അദാലത്തുകൾ ജനങ്ങളെക്കൂടി ഭരണപ്രക്രിയയിൽ പങ്കാളികളാക്കുന്ന പ്രവർത്തനം: മന്ത്രി പി പ്രസാദ്

08:45 PM Jan 14, 2025 | AVANI MV

ആലപ്പുഴ :  ജനങ്ങളെക്കൂടി ഭരണപ്രക്രിയയിൽ പങ്കാളികളാക്കുന്ന പ്രവർത്തനമാണ് അദാലത്തുകളെന്ന് കൃഷിവകുപ്പ് മന്ത്രി പി പ്രസാദ് പറഞ്ഞു.
ജനാധിപത്യത്തിൽ ജനങ്ങളാണ് യജമാനന്മാർ. ജനങ്ങൾക്ക് പ്രാധാന്യം നൽകുന്ന പ്രവർത്തനമാണ് അദാലത്തുകൾ.പരാതിക്കാരും ഉദ്യോഗസ്ഥരും മന്ത്രിമാരും ഒരുമിച്ചിരുന്ന് പ്രശ്നങ്ങൾക്ക് പരിഹാരം കാണാനുള്ള കൂട്ടായ ശ്രമമാണ് അദാലത്തില്‍ നടക്കുന്നത്. മാവേലിക്കര താലൂക്ക് അദാലത്ത് മാവേലിക്കര ബിഷപ്പ് ഹോഡ്ജസ് ഹയർസെക്കൻഡറി സ്കൂൾ ഓഡിറ്റോറിയത്തിൽ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി.

നിയമത്തിനും ചട്ടത്തിനും അനുസരിച്ച് കാലതാമസം കൂടാതെ പ്രവർത്തിക്കാനും ജനങ്ങളെ സഹായിക്കാനും ഉദ്യോഗസ്ഥർക്ക് കഴിയണം. നിയമവും ചട്ടവും ജനങ്ങളെ സഹായിക്കാനാണ്, ദ്രോഹിക്കാനല്ല. ഒരുഫയലും അനാവശ്യമായി വെച്ചു താമസിപ്പിക്കരുത്. കാലതാമസം അഴിമതി തന്നെയാണ്. ജില്ലയിലെ അഞ്ച് അദാലത്തുകൾ പൂർത്തിയായപ്പോൾ ആയിരക്കണക്കിന് കുടുംബങ്ങളുടെ ദീർഘകാലമായമുള്ള പ്രശ്നങ്ങൾക്ക് പരിഹാരമായി. പരാതികളിൽ 80 ശതമാനവും പരിഹരിക്കാനായി. അദാലത്തിലെ രീതികൾക്കനുസരിച്ച് ഓഫീസുകൾ തുടർന്നും പ്രവർത്തിക്കണമെന്നും മന്ത്രി പറഞ്ഞു.

എം.എസ്.അരുൺകുമാർ എം.എൽ.എ അധ്യക്ഷത വഹിച്ചു. ജനങ്ങൾക്ക് വേണ്ടി പ്രവർത്തിക്കുന്ന സർക്കാറാണിതെന്നും അവരുടെ ആവശ്യങ്ങൾ സാധിച്ചു കൊടുത്തും പ്രശ്നങ്ങൾ പരിഹരിച്ചുമാണ് സർക്കാർ മുന്നോട്ടു പോകുന്നതെന്നും അദ്ദേഹം പറഞ്ഞു.ഉദ്ഘാടന സമ്മേളനത്തിൽ 17 റേഷൻ കാർഡുകളും വർഷങ്ങളായി കരം അടക്കാൻ കഴിയാതിരുന്നവരുടെ കരം അടവ് രസീതുകളും അവകാശ സർട്ടിഫിക്കറ്റുകളും അദാലത്തിൽ പങ്കെടുത്ത മന്ത്രിമാരായ പി.പ്രസാദ്, സജി ചെറിയാൻ എന്നിവരുടെ  നേതൃത്വത്തിൽ വിതരണം ചെയ്തു.

ഉദ്ഘാടന സമ്മേളനത്തിൽ  ജില്ലാ കളക്ടർ അലക്സ് വർഗീസ്, എ.ഡി.എം.ആശ സി.എബ്രഹാം, മാവേലിക്കര മുനിസിപ്പൽ ചെയർപേഴ്സൺ കെ.വി.ശ്രീകുമാർ, തഹസിൽദാർ ടി എസ് ഗീതാകുമാരി,  ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമാരായ ഇന്ദിര ദാസ്, രജനി എസ്, ഡെ. കളക്ടര്‍  എച്ച് രൂപേഷ്, ആർ.ഡി.ഒ ജെ.മോബി,
ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ സി.സുധാകരക്കുറുപ്പ്, ഡോ.കെ.മോഹൻകുമാർ, വിജയമ്മ ഫിലേന്ദ്രൻ, ഷീബ സതീഷ്, സ്വപ്ന സുരേഷ്, ബി. വിനോദ്, കെ.ആർ.അനിൽകുമാർ, ജി. വേണു, ഡി. രോഹിണി, കെ.ദീപ, ജില്ലാ പഞ്ചായത്ത് അംഗങ്ങളായ നികേഷ് തമ്പി, കെ.ജി.സന്തോഷ്, അഡ്വ. ബി. തുഷാര, ജി. ആതിര, മഞ്ജുള ദേവി,  നഗരസഭാ കൗൺസിലർ ശാന്തി അജയൻ എന്നിവർ പങ്കെടുത്തു.

ഉദ്ഘാടന സമ്മേളനത്തിന് ശേഷം ഫിഷറീസ്, സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ,  കൃഷിവകുപ്പ് മന്ത്രി പി പ്രസാദ്  എന്നിവരുടെ
നേതൃത്വത്തിൽ 10 മണിയോടെ അദാലത്ത് ആരംഭിച്ചു. 315 അപേക്ഷകളാണ് അദാലത്തില്‍  പരിഗണിക്കുന്നത്. അദാലത്ത് ദിവസം ഏത് വകുപ്പുമായി ബന്ധപ്പെട്ട പരാതികളിലും നിയമവും ചട്ടങ്ങളും പരിശോധിച്ച് തീര്‍പ്പുകല്‍പ്പിക്കാനുള്ള പ്രത്യേക അധികാരം മന്ത്രിമാര്‍ക്ക് സര്‍ക്കാര്‍ നല്‍കിയിട്ടുണ്ട്. പുതിയ അപേക്ഷകള്‍ സ്വീകരിക്കാനും അദാലത്ത് വേദിയില്‍ സൗകര്യം ഒരുക്കിയിട്ടു. അദാലത്തിന് എത്തുന്നവർക്കായി റിസപ്ഷന്‍, അന്വേഷണ കൗണ്ടറുകള്‍, കുടിവെള്ളം, ലഘുഭക്ഷണം, വൈദ്യസേവനം തുടങ്ങിയ സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്. ഹരിതചട്ടം പാലിച്ചുകൊണ്ടാണ് അദാലത്ത് സംഘടിപ്പിക്കുന്നത്.