
കോഴിക്കോട് :കെ സ്മാര്‍ട്ട് പദ്ധതി വഴി മുഴുവന്‍ തദ്ദേശ സ്ഥാപനങ്ങളിലെയും സേവനങ്ങള്‍ ഡിജിറ്റലായി ലഭ്യമാക്കുന്നതിലൂടെ ജനങ്ങള്‍ക്ക് ഓഫീസുകള്‍ കയറിയിറങ്ങേണ്ടതില്ലാത്ത സാഹചര്യമൊരുക്കുകയാണ് സര്‍ക്കാറിന്റെ ലക്ഷ്യമെന്ന് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം ബി രാജേഷ്. ഒളവണ്ണ ഗ്രാമപഞ്ചായത്ത് വികസന സദസ്സ് ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. പ്രവര്‍ത്തനങ്ങള്‍ വേഗത്തിലും ചട്ടപ്രകാരവും നടത്താനും സമയലാഭം, ധനലാഭം എന്നിവക്കും കെ സ്മാര്‍ട്ട് പദ്ധതി വഴിയൊരുക്കുമെന്നും അദ്ദേഹം പറഞ്ഞു. മാത്തറ ഇ.എം.എസ് ഹാളില്‍ നടന്ന പരിപാടിയില്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അഡ്വ. പി ശാരുതി അധ്യക്ഷയായി. പി ടി എ റഹീം എംഎല്‍എ മുഖ്യാതിഥിയായി.
സംസ്ഥാന സര്‍ക്കാറിന്റെയും ഗ്രാമപഞ്ചായത്തിന്റെയും വികസന നേട്ടങ്ങളുടെ അവതരണം, വികസന രേഖ ഫോട്ടോ പ്രദര്‍ശനം, വിവിധ സ്റ്റാളുകള്‍, ഹരിത കര്‍മസേന അംഗങ്ങളെയും ഒളവണ്ണ ഗ്രാമപഞ്ചായത്ത് മുന്‍ മെമ്പര്‍ ദേവകിയെയും ആദരിക്കല്‍, കെ സ്മാര്‍ട്ട് ക്ലിനിക്ക്, ചര്‍ച്ച എന്നിവ വികസന സദസ്സിന്റെ ഭാഗമായി നടന്നു.
ഒളവണ്ണ ഗ്രാമപഞ്ചായത്തില്‍ ബസ്സ്റ്റാന്‍ഡും ശ്മശാനവും നിര്‍മിക്കാന്‍ നടപടിയെടുക്കുക, വെള്ളക്കെട്ടിന് പരിഹാരമായി ഓവുചാലുകള്‍ നിര്‍മിക്കുക, പഞ്ചായത്തിന്റെ തനത് ഫണ്ട് ഉപയോഗിച്ച് റോഡുകളുടെ ശോച്യാവസ്ഥ പരിഹരിക്കുക, അങ്കണവാടികള്‍ പുതുക്കിപ്പണിത് സ്മാര്‍ട്ടാക്കുക, അങ്കണവാടികളില്‍ വൈഫൈ കണക്ഷനും കമ്പ്യൂട്ടറും ലഭ്യമാക്കുക, ആര്‍ട്ട് ഗ്യാലറിയും ഡ്രാമ തിയേറ്ററും നിര്‍മിക്കുക, ബ്ലഡ് സ്റ്റോറേജ് സംവിധാനം ഒരുക്കുക തുടങ്ങിയ വിഷയങ്ങള്‍ ചര്‍ച്ചയില്‍ ഉയര്‍ന്നു.
റിസോഴ്സ് പേഴ്സണ്‍ രാഗേഷ് സംസ്ഥാന സര്‍ക്കാറിന്റെയും ഗ്രാമപഞ്ചായത്ത് സെക്രട്ടറി എം ശരീഫ ഗ്രാമപഞ്ചായത്തിന്റെയും വികസന റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ഡിഎംഒ ഡോ. അബ്ദുല്‍ സലാം, ജില്ലാ പഞ്ചായത്ത് അംഗം രാജീവ് പെരുമണ്‍പുറ, ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷന്‍ രവി പറശ്ശേരി, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ജയപ്രശാന്ത്, സ്ഥിരംസമിതി അധ്യക്ഷരായ പി മിനി, പി ബാബുരാജന്, എം സിന്ധു, ആസൂത്രണ സമിതി വൈസ് ചെയര്മാന് കെ കെ ജയപ്രകാശന്‍, അംഗങ്ങളായ കെ തങ്കമണി, കെ ബൈജു, ബാബു പറശ്ശേരി, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.