+

സംസ്ഥാനത്ത് ഏറ്റവുമധികം തൊഴില്‍ സൃഷ്ടിക്കുന്ന ജില്ലയായി പാലക്കാടിനെ മാറ്റും: മന്ത്രി എം.ബി രാജേഷ്

സംസ്ഥാനത്ത് ഏറ്റവുമധികം തൊഴിൽ സൃഷ്ടിക്കുന്ന ജില്ലയായി പാലക്കാടിനെ മാറ്റിക്കൊണ്ടുവരുമെന്ന് തദ്ദേശ സ്വയംഭരണ എക്സൈസ് പാര്‍ലമെന്ററി കാര്യ വകുപ്പ് മന്ത്രി എം.ബി. രാജേഷ് പറഞ്ഞു.

പാലക്കാട് : സംസ്ഥാനത്ത് ഏറ്റവുമധികം തൊഴിൽ സൃഷ്ടിക്കുന്ന ജില്ലയായി പാലക്കാടിനെ മാറ്റിക്കൊണ്ടുവരുമെന്ന് തദ്ദേശ സ്വയംഭരണ എക്സൈസ് പാര്‍ലമെന്ററി കാര്യ വകുപ്പ് മന്ത്രി എം.ബി. രാജേഷ് പറഞ്ഞു. കേരള നോളജ് ഇക്കോണമി മിഷന്‍ നടപ്പാക്കുന്ന വിജ്ഞാന കേരളം പദ്ധതിയുടെ ഭാഗമായി തൊഴിൽദാതാക്കളുടെ യോഗം പാലക്കാട് കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. സ്ത്രീകളുടെ തൊഴിൽ പങ്കാളിത്തം നിലവിലുള്ള 24 ശതമാനത്തിൽ നിന്ന് 50 ശതമാനമായി ഉയർത്തുമെന്നും ഇതിലൂടെ സംസ്ഥാനത്തിന് മൊത്തം ആഭ്യന്തര ഉൽപ്പാദനത്തിൽ വൻ മുന്നേറ്റം കൈവരിക്കാനാവുമെന്നും മന്ത്രി പറഞ്ഞു. വിജ്ഞാന കേരളം പദ്ധതിയെ കുടുംബശ്രീയുമായി സഹകരിച്ച് നടപ്പാക്കുന്നതിലൂടെ സ്ത്രീകൾക്ക് തൊഴിൽ അവസരങ്ങൾ വർധിപ്പിക്കാനാണ് സർക്കാർ ഉദ്ദേശിക്കുന്നത്. സ്ത്രീകളുടെ തൊഴിൽ പങ്കാളിത്തം ഉയർത്തുന്നത് സാമ്പത്തിക ഉന്നമനത്തോടൊപ്പം സാമൂഹിക സമത്വത്തിനും നൈപുണ്യ വികസനത്തിനും വഴിയൊരുക്കുമെന്നും മന്ത്രി പറഞ്ഞു. തൊഴിൽ സൃഷ്ടിക്കുന്ന കാര്യത്തിൽ പാലക്കാട് ജില്ലയ്ക്ക് സംസ്ഥാനത്ത് ഒന്നാം സ്ഥാനത്ത് എത്താനാവുമെന്നും മന്ത്രി പറഞ്ഞു.  

കേരളത്തെ ഒരു വിജ്ഞാന സമ്പദ്ഘടനയായി പരിവർത്തനം ചെയ്യുന്നതിനും യുവജനങ്ങളുടെ നൈപുണ്യം വർദ്ധിപ്പിക്കുന്നതിനും വിജ്ഞാന കേരളം പദ്ധതി ഒരു വലിയ കാൽവെപ്പാണെന്ന് യോഗത്തിൽ പങ്കെടുത്ത പദ്ധതി ഉപദേഷ്ടാവ് ഡോ. തോമസ് ഐസക് പറഞ്ഞു. പുതിയ തൊഴിൽ സംസ്കാരം വളർത്തിയെടുക്കുന്നതിലൂടെ സംസ്ഥാനത്തിന്റെ സാമ്പത്തിക വളർച്ചക്ക് ഈ പദ്ധതി വലിയ സംഭാവനകൾ നൽകുമെന്നും, പദ്ധതിയുടെ വിജയത്തിന് സ്വകാര്യ സ്ഥാപനങ്ങളുടെ സഹകരണം അനിവാര്യമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.ജില്ലയിലെ വ്യവസായ, വ്യാപാര സംഘടനാ പ്രതിനിധികള്‍, സംരംഭകര്‍ തുടങ്ങിയവരാണ് യോഗത്തില്‍ പങ്കെടുത്തത്. പദ്ധതിയുമായി സഹകരിച്ച് ജില്ലയിലെ യുവജനങ്ങൾക്ക് മികച്ച തൊഴിലവസരങ്ങൾ നൽകുമെന്ന് അവർ ഉറപ്പുനൽകി. പദ്ധതിയുടെ വിശദാംശങ്ങൾ ചർച്ച ചെയ്യുകയും തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിനുള്ള കർമ്മ പദ്ധതി തയ്യാറാക്കുകയും ചെയ്തു.

തൊഴിൽ ദാതാക്കളെ നേരിൽ കണ്ടും ഭാവിയിൽ ലഭ്യമാകുന്ന തൊഴിലവസരങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ ശേഖരിച്ചും ജില്ലാതല പ്രവർത്തനങ്ങൾ മുന്നോട്ടുകൊണ്ടുപോകാനുള്ള നയപരിപാടികള്‍ക്ക് യോഗം രൂപം നല്‍കി. പദ്ധതിയുടെ ആദ്യ ഘട്ടമായി ജില്ലയിൽ രണ്ടു തൊഴിൽ മേളകൾ നടത്തും. ആദ്യ തൊഴിൽ മേള ഈ മാസം 27-ന് നടക്കും. തൊഴില്‍ സൃഷ്ടിക്കുന്നതിന്റെ ഭാഗമായി കോയമ്പത്തൂരിലെ വ്യവസായികളുടെ പ്രത്യേക യോഗം സംഘടിപ്പിക്കാനും തീരുമാനിച്ചിട്ടുണ്ട്. തൊഴിലവസരങ്ങൾ വിപുലപ്പെടുത്തുന്നതിനും സ്ത്രീകളുടെ പങ്കാളിത്തം വർധിപ്പിക്കുന്നതിനുമായി കുടുംബശ്രീയുമായി ചേർന്ന് പദ്ധതിയുടെ പ്രവർത്തനങ്ങൾ വ്യാപിപ്പിക്കാനും തീരുമാനമായി.യോഗത്തിൽ എ. പ്രഭാകരൻ എം.എൽ.എ, ജില്ലാ കളക്ടർ എം.എസ്. മാധവിക്കുട്ടി, അസി. കളക്ടർ രവി മീണ, തദ്ദേശ വകുപ്പ് ജോയിന്റ് ഡയറക്ടർ, വിജ്ഞാന കേരളം ഉപദേഷ്ടാവ് ഡോ. പി. സരിൻ, ജില്ലാ കോ-ഓർഡിനേറ്റർ കല്യാണകൃഷ്ണൻ തുടങ്ങിയവർ പങ്കെടുത്തു.

facebook twitter