൊതുസമൂഹത്തെ ബോധ്യപ്പെടുത്തുന്നതിനും നാടിന്റെ ഇനിയുള്ള വികസനഗതി തീരുമാനിക്കുന്നതിന് ജനങ്ങളുടെ ആശയങ്ങളും അഭിപ്രായങ്ങളും സ്വരൂപിക്കുന്നതിനുമാണ് വികസന സദസ്സിലൂടെ ലക്ഷ്യമിടുന്നതെന്നും മന്ത്രി കൂട്ടി ചേർത്തു.
സാമൂഹ്യ സുരക്ഷ, ആരോഗ്യം, വിദ്യാഭ്യാസ, ദാരിദ്ര്യ നിർമാർജനം, മാലിന്യ സംസ്കരണം, കാർഷിക വികസനം, വയോജന - ഭിന്നശേഷി ക്ഷേമം തുടങ്ങിയ വിഷയങ്ങൾ ചർച്ചയായ വെള്ളമുണ്ട ഗ്രാമപഞ്ചായത്ത് വികസന സദസ്സ് ശ്രദ്ധേയമായി. അഞ്ച് വർഷത്തെ വികസന നേട്ടങ്ങൾ ജനങ്ങൾക്ക് മുന്നിൽ അവതരിപ്പിച്ചു.
ജലജീവൻ മിഷൻ കുടിവെള്ള പദ്ധതിക്കുവേണ്ടി നെല്ലിക്കച്ചാൽ - പുളിഞ്ഞാലിൽ ഒന്നര ഏക്കർ സ്ഥലവും ടാങ്കിനായി 20 സെൻറ് സ്ഥലവും വാങ്ങി. എം.സി.എഫിൻ്റെ പ്രവർത്തനം കാര്യക്ഷമമാക്കുന്നതിന് 84 സെന്റ് സ്ഥലം വാങ്ങി കെട്ടിട നിർമ്മാണവും, റോഡ് പണിയും പൂർത്തിയാക്കി. ഹരിതകർമ്മസേനയുടെ 42 അംഗങ്ങൾ എല്ലാ വാർഡിലും മാതൃകാപരമായ പ്രവർത്തനങ്ങൾ നടത്തുന്നു. ലൈഫ് പദ്ധതിയിൽ എസ്.സി, എസ്.ടി വിഭാഗത്തിലെ അപേക്ഷകർക്ക് 350 വീടുകൾ പൂർത്തീകരിച്ചു. പ്രധാന കേന്ദ്രങ്ങളിൽ 2972 ലോമാസ്റ്റ് തെരുവ് വിളക്കുകൾ സ്ഥാപിച്ചു.
പഞ്ചായത്തിലെ 42 അങ്കണവാടികൾക്കും സ്ഥിരമായി കെട്ടിടം നിർമിക്കുകയെന്ന ലക്ഷ്യത്തോടെ മുണ്ടക്കൽ ഉന്നതി, തൊണ്ണമ്പറ്റ അങ്കണവാടികളുടെ നിർമാണം പൂർത്തീകരിച്ചു. തൊഴിലുറപ്പ് പദ്ധതിയുമായി ബന്ധപ്പെട്ട് കാർഷിക നഴ്‌സറി തയ്യാറാക്കി. കായിക ആവശ്യങ്ങൾക്കായി പാലിയാണയിലും വാരാമ്പറ്റയിലും സ്ഥലം വാങ്ങി പണി ദ്രുതഗതിയിൽ പുരോഗമിക്കുന്നു. ഇടത്താവളത്തിനും സ്ഥലം ലഭ്യമാക്കിയിട്ടുണ്ട്. കൊമ്മയാട് വാർഡിൽ ഫ്ലഡ് ലൈറ്റ് സ്റ്റേഡിയം നിർമിച്ചു. ഐ.ടി.ഐ നിർമ്മാണത്തിനായി 46 സെൻ്റ് സ്ഥലം ലഭ്യമാക്കി, പദ്ധതി പുരോഗമിക്കുകയാണ്. പച്ചത്തുരുത്ത് സംരക്ഷണത്തിന് ജില്ലയിൽ രണ്ടാം സ്ഥാനം പഞ്ചായത്തിലെ അത്തിക്കൊല്ലി മുളത്തുരുത്തിന് ലഭിച്ചു.മൊതക്കര ആയുവേദ ആശുപത്രിക്ക് മികച്ച ആശുപത്രിക്കുള്ള സർക്കാർ അംഗീകാരവും ഒഴുക്കൻമൂല ഹോമിയോ ആശുപത്രിക്ക് ആയുഷ് കായകൽപ്പ അവാർഡ്, എൻ.എ.ബി.എച്ച് അവാർഡ്, പഞ്ചായത്തിലെ മികച്ച ഹരിത സ്ഥാപന പുരസ്കാരം എന്നിവ ലഭിച്ചു.
വികസന സദസിൽ സംഘടിപ്പിക്കപ്പെട്ട ഓപ്പൺ ഫോറത്തിൽ നിരവധി പുതിയ ആശയങ്ങളും നിർദ്ദേശങ്ങളും ഉയർന്നുവന്നു. ബസ് സ്റ്റാൻഡ് കം ഷോപ്പിങ് കോംപ്ലക്‌സ് പൂർത്തിയാക്കുക, മാലിന്യ സംസ്ക്കരണ പ്ലാൻ്റ് ആധുനിക രീതിയിൽ നവീകരിക്കുക, ആധുനിക അറവുശാല ത്രിമറ്റോറിയം, മനുഷ്യ വിസർജ സംസ്കരണ കേന്ദ്രം എന്നിവ നിർമ്മിക്കണമെന്ന് ഓപ്പൺ ഫോറത്തിൽ അഭിപ്രായമുയർന്നു. പഞ്ചായത്തിലെ എല്ലാ ടൗണുകളും സന്ദര്യവത്ക്കരിക്കണം. കാർഷിക മേഖല തൊഴിലുറപ്പുമായി ബന്ധപ്പെടുത്തി വിപുലീകരിച്ച് കരഭൂമിയിലെ കാപ്പികൃഷി ശാസ്ത്രീയമാക്കുന്നതിനും അഗ്രികൾച്ചർ ഫാമിങ്, ഹോർട്ടിക്കൾച്ചർ ഡവലപ്മെൻ്റ് എന്നിവ കർഷക സഹായത്തോടെ സമഗ്ര വികസന പരിപാടിയായി നടപ്പിലാക്കണം. പുതുശ്ശേരി വാരാമ്പറ്റ പുഴയിൽ കൊച്ചാറ, മൊതക്കര, കുണ്ടിൽ വീട്, കൊമ്മയാട് എന്നിവിടങ്ങളിൽ ചെക്ക് ഡാം നിർമ്മിച്ച് കർഷകർക്ക് വെള്ളം ലഭ്യമാക്കുക തുടങ്ങിയ ആവശ്യങ്ങൾക്ക് പുറമെ പെരുംകുളം, മംഗലശ്ശേരി ജലസേചന പദ്ധതികൾ കാര്യക്ഷമമാക്കുന്നതും ചർച്ചയായി.
ബാണാസുര അഡ്വഞ്ചർ ടൂറിസവും, പുതുശ്ശേരി, വാരാമ്പറ്റ എന്നിവിടങ്ങളിൽ എക്കോ ടൂറിസവും വികസിപ്പിക്കുണമെന്നു പൊതുജനങ്ങൾ അഭിപ്രായപ്പെട്ടു. ബാണാസുരമല കേന്ദ്രമാക്കി ആയുർവ്വേദ പ്ലാൻറേഷൻ നിർമിക്കുക, മംഗലശ്ശേരി പെരുംകുളത്ത് ഹെലിപാഡ് നിർമ്മിക്കുക, തരിശുഭൂമി ഉപയോഗപ്പെടുത്തി ആദിവാസി കുടുംബത്തിന് സ്ഥലവും, വീടും നൽകുക, വെള്ളമുണ്ട പഞ്ചായത്തിലെ പിന്നോക്കം നിൽക്കുന്ന ഉന്നതികളിലെ പണിയ വിഭാഗം ആളുകളുടെ അവസ്ഥ പഠിച്ച് പരിഹരിക്കുന്നതിന് പ്രത്യേകം സർവ്വെ നടത്തി അവരുടെ പ്രശ്നം
പരിഹരിക്കുക തുടങ്ങിയ വിവിധ വിഷയങ്ങൾ ഓപ്പൺ ഫോറത്തിൽ ചർച്ച.
വെള്ളമുണ്ട ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുധീ രാധാകൃഷ്ണൻ അധ്യക്ഷയായ പരിപാടിയിൽ തദ്ദേശ സ്വയംഭരണ വകുപ്പ് ജോയിന്റ് ഡയറക്ടർ കെ.കെ വിമൽ രാജ്, മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജസ്റ്റിൻ ബേബി, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ജംഷീർ കുനിങ്ങാരത്ത്, ജില്ലാ പഞ്ചായത്ത് അംഗം കെ.വിജയൻ, ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിങ് കമ്മിറ്റി ചെയർപേഴ്സൺ പി. കല്യാണി, ഗ്രാമപഞ്ചായത്ത് സ്റ്റാന്റിങ് കമ്മിറ്റി ചെയർമാൻമാരായ സീനത്ത് വൈശ്യൻ, ഇ.കെ സൽമത്ത്, സി.എം അനിൽ കുമാർ, ഗ്രാമപഞ്ചായത്ത് അംഗങ്ങൾ, വെള്ളമുണ്ട ഗ്രാമപഞ്ചായത്ത് സെക്രട്ടറി എസി ചന്ദ്രകാന്ത്, അസിസ്റ്റന്റ് സെക്രട്ടറി
സി. കുമാരൻ, ജില്ലാ ആസൂത്രണ സമിതി അംഗം എ.എൻ പ്രഭാകരൻ, വെള്ളമുണ്ട ഗ്രാമപഞ്ചായത്ത് ആസൂത്രണ സമിതി ഉപാധ്യക്ഷൻ മംഗലശ്ശേരി നാരായണൻ, യുവജന കമ്മീഷൻ അംഗം കെ റഫീഖ്, കുടുംബശ്രീ ചെയർപേഴ്സൺ സജ്ന, എസ്.സി -എസ്.ടി പ്രമോട്ടർമാർ, കുടുംബശ്രീ പ്രവർത്തകർ, ഹരിത കർമ്മസേനാ അംഗങ്ങൾ എന്നിവർ പങ്കെടുത്തു.