കൊച്ചി: സര്‍ക്കാരിന്റെ ദൈനംദിന പ്രവര്‍ത്തനങ്ങള്‍ ജനോപകാരപ്രദമായ രീതിയില്‍ ലളിതവത്കരിക്കാന്‍ ജെന്‍ എഐ അടക്കമുള്ള നിര്‍മ്മിത ബുദ്ധി ഉപയോഗിക്കുന്നതിന്റെ സാധ്യതകള്‍ തേടുമെന്ന് വ്യവസായമന്ത്രി പി രാജീവ് പറഞ്ഞു. ഇന്‍ഫോപാര്‍ക്ക് ഫേസ് ഒന്നിലെ ഐബിഎം കൊച്ചി കാമ്പസില്‍ ഏര്‍പ്പെടുത്തിയ ഇക്കോസിസ്റ്റം ഇന്‍കുബേഷന്‍ സെന്റര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
സര്‍ക്കാരിന്റെ ദൈനംദിന പ്രവര്‍ത്തനങ്ങളില്‍ നിര്‍മ്മിത ബുദ്ധി ഏര്‍പ്പെടുത്തുന്നതിന് വ്യക്തമായ ധാരണയും കൂടിയാലോചനകളും ആവശ്യമാണെന്ന് മന്ത്രി ചൂണ്ടിക്കാട്ടി. സ്വകാര്യത, ഡാറ്റാ സുരക്ഷ എന്നിവയില്‍ വിട്ടുവീഴ്ചയില്ലാതെയാകും ഇത് ഏര്‍പ്പെടുത്തുന്നത്. ജനങ്ങള്‍ക്ക് ഏറെ ഉപകാരപ്രദമാകും ഈ മാറ്റമെന്നും മന്ത്രി ചൂണ്ടിക്കാട്ടി.
വ്യവസായമേഖലയില്‍ എഐ ഏര്‍പ്പെടുത്താനായി സര്‍ക്കാര്‍ ഇന്‍ഡ്സ്ട്രി ജെന്‍എഐ 4.0 എന്ന കരട് നിര്‍ദ്ദേശം തയ്യാറാക്കിയിട്ടുണ്ട്. വ്യവസായമേഖലയുടെ പ്രതികരണം കൂടിയറിഞ്ഞതിനു ശേഷം അതുമായി ബന്ധപ്പെട്ട തീരുമാനം ഉണ്ടാകുമെന്നും മന്ത്രി പറഞ്ഞു.
ലോകത്തിലെ ഐബിഎം കാമ്പസുകളില്‍ ഏറ്റവും വേഗത്തില്‍ വളരുന്ന ഒന്നാണ് കൊച്ചിയിലേത്. കേരളത്തിലെ പുരോഗമനപരമായ സാമൂഹ്യസാഹചര്യം സ്വതന്ത്രചിന്തയെയും ശാസ്ത്രബോധത്തെയും പ്രോത്സാഹിപ്പിക്കുന്നതായതിനാല്‍ ഇനോവേഷന്‍ വലിയ സാധ്യതയാണുള്ളത്. കേരളത്തിലെ 16 കോളേജുകള്‍ രാജ്യത്തെ മികച്ച നൂറ് കോളേജുകളുടെ പട്ടികയിലെത്തി. മൂന്ന് സര്‍വകലാശാലകള്‍ ആദ്യ 20 ലുണ്ടെന്നും മന്ത്രി പറഞ്ഞു.
നൈപുണ്യം, പ്രവര്‍ത്തനമികവ് എന്നതാണ് കേരളത്തില്‍ കണ്ടെത്തിയ മെച്ചമെന്ന് ഐബിഎമ്മിന്റെ സീനിയര്‍ വൈസ്പ്രസിഡന്റ് ദിനേശ് നിര്‍മ്മല്‍ പറഞ്ഞു. കേരളത്തിലെ ഗതാഗത കണക്ടിവിറ്റി മറ്റ് സ്ഥലങ്ങളെ അപേക്ഷിച്ച് മികച്ചതാണ്. മാത്രമല്ല, കേരളത്തിലെ മികച്ച ഐടി ആവാസവ്യവസ്ഥയെ പൂര്‍ണമായും ഉപയോഗപ്പെടുത്താനാണ് ഇന്‍കുബേഷന്‍ സെന്റര്‍ ആരംഭിച്ചതെന്നും അദ്ദേഹം പറഞ്ഞു.
ഡീപ് ടെക് ഹോട്ട്സ്പോട്ടായി കൊച്ചി അതിവേഗം മാറിക്കൊണ്ടിരിക്കുകയാണെന്ന് ദിനേശ് നിര്‍മ്മല്‍ പറഞ്ഞു. പ്രാദേശിക സഹകരണം, നൈപുണ്യ വികസനം, സഹകരിച്ചുള്ള ഇനോവേഷന്‍ എന്നിവയോടുള്ള പ്രതിബദ്ധത ഐബിഎം എക്കോസിസ്റ്റം ഇന്‍കുബേഷന്‍ സെന്ററിലൂടെ വര്‍ദ്ധിപ്പിക്കുകയാണ്. കേരള സ്റ്റാര്‍ട്ടപ്പ് മിഷന്, ഇന്‍ഫോപാര്‍ക്ക്, ടെക്നോപാര്‍ക്ക്, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തുടങ്ങിയവയുമായി ഇന്‍കുബേഷന്‍ സെന്റര്‍ സഹകരിക്കും. ഇതിലൂടെ ഉപഭോക്താക്കളുടെ ഹൈബ്രിഡ് ക്ലൗഡ്, എഐ ആവശ്യങ്ങള്‍ പരിഹരിക്കുന്നതിനായി സോഫ്റ്റ്വെയര് സൊല്യൂഷനുകളുടെ വികസനമാണ് ലക്ഷ്യമിടുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ജെന്‍ എഐ, അജെന്റിക് എഐ എന്നിവയെക്കുറിച്ചുള്ള സിമ്പോസിയവും ഇതോടൊപ്പം നടന്നു.
വ്യവസായവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി എപിഎം മുഹമ്മദ് ഹനീഷ്
കെഎസ്ഐഡിസി എംഡി മിര്‍ മുഹമ്മദ് അലി, ഐബിഎം ഇന്ത്യാ വൈസ് പ്രസിഡന്റ് വിശാല്‍ ചഹല്‍, ഇന്‍ഫോപാര്‍ക്ക് സിഇഒ സുശാന്ത് കുറുന്തില്‍, വ്യവസായ സംഘടനാ പ്രതിനിധികള്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.