രാജ്യത്തേറ്റവുമധികം സർക്കാർ നിയമനങ്ങൾ നടക്കുന്നത് കേരളത്തിലാണെന്ന് പൊതുമരാമത്ത്, ടൂറിസം വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ്. വിഷൻ 2031-ന്റെ ഭാഗമായി യുവജന ക്ഷേമകാര്യ വകുപ്പിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച യുവജന സെമിനാർ കോഴിക്കോട് മുഹമ്മദ് അബ്ദുറഹ്‌മാൻ മെമ്മോറിയൽ ഹാളിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. പിഎസ്സിയിലൂടെ 2016 മുതൽ 2,94,960 നിയമനങ്ങളാണ് നടത്തിയത്. 2021 മെയ് മുതൽ 1,33,692 നിയമന ശിപാർശകൾ നൽകിയെന്നും ഇത് സർവകാല റെക്കോർഡാണെന്നും മന്ത്രി കൂട്ടിച്ചേർത്തു. സംരംഭ മേഖലയിലും ഐടി മേഖലയിലും സംസ്ഥാനത്ത് വലിയ കുതിച്ച് ചാട്ടമുണ്ടായി. 2016-ൽ 702 ഐടി കമ്പനികൾ ഉണ്ടായിരുന്നതിൽ നിന്നും 1,156 ആയി. 300 സ്റ്റാർട്ടപ്പുകളിൽ നിന്ന് 6,400 ലേക്ക് ഉയർന്നു. സ്റ്റാർട്ടപ്പുകൾ വഴി കഴിഞ്ഞ ഒൻപത് വർഷത്തിനിടയിൽ 6,000 കോടി രൂപയുടെ നിക്ഷേപം കേരളത്തിനുണ്ടായതായും മന്ത്രി പറഞ്ഞു.
കേരളത്തിലെ യുവജനങ്ങൾക്ക് പുതിയ കാര്യങ്ങൾ പഠിക്കാനും സ്വയം നവീകരിക്കാനും സാധിക്കുന്നുണ്ട്. കേരളത്തിന്റെ വികസന പക്രിയയിലും പ്രതിസന്ധി ഘട്ടങ്ങളിലും പുനർനിർമാണത്തിലും നിർണായകമായ പങ്ക് വഹിക്കാനും അവർക്കായിട്ടുണ്ട്. അവനവനിലേക്ക് ഒതുങ്ങുന്ന യുവത്വത്തെ കൂട്ടായ്മകളുടെ ഭാഗമാക്കാനും കരുത്തുള്ളവരാക്കാനുമുള്ള ചർച്ചകൾ ഉണ്ടാവണമെന്നും മന്ത്രി പറഞ്ഞു. സെമിനാറിൽ യുവജനകാര്യ വകുപ്പ് മന്ത്രി സജി ചെറിയാൻ അധ്യക്ഷത വഹിച്ചു.
ചടങ്ങിൽ എംഎൽഎ മാരായ അഹമ്മദ് ദേവർ കോവിൽ, തോട്ടത്തിൽ രവീന്ദ്രൻ, ലിന്റോ ജോസഫ്, അഡ്വ. കെ എം സച്ചിൻ ദേവ്, സബ് കളക്ടർ എസ് ഗൗതം രാജ്, കണ്ണൂർ സിറ്റി പോലീസ് കമ്മിഷ്ണർ നിധിൻ രാജ്, യുവജന കമ്മീഷൻ ചെയർപേഴ്സൺ എം ഷാജർ, യുവജന യുവജന ക്ഷേമ ബോർഡ് വൈസ് ചെയർപേഴ്സൻ വി കെ സനോജ്, യുവജന കമ്മീഷൻ അംഗം പി സി ഷൈജു, യുവജന ക്ഷേമ ബോർഡ്, യുവജന കമ്മീഷൻ അംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു.
സുസ്ഥിര വികസനം, നവീകരണം- യുവാക്കളുടെ പങ്ക്, പുതിയ കാലം- തൊഴിൽ ശാസ്ത്ര സാങ്കേതിക മേഖലയിലെ നൈപുണ്യ വികസനം എന്നീ വിഷയങ്ങളിൽ സെമിനാർ നടന്നു. വിവിധ ജില്ലകളിൽ നിന്നായി 33 മേഖലകളിൽ നിന്നുള്ള 600 ലധികം യുവജനങ്ങൾ സെമിനാറിൽ പങ്കെടുത്തു.